ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 02, 2020

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്

ഇന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. പുതുതായി 86 പേര്‍ക്ക് കൂടി കോവിഡ് രോഗവും റിപ്പോര്‍ട്ട് ചെയ്തു. 19 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ ജി വര്‍ഗീസാണ് (77) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ത്യയില്‍

രോഗികള്‍ : 198,706 (ഇന്നലെ 190535 )

മരണം : 5,598 (ഇന്നലെ 5,394)

ലോകത്ത്

രോഗികള്‍: 6,266,192 (ഇന്നലെ 6194508)

മരണം: 3,75,559 (ഇന്നലെ 372501 )

ഓഹരി വിപണിയില്‍ ഇന്ന്

സാമ്പത്തികരംഗം തിരിച്ചു വരുമെന്ന സൂചനകളും ലോക്ക് ഡൗണ്‍ ചട്ടങ്ങളിലെ ഇളവുകളും ഒപ്പം ആഗോള വിപണികളില്‍ നിന്നുള്ള ദൃഢസൂചനകളും തുടര്‍ച്ചയായ അഞ്ചാം ദിനവും ഓഹരി സൂചികകളെ ഉയരത്തിലെത്തിച്ചു. സെന്‍സെക്സ് 522 പോയ്ന്റ്(1.57ശതമാനം) ഉയര്‍ന്ന് 33, 825 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 152.95 പോയ്ന്റ് ഉയര്‍ന്ന് 9,979 ലെത്തി. എച്ച് ഡിഎഫ്സി, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ധനകാര്യ ഓഹരികളാണ് സെന്‍സെക്സിനെ നയിച്ചത്. 8.64 ശതമാനം ഉയര്‍ച്ചയുമായി ബജാജ് ഫിനാന്‍സ് ഓഹരികളാണ് മുന്നില്‍.

കേരള കമ്പനികളുടെ പ്രകടനം

കെഎസ്ഇയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും അടക്കം 21 കേരള കമ്പനികള്‍ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. എട്ട് ശതമാത്തിലധികം ഉയര്‍ച്ചയുമായി കേരള ആയുര്‍വേദയും വിക്ടറി പേപ്പറുമായിരുന്നു ഇന്ന് മുന്നില്‍. ആസ്റ്റര്‍ ഡി എം(6.83 ശതമാനം), പാറ്റ്സ്പിന്‍(4.51 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ്(3.27 ശതമാനം), സിഎസ്ബി ബാങ്ക്(3.14 ശതമാനം), വണ്ടര്‍ലാ(2.60 ശതമാനം), എഫ് എ സി റ്റി (2.05 ശതമാനം), കെഎസ്ഇ(1.82 ശതമാനം), വെര്‍ട്ടെക്സ്(1.33 ശതമാനം), കിറ്റെക്സ്(1.28 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.72 ശതമാനം), ഹാരിസണ്‍സ് മലയാളം(0.41 ശതമാനം), എവിറ്റി(0.39 ശതമാനം), റബ്ഫില(0.36 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,380 (ഇന്നലെ: 4360 രൂപ )

ഒരു ഡോളര്‍ : 75.15 (ഇന്നലെ: 75.29 രൂപ)

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude 36.16 +0.72

Brent Crude 39.16 +0.84

Natural Gas 1.782 +0.008

കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കോവിഡിനെതിരായ പോരാട്ടവും രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കലും ഒരുമിപ്പിക്കണമെന്ന് മോദി

കോവിഡിനെതിരായ പോരാട്ടവും രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കലും ഒരുമിച്ച് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൃഢനിശ്ചയം, ഉള്‍ച്ചേര്‍ക്കല്‍, നിക്ഷേപം, അടിസ്ഥാനസൗകര്യം, നവീന ആശയങ്ങള്‍ എന്നിവയുണ്ടെങ്കില്‍ വളര്‍ച്ച തിരിച്ചുപിടിക്കാമെന്നും സി.ഐ.ഐ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞു. ലോകം വിശ്വാസമുള്ള പങ്കാളിയെ തേടുകയാണ്. ആ അവസരം ഇന്ത്യ ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ സ്വകാര്യമേഖല ഉപയോഗപ്പെടുത്തണമെന്നും മോദി അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികള്‍ക്ക് വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നല്‍കാം. കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയാറാക്കിയത്.

കണ്ടെയ്ന്‍മെന്റ് മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ഡിജിപി

ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കും തന്നെ കണ്ടെയ്ന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലകള്‍ ദിനംപ്രതി മാറുന്നതിനാല്‍ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും. രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയില്‍ സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളില്‍ മുന്‍സീറ്റില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. പിന്‍സീറ്റിലും രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാവുന്നത്.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കു സര്‍വീസ് തുടങ്ങും

ലോക്ഡൗണിനെ തുടര്‍ന്ന് ഇതുവരെയും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലാത്ത കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കു സര്‍വീസിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വന്ദേ ഭാരത് മിഷന്റെ പുതിയ ഘട്ടത്തില്‍, ഒറ്റപ്പെട്ട രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്. ഈ മാസം അഞ്ചു മുതല്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോ, ഫിലിപ്പീന്‍സിലെ സെബു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇന്ത്യയിലേക്കു സര്‍വീസ് നടത്തും.

ലോകത്ത് മൊബൈല്‍ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ഇലക്ട്രോണിക് വ്യവസായ മേഖലയുടെ വികസനത്തിന് മൂന്നു പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. 50000 കോടി രൂപയുടേതാണ് ഈ പദ്ധതികള്‍. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ആണ് ഒന്നാമത്തേത്. കംപോണന്റുകളുടെ നിര്‍മാണം വികസിപ്പിക്കാനാണ് രണ്ടാമത്തെ പദ്ധതി. മൂന്നാമത്തെ പദ്ധതി ആധുനിക നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനുള്ളതാണ്. ലോകത്ത് മൊബൈല്‍ നിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ 200 ഫാക്ടറികളുണ്ട്. 2014ല്‍ 1,90,366 കോടി രൂപയുടെ ഉല്‍പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 4,58,000 കോടി രൂപയുടെ ഉല്‍പാദനമായി.

ഡിജിറ്റല്‍ പെയ്മെന്റ് എണ്ണത്തിലും മൂല്യത്തിലും വന്‍ വര്‍ധന

ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിന്റെ സൂചനകള്‍ നല്‍കി ഡിജിറ്റല്‍ പെയ്മെന്റുകളുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ച. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുപിഐ, ഐഎംപിഎസ്,എന്‍ഇടിസിസി, ബിബിപിഎസ് എന്നിവ വഴിയുള്ള ഇടപാടുകള്‍ മെയ് മാസത്തില്‍ വര്‍ധിച്ചു. മാര്‍ച്ചില്‍ 2.06 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് മെയ് മാസത്തിലെത്തിയപ്പോള്‍ യുപിഐ ഇടപാടുകള്‍ 2.18 ലക്ഷം കോടിയായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തില്‍ 1.51 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാട് മൂല്യത്തില്‍ 45 ശതമാനമാണ് വര്‍ധന. ഐഎംപിഎസ് വഴി മെയ് മാസത്തില്‍ 1.69 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഏപ്രിലില്‍ ഇത് 1.22 ലക്ഷം കോടി മാത്രമായിരുന്നു. മാര്‍ച്ചില്‍ 2.01 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഐഎംപിഎസ് വഴി നടന്നത്.

വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്‍ഡിഗോ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ വിമാന യാത്ര സാരമായി തടസ്സപ്പെട്ടതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് 870.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 589.6 കോടി രൂപയും 2020 സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 496 കോടി രൂപയുമായിരുന്നു അറ്റാദായം. നിലവിലുള്ള അനിശ്ചിതത്വം കാരണം വളര്‍ച്ചയെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഞങ്ങള്‍ക്കാവില്ല - എയര്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു

മെയ് മാസത്തില്‍ 710 കാറുകള്‍ ഇന്ത്യയില്‍ വിറ്റെന്ന് എംജി മോട്ടോഴ്സ്

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് ഇന്ത്യ മെയ് മാസത്തില്‍ 710 യൂണിറ്റ് വില്‍പ്പന നടത്തിയെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു. മാര്‍ച്ചില്‍ 1,518 യൂണിറ്റ് വിറ്റിരുന്നു. ഏപ്രിലില്‍ മറ്റ് കാര്‍ നിര്‍മാതാക്കളെപ്പോലെ വില്‍പന പൂജ്യമായിരുന്നു. 30 ശതമാനം ശേഷി വിനിയോഗത്തോടെ ഹാലോല്‍ നിര്‍മാണ പ്ലാന്റില്‍ ഉത്പാദനം പുനരാരംഭിച്ചു. സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് ശൃംഖലയുടെ കാര്യത്തില്‍ രാജ്യത്താകമാനം 65 ശതമാനം ഷോറൂമുകളും സര്‍വീസ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ രാകേഷ് സിദാന പറഞ്ഞു.

വൈറല്‍ ആയി 'ചൈനീസ് ആപ്പ് റിമൂവ് '

ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചലനങ്ങള്‍ ഉണ്ടാക്കുന്നതിനു സമാന്തരമായി 'ചൈനീസ് ആപ്പ് റിമൂവ് ' എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഇന്ത്യയില്‍ വൈറലാകുന്നു. മെയ് മാസം ആദ്യം മാത്രം അവതരിപ്പിക്കപ്പെട്ട ആപ്പിന് 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ഉണ്ടായിരിക്കുന്നത്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ ചൈനീസ് നിര്‍മിത ആപ്ലിക്കേഷനുകള്‍ സ്‌കാന്‍ ചെയ്ത് ലിസ്റ്റു ചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്നാണ് അവകാശ വാദം.

വിമാനത്താവള യാത്രയ്ക്ക് തയ്യാറായി ഊബര്‍

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനത്താവള യാത്രയ്ക്കായി ഉബര്‍ഗോ, പ്രീമിയര്‍, എക്സ്എല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഊബര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാധ്യമായ ഏറ്റവും ഉയര്‍ന്ന ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ഊബര്‍ നിരന്തരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വെര്‍ച്വല്‍ ക്യൂ ; ഇ- ടോക്കണ്‍ ബുക്കിംഗ് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴ് വരെ

വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്ക് പുതിയ ക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴ് വരെയാകും ഇ ടോക്കണ്‍ ബുക്കിംഗ് സമയം. ഒരു മദ്യക്കടയ്ക്ക് ഒരു ദിവസം 400 ടോക്കണുകളാണ് ലഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലെ ടോക്കണുകള്‍ റദ്ദാകും.വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്കായുള്ള ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തിലാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയതെന്ന് ബെവ്കോ അറിയിച്ചു. 14 ലക്ഷത്തോളം ഇ ടോക്കണുകളാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it