ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 06, 2020

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19. ഇന്ത്യയുടെ വിദേശ നാണ്യ നിക്ഷേപം 343 കോടി ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍.

-Ad-
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം

ഇന്ത്യയില്‍

രോഗികള്‍ : 236,657 (ഇന്നലെ 229,594)

മരണം : 6,642 (ഇന്നലെ 6,381)

-Ad-
ലോകത്ത്

രോഗികള്‍: 6,734,088 (ഇന്നലെ 6,737,606)

മരണം: 394,875 (ഇന്നലെ 393,775 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്:

സ്വര്‍ണം ഒരു ഗ്രാം : 4270 (ഇന്നലെ 4280 )

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,160 രൂപയായി. 4270 രൂപയാണ് ഗ്രാമിന്റെവില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറവുണ്ടായത്.

ഒരു ഡോളര്‍ : രൂപ (ഇന്നലെ: 75.62 രൂപ)

ക്രൂഡ് ഓയ്ല്‍

CL1:COM WTI Crude Oil (Nymex) USD/bbl. 39.55

CO1:COM Brent Crude (ICE) USD/bbl. 42.30

CP1:COM Crude Oil (Tokyo) JPY/kl 29,200.00

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:
ജി.എസ്.ടി. നഷ്ടപരിഹാരം; കേരളത്തിന് 2440 കോടി രൂപ

ജി.എസ്.ടി. നഷ്ടപരിഹാരമായി ഇത്തവണ സംസ്ഥാനങ്ങള്‍ക്ക് 36,400 കോടിരൂപ നല്‍കി. കേരളത്തിന് 2440 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ ഡിസംബര്‍മുതല്‍ ഈവര്‍ഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയില്‍ ശേഷിച്ചതാണ് അനുവദിച്ചത്. കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി തകര്‍ന്നതിനാലാണ് കുടിശ്ശിക അനുവദിക്കാന്‍ കേന്ദ്രം തയ്യാറായത്. ഇതോടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കുടിശ്ശികമുഴുവന്‍ നല്‍കിയതായി കേന്ദ്രം അറിയിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും; ലോകാരോഗ്യ സംഘടന

രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പഠനം; കുട്ടികള്‍ക്ക് ലാപ്ടോപ്പിന് ചിട്ടി

ഓണ്‍ലൈന്‍ പഠനാവശ്യത്തിന് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും ചേര്‍ന്ന് ലാപ്ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്ടോപ്പുകള്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനു പുറമെ എല്ലാകുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ അയല്‍ക്കൂട്ടപഠനകേന്ദ്രങ്ങളും ഉടന്‍ തുടങ്ങുന്നുണ്ട്. സ്വന്തമായി ലാപ്ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ചിട്ടിയില്‍ ചേരാം. പഠനാവശ്യത്തിനുള്ള 15,000 രൂപയില്‍ത്താഴെ വിലയുള്ള ലാപ്ടോപ്പാണ് കിട്ടുക.

ഗുരുവായൂര്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍; ദിവസം 600 പേര്‍ക്ക് ദര്‍ശനം, 60 വിവാഹം നടത്താം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. രാവിലെ ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കൂ. ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.

ശബരിമലയില്‍ അടുത്ത ആഴ്ച മുതല്‍ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ വഴി

ശബരിമലയില്‍ അടുത്ത ആഴ്ച മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിച്ച്  ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരേസമയം 50 പേര്‍ക്ക് മാത്രമാകും ദര്‍ശനം അനുവദിക്കുക.കോവിഡ് -19 ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്കും ദര്‍ശനം അനുവദിക്കും.വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കില്ല.

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ദൈവാലയങ്ങള്‍ തുറക്കണം: കെസിബിസി

ജൂണ്‍ ഒന്‍പത് മുതല്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്‍ തുറന്ന്, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കര്‍മ്മങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എല്ലാവര്‍ക്കും നല്‍കിയതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോവിഡ് 19 ന്റെ സമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിന് ആവശ്യമായ മുന്‍ കരുതലുകള്‍ കൈക്കൊള്ളണന്നും കെസിബിസി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

വിദേശനാണ്യശേഖരം റെക്കോര്‍ഡില്‍; 49,348 കോടി ഡോളര്‍

രാജ്യത്തെ വിദേശനാണ്യശേഖരം റെക്കോര്‍ഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയില്‍ 343 കോടി ഡോളര്‍ വര്‍ധിച്ച്  49,348 കോടി ഡോളറായി.  അതിനു മുമ്പത്തെ ആഴ്ചയും 300 കോടി ഡളര്‍ വര്‍ധിച്ചിരുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

8 മിനിറ്റ് 46 സെക്കന്‍ഡ് മൗനാചരണത്തോടെ ഫ്‌ളോയിഡിന് അമേരിക്കന്‍ ജനതയുടെ പ്രണാമം

വര്‍ണവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് അമേരിക്കന്‍ ജനത കണ്ണീര്‍ വാര്‍ത്ത് ഐക്യത്തോടെ അനുശോചനം അറിയിച്ചു.ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുഎസിലെ വിവിധ ഇടങ്ങളില്‍ ഒത്തു ചേര്‍ന്ന ജനങ്ങള്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം മൗനം ആചരിച്ചാണ് ഫ്‌ളോയിഡിന് വിട നല്‍കിയത് , ഫ്‌ളോയിഡ് ശ്വാസം കിട്ടാതെ പിടഞ്ഞത്രയും സമയം.

ഗോള്‍ഡ് ബോണ്ട് പുതിയ ഇഷ്യു തിങ്കളാഴ്ച മുതല്‍

ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നതിന് ജൂണ്‍ എട്ടുമുതല്‍ വീണ്ടും അവസരം. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപയാണ്  റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്.ഓണ്‍ ലൈനില്‍ വാങ്ങുമ്പോള്‍  50 രൂപ കിഴിവ് ലഭിക്കും.ബാങ്കുകള്‍, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം.

ടാറ്റാ ഗ്രൂപ്പ് ശക്തമായ സാമ്പത്തിക നിലയിലെന്ന് എന്‍ ചന്ദ്രശേഖരന്‍

കോവിഡ് -19 മൂലം ടാറ്റാ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭ്യൂഹം തള്ളി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍.ഗ്രൂപ്പ് കമ്പനികളെയും പുതിയ വളര്‍ച്ചാ സംരംഭങ്ങളെയും സഹായിക്കുന്നതിന് മതിയായ പണമൊഴുക്കുള്ള ശക്തമായ സാമ്പത്തിക നിലയിലാണ് ടാറ്റ സണ്‍സ്.ടാറ്റാ ഗ്രൂപ്പ് കമ്പനികളും മറ്റെല്ലാവരെയും പോലെ, കോവിഡ് -19 മൂലം വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കുന്നു.പുറത്തു നിന്ന് ധനസമ്പാദനം നടത്താനോ മൂലധനം സമാഹരിക്കാനോ ഉദ്ദശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറു മാസത്തേക്ക് പുതിയ പാപ്പരത്ത നടപടികള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിന്  ഓര്‍ഡിനന്‍സ് 

കൊറോണ വൈറസ് വന്നതിന്റെ പശ്ചാത്തലത്തില്‍  ആറു മാസത്തേക്ക് പുതിയ പാപ്പരത്ത നടപടികള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനു വേണ്ടി ഇന്‍സോള്‍വന്‍സി ആന്‍ഡ് പാപ്പരത്വ കോഡ് (ഐബിസി) ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.രാജ്യവ്യാപകമായി ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25 മുതല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണിത്.

റബ്ബര്‍ ഇറക്കുമതിക്ക് 2 വര്‍ഷം മൊറട്ടോറിയം വേണമെന്ന് ‘ഉപാസി’

രണ്ടു വര്‍ഷത്തേക്കെങ്കിലും റബ്ബര്‍ ഇറക്കുമതിക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് തോട്ടമുടമകളുടെ സംഘടനയായ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ. രാജ്യത്തെ 13 ലക്ഷം കര്‍ഷകരുടെ ജീവിത രക്ഷയ്ക്ക് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് കത്ത് നല്‍കിയെന്ന് ഉപാസി പ്രസിഡന്റ് എ.എല്‍.ആര്‍.എം. നാഗപ്പന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here