ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 29, 2020

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കൂടി കോവിഡ്. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,531,669(ജൂലൈ 25 വരെയുള്ള കണക്ക്: 1,483,156)

മരണം : 34,193(ജൂലൈ 25 വരെയുള്ള കണക്ക്: 33,425)

ലോകത്ത് ഇതുവരെ

രോഗികള്‍: 16,682,030 (ഇന്നലെ വരെയുള്ള കണക്ക്: 16,481,230)

മരണം: 659,374 (ഇന്നലെ വരെയുള്ള കണക്ക്: 654,052 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,925രൂപ (ഇന്നലെ 4,900 രൂപ )

ഒരു ഡോളര്‍: 74.86 രൂപ (ഇന്നലെ: 74.89 രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude41.45+0.41
Brent Crude43.75+0.53
Natural Gas1.782-0.018

ഓഹരിവിപണിയില്‍ ഇന്ന്

അടുത്ത കാലത്തായി വിപണിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐറ്റി കമ്പനി ഓഹരികള്‍ എന്നിവയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായപ്പോള്‍ ഇന്ന് വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 422 പോയ്ന്റ് അഥവാ ഒരു പോയ്ന്റ് ഇടിഞ്ഞ് 38,071 തലത്തിലെത്തി. നാല് ശതമാനത്തോളമാണ് ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടിഞ്ഞത്. നാലര ശതമാനം നേട്ടത്തോടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിഫ്റ്റി 98 പോയ്ന്റ് അഥവാ 0.86 ശതമാനം താഴ്ന്ന് 11,203ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. നിഫ്റ്റി ഫാര്‍മ സൂചികയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക മുന്നേറിയപ്പോള്‍ നിഫ്റ്റി ഓട്ടോ സൂചിക ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഡസനോളം കമ്പനികള്‍ നഷ്ടത്തിലായിരുന്നു. നിറ്റ ജെലാറ്റിനാണ് ശതമാനക്കണക്കില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്ന് 129 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്സും ഹാരിസണ്‍സ് മലയാളവും ഇന്ന് നാല് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ഏവിറ്റിയാണ് ഇന്ന് കൂടുതല്‍ നഷ്ട(19.67 ശതമാനം)മുണ്ടാക്കിയത്. കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് ഒഴികെ മറ്റെല്ലാം നേട്ടത്തിലായിരുന്നു.

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

റഫാല്‍ ഇന്ത്യയില്‍ എത്തി; കരുത്തു കൂട്ടി വ്യോമസേന

ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്കായി അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി.

പ്രതിവര്‍ഷം 1000 പുതിയ സംരംഭങ്ങള്‍; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കുറിച്ച് അറിയാം

സംസ്ഥാനത്ത് പുതിയ സംരംഭകരെ വാര്‍ത്തെടുക്കാന്‍ നൂതന പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി എന്ന പേരിലുള്ള ഈ പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് നടപ്പാക്കുക. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും വിദേശത്തു നിന്ന് തിരിച്ചെത്തിവര്‍ക്കും കേരളത്തില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റിസര്‍വ് ബാങ്കിന്റെ അയഞ്ഞ നയം ആപത്ത്: മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ

സാമ്പത്തിക സ്ഥിരതയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള ചില കടുത്ത നടപടികളില്‍ വെള്ളം ചേര്‍ക്കുന്ന റിസര്‍വ് ബാങ്ക് നടപടി രാജ്യത്തിനു ദോഷകരമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ. പണപ്പെരുപ്പത്തിന്റെ നിശ്ചിത ലക്ഷ്യം ദുര്‍ബലമാക്കുന്ന മിച്ച പണലഭ്യതാ നയം മൂലം ഗോള്‍ പോസ്റ്റ് മാറ്റി പ്രതിഷ്ഠിക്കപ്പെടുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. സഹിഷ്ണുത മുന്‍നിര്‍ത്തിയുള്ള റിസര്‍വ് ബാങ്ക് നടപടികള്‍ അമിതമായതായി ആചാര്യ ചൂണ്ടിക്കാട്ടി. ഐബിസി (ഇന്‍സോള്‍വെന്‍സി & പാപ്പരത്വ കോഡ്) യുമായി ബന്ധപ്പെട്ട് സമയബന്ധിതമായി യാതൊന്നും ചെയ്യുന്നില്ല.

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് മുടക്കുന്നത് 27000 കോടി?

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ ആസ്തികള്‍ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുടക്കുക 24000-27000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇരു കമ്പനികളുടെ പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കടബാധ്യതകള്‍ അടക്കമാണിത്.

ജിയോ ഫൈബറില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി നിക്ഷേപിച്ചേക്കും

ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ജിയോ ഫൈബറില്‍ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും. ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ദിവസത്തേക്ക് കനത്ത മഴ; എട്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കുന്നു

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ എട്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നെയ്യാര്‍ (തിരുവനന്തപുരം), ഭൂതത്താന്‍കെട്ട് (എറണാകുളം), മലങ്കര (ഇടുക്കി), ശിരുവാണി, മൂലത്തറ (പാലക്കാട്), കാരാപ്പുഴ (വയനാട്), കുറ്റ്യാടി (കോഴിക്കോട്), പഴശ്ശി (കണ്ണൂര്‍) എന്നീ അണക്കെട്ടുകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് വെള്ളം ഒഴുക്കിവിടുന്നത്.രണ്ടു ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പുള്ളത്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്നാക്കും

രാജ്യത്തെ വിദ്യാഭ്യാസ രീതി അടിമുടി മാറ്റുന്നു. ഇതുസംബന്ധിച്ച കരട് വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നിലവില്‍ വന്നാല്‍ യു പി ,ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി രീതി ഇല്ലാതാകും. 18 വര്‍ഷം കൊണ്ട് നാല് ഘട്ടങ്ങളിലായാണ് വിദ്യാഭ്യാസം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമാക്കാനും തീരുമാനമാനിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വതന്ത്ര സമിതി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യത്ത് ഇലക്ട്രോണിക് കമ്മീഷനെ നിയോഗിക്കും. തടസ്സങ്ങള്‍ നീക്കി രാജ്യത്തെ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണം അതിവേഗത്തില്‍ വളര്‍ച്ചനേടുന്നതിന് സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണം;പവന് വില 40,000 ത്തിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു.പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. ജൂലായില്‍ ഇതുവരെ 3,600 രൂപയുടെ വര്‍ധനയാണ് കേരളത്തില്‍ പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. 2019 ജൂലായ് 28-ന് പവന്‍ വില 25,760 രൂപയായിരുന്നു.

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കനത്ത നഷ്ടം; വരുമാനം 35,000 കോടി രൂപ വരെ ഇടിയും

പാസഞ്ചര്‍ ട്രെയിന്‍ വിഭാഗത്തില്‍ 30,000-35,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. കോവിഡ് -19 മഹാമാരിയെത്തുടര്‍ന്ന് ട്രെയിന്‍ യാത്രകള്‍ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ.

Money Tok: കോവിഡിന് വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ടോ?

നിലവില്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയില്‍ തുടങ്ങുന്ന പരിശോധനാ നിരക്കുകളാണ് ഉള്ളത്. എന്നാല്‍ നേരിട്ട് എത്തി കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളില്‍ നിന്ന് എത്ര തുക ഈടാക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ അവസരത്തിലാണ് കോവിഡ് കെയര്‍ പോലുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ചിലര്‍ക്കെങ്കിലും സംശയമാണ് നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സിന് കോവിഡ് പരിരക്ഷ ലഭിക്കുമോ എന്നത്. അത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ് നല്‍കുന്നത്. കേള്‍ക്കാം.

Wednesday Wanderings: ദി ഫ്രഞ്ച് കണക്ഷന്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it