ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 1, 2020

ഇന്ന് 57 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. ഇന്ന് 18 പേര്‍ നെഗറ്റീവായി. ഇന്ന് പോസിറ്റീവായതില്‍ 55 പേരും പുറത്തു നിന്നു വന്നവരാണ്.അതില്‍ 27 പേര്‍ വിദേശത്തു നിന്നെത്തിയവരും. കാസര്‍കോട്- 14, മലപ്പുറം-14 തൃശ്ശൂര്‍- 9,കൊല്ലം-5, പത്തനംതിട്ട- 4,തിരുവനന്തപുരം- 3, എറണാകുളം- 3, ആലപ്പുഴ- 2, പാലക്കാട്- 2, ഇടുക്കി- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറും. ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ച് ഹോട്ട്സ്പോട്ടുകള്‍ ഉള്‍പ്പെടുത്തി. ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് വിദേശത്ത് മരിച്ചത്.

ഇന്ത്യയില്‍

രോഗികള്‍ :190535 (ശനിയാഴ്ച 165,799 )

മരണം : 5394 (ശനിയാഴ്ച 4,706)

ലോകത്ത്

രോഗികള്‍: 6194508 (ശനിയാഴ്ച 5,808,946 )

മരണം: 372501 (ശനിയാഴ്ച 360,308 )

ഓഹരി വിപണിയില്‍ ഇന്ന്

സെന്‍സെക്‌സ് 879.42 പോയ്ന്റ് ഉയര്‍ന്ന് 33,303.52 ലും നിഫ്റ്റി 245.85 പോയ്ന്റ് ഉയര്‍ന്ന് 9826.15 ലും ക്ലോസ് ചെയ്തു. ലോക്ക് ഡൌൺ ചട്ടങ്ങളിലെ ഇളവും ആഗോള വിപണികളുടെ കരുത്തുറ്റ പ്രകടനവും തുണയായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ നാലെണ്ണമൊഴികെ ബാക്കിയെല്ലാം ഉയര്‍ച്ച രേഖപ്പെടുത്തി. ധനകാര്യ മേഖലയില്‍ ജിയോജിത്ത് ഫിന്‍ഷ്യാല്‍ സര്‍വീസസ് ഒഴികെ എല്ലാ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. ശതമാനക്കണക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഈ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം:4360 (ശനിയാഴ്ച 4,320 രൂപ )

ഒരു ഡോളര്‍ : 75.29 (ശനിയാഴ്ച 75.62 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 34.83 -0.44
Brent Crude 37.88 2.57
Natural Gas 1.350 -0.01

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം

സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമെ ഈ മേഖലകളില്‍ ഉള്ളവര്‍ക്ക് യാത്രാനുമതി ഉണ്ടാവൂ. ഇത്തരം ആവശ്യങ്ങള്‍ക്കായി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങണം.കണ്ടെയ്മെന്റ് സോണുകളില്‍ ഇന്നത്തെ നിലയിലുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും ജോലിക്കെത്തി മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള പ്രത്യേക പാസ് നല്‍കും. പൊതുമരാമത്ത് ജോലികള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസം കാലാവധിയുള്ള പാസ് നല്‍കും. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന മറ്റുള്ളവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസെടുക്കണം.

കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയില്‍ വിവാഹ ചടങ്ങുകള്‍ നടത്താം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പതു പേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും അമ്പതു പേര്‍ എന്ന നിലയില്‍ വിവാഹചടങ്ങുകള്‍ക്ക് മാത്രമായി അനുമതി നല്‍കും. വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലൈയിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നാല്‍ അപകടം കൂടുതലാണ്.

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ അനുവദിക്കും

കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കും. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കുമെന്നും യാത്രക്കാര്‍ക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. ബസിന്റെ വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സര്‍വീസ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് നോര്‍ക്ക റൂട്ട്സ്

ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക് ഡൗണണ്‍ മൂലം നാട്ടില്‍ കുടുങ്ങിയവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് സഹായം നല്‍കുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നല്‍കുന്നത്. സത്യവാങ്മൂലം നല്‍കിയാല്‍ ബന്ധുക്കളുടെ അക്കൗണ്ടിലും തുക കൈമാറും.

നിര്‍മല സീതാരാമനു പകരം കെ വി കാമത്ത് ധനമന്ത്രിയാകുമെന്ന് അഭ്യൂഹം

കേന്ദ്രമന്ത്രിസഭയില്‍ വലിയ അഴിച്ചുപണിയുണ്ടായേക്കാമെന്ന സൂചന വീണ്ടും ശക്തം. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെ തല്‍സ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നു റിപ്പോര്‍ട്ടുണ്ട്. ബ്രിക്സിന്റെ വികസന ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ വി കാമത്തിന്റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നന്ദന്‍ നിലേകനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു

ഓഹരി സൂചികകള്‍ കുതിച്ചത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 75.29 നിലവാരത്തിലേക്ക് ഉയര്‍ന്നു.കഴിഞ്ഞ വ്യാപാരദിനത്തില്‍ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. രണ്ടു മാസം നീണ്ടുനിന്ന അടച്ചിടലില്‍നിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ചൈന

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയന്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര തലത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം.

റദ്ദാക്കിയ വിമാനങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ

ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ യാത്രാ വിമാനങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റിന്റെ കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനക്കമ്പനികളില്‍ നിന്ന് ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്യുന്നത്.

അര്‍ദ്ധസൈനിക കാന്റീനുകളില്‍ ഇനി സ്വദേശി മാത്രം

ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് മൈക്രോവേവ് ഓവനുകള്‍, പാദരക്ഷകള്‍ എന്നിവയുള്‍പ്പെടെ ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ജൂണ്‍ ഒന്ന് മുതല്‍ സായുധ പോലീസ് സേന കാന്റീനുകള്‍ വഴി വില്‍ക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു.

രാജ്യത്ത് ഈവര്‍ഷം മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചുവെന്നും ഈ വര്‍ഷം മണ്‍സൂണ്‍ ഇന്ത്യയില്‍ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ. എം. മോഹന്‍പാത്ര പറഞ്ഞു. ഈ വര്‍ഷം രാജ്യത്ത് സാധാരണ മഴക്കാലമായിരിക്കും. ശരാശരി 96 മുതല്‍ 104 ശതമാനം കാലവര്‍ഷം ലഭിക്കും.

ജിയോ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്കെതിരെ പേ ടിഎം കോടതിയില്‍

പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേ ടിഎം ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വൊഡാഫോണ്‍ എന്നവര്‍ക്കെതിരെ കോടതിയെ സമീപിച്ചു. പേ ടിഎമ്മിനോട് സാദൃശ്യമുള്ള പേരില്‍ എസ്എംഎസ് പുഷ്ചെയ്ത് ഫിഷിങിന് സഹായിച്ചുഎന്നതാണ് പരാതി. നിരവധി പേര്‍ തട്ടിപ്പിനിരയായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 100 കോടിരൂപ ഇതിലൂടെ നഷ്ടമുണ്ടായതായും പേ ടിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഓണ്‍ലൈന്‍ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കള്‍

സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പില്‍ ഒ.ടി.ടി. റിലീസിന് താല്‍പര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. 66 നിര്‍മ്മാതാക്കളില്‍ നിന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ റിലീസിനെക്കുറിച്ചുള്ള അഭിപ്രായം തേടിയത്. ഇവരില്‍ 48 പേര്‍ ഇതുവരെ മറുപടി നല്‍കി. ഭൂരിഭാഗം പേരും താല്പര്യം അറിയിച്ചത് സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ്. ഇനി 19 സിനിമ നിര്‍മ്മാതാക്കള്‍ കൂടി മറുപടി അറിയിക്കാനുണ്ട്.

വില്‍പ്പനയും കയറ്റുമതിയും ഇടിഞ്ഞ് മാരുതി സുസുക്കി

മാരുതി സുസുക്കി ഇന്ത്യയുടെ മെയ് മാസ മൊത്തം വില്‍പ്പനയില്‍ 86.23 ശതമാനം ഇടിവ് രേഖപ്പെടുത്തി.18,539 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കമ്പനി 1,34,641 യൂണിറ്റുകള്‍ വിറ്റിരുന്നു. ആഭ്യന്തര വില്‍പ്പന 88.93 ശതമാനം ഇടിഞ്ഞ് 13,888 യൂണിറ്റായി. കഴിഞ്ഞ മാസം 4,651 യൂണിറ്റ് കയറ്റുമതി ചെയ്തു. 2019 മെയ് മാസത്തിലെ 9,089 യൂണിറ്റുകളില്‍ നിന്ന് 48.82 ശതമാനം ഇടിവാണുണ്ടായത്.
സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി മാരുതി സുസുക്കി വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel –https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it