ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 09, 2020

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. മറ്റ് 27 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം 8, പത്തനംതിട്ട 7, കോഴിക്കോട് 7, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 2 പേര്‍ എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.

ഇന്ത്യയില്‍

രോഗികള്‍ : 266,598 (ഇന്നലെ 256,611)

മരണം : 7,471 (ഇന്നലെ 7,200 )

ലോകത്ത്

രോഗികള്‍: 7,118,471 (ഇന്നലെ 7,009,065)

മരണം: 406,522 (ഇന്നലെ 402,730 )

ഓഹരി വിപണിയില്‍ ഇന്ന്

ഫിനാന്‍ഷ്യല്‍ ഓഹരികളുടെ വില്‍പ്പനയ്ക്ക് ആക്കം കൂടിയതോടെ ഇന്ന് ഓഹരി വിപണിയില്‍ ഇടിഞ്ഞു. ജൂലൈ അവസാനത്തോടെ ദേശീയ തലസ്ഥാനമായ ഡെല്‍ഹിയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞേക്കുമെന്ന ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ പ്രസ്താവനയും വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് 414 പോയ്ന്റ് അഥവാ 1.2 ശതമാനം ഇടിഞ്ഞ് 33,956.69 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 121 പോയ്ന്റ് ഇടിഞ്ഞ് (1.19 ശതമാനം) 10,047ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് സൂചിക 462 പോയ്ന്റ് അഥവാ രണ്ടുശതമാനമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് പത്ത് കമ്പനികള്‍ ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെടുത്തി. വിപണിയില്‍ ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായെങ്കിലും ഫെഡറല്‍ ബാങ്ക് (0.62%), മണപ്പുറം ഫിനാന്‍സ് (0.65%), മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (9.99%), മുത്തൂറ്റ് ഫിനാന്‍സ് (3.24%) എന്നിവ ഇന്ന് ഉയര്‍ന്നു. കേരളത്തിലെ ഇതര ധനകാര്യ, ബാങ്കിംഗ് ഓഹരികള്‍ക്ക് ഇന്നു ഇടിവാണുണ്ടായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവ ഇന്ന് നില മെച്ചപ്പെടുത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്:

സ്വര്‍ണം ഒരു ഗ്രാം : 4,290 (ഇന്നലെ 4270 )

ഒരു ഡോളര്‍ : 75.50 രൂപ (ഇന്നലെ: 75.49 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 37.94 -0.25
Brent Crude 40.36 -0.44
Natural Gas 1.777 -0.012

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ മടക്കി അയക്കണം: സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ അതാതിടങ്ങളിലേക്ക് മടക്കി അയക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം ശ്രമിക് ട്രയിന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിലക്കുകള്‍ ലംഘിച്ച് നാടുകളിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ അതത് സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചു.

ഇന്ധന വില തുടര്‍ച്ചയായി മൂന്നാം ദിവസവും വര്‍ദ്ധിപ്പിച്ചു

തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് വിലയിലുണ്ടായ ഉയര്‍ച്ച 1.70 രൂപയോളം.

കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. 50 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ റിവ്യൂ ചെയ്യും. മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി തലത്തില്‍ അവലോകനം നടത്തും. 100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. 54,391 കോടി രൂപയുടെ 679 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ബസ് ചാര്‍ജ് കുറച്ച നടപടിക്കു സ്റ്റേ

ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ പുതിയ ഉത്തരവ് പ്രഖ്യാപിക്കും വരെയാണ് സ്റ്റേ. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം.

എസ്.എം.എസ് വഴിയും ഇനി ജി.എസ്.ടി റിട്ടേണ്‍

ജി.എസ്.ടി തിരിച്ചടവ് കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എസ്.എം.എസ് വഴി ഇനി റിട്ടേണ്‍ സമര്‍പ്പിക്കാം. വെബ്പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് റിട്ടേണ്‍ നല്‍കുന്നതിന് പകരമായാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.

ചൈനയില്‍ ഓഗസ്റ്റില്‍ തന്നെ കൊറോണ വ്യാപിച്ചിരുന്നുവെന്ന തെളിവുമായി ഉപഗ്രഹചിത്രങ്ങള്‍

ചൈനയില്‍ 2019 ഓഗസ്റ്റ് മാസം മുതല്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചിരുന്നതായി നിഗമനം. ആശുപത്രികളിലേക്കുള്ള ജനങ്ങളുടെ യാത്രകള്‍ സംബന്ധിച്ച ഉപഗ്രഹചിത്രങ്ങളുടെയും ഇന്റര്‍നെറ്റിലെ സെര്‍ച്ചിങ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനം ഈ നിഗമനത്തില്‍ എത്തുന്നത്. എന്നാല്‍ പരിഹാസ്യമായ കണ്ടെത്തലാണ് ഇതെന്ന് ചൈന പ്രതികരിച്ചു.

ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതര മാന്ദ്യം: ലോക ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ ഫലമായി ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും ഗുരുതരമായ മാന്ദ്യമാണെന്നും ലോകബാങ്ക് വ്യക്തമാക്കി.

ഭവന വായ്പാ പലിശ നിരക്കു കുറച്ച് എസ്.ബി.ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ നിരക്ക് താഴ്ത്തി. വിവിധ പദ്ധതികള്‍ പ്രകാരമുള്ള ഭവന വായ്പകളുടെ തിരിച്ചടവില്‍ ഇതു മൂലം കുറവു വരും. റിസര്‍വ് ബാങ്ക് മെയ് മാസത്തില്‍ റിപ്പോ നിരക്ക് 40 ബിപിഎസ് കുറച്ചതിനെ തുടര്‍ന്നുള്ള നടപടിയാണിത്.എസ്ബിഐ നിക്ഷേപ നിരക്ക് മെയ് മാസത്തില്‍ രണ്ടുതവണ കുറച്ചിരുന്നു.

ബാങ്ക് വായ്പാ വളര്‍ച്ച ഗണ്യമായി കുറയും: ക്രിസില്‍

2020-21 ല്‍ ഇന്ത്യയിലെ ബാങ്ക് വായ്പാ വളര്‍ച്ച നാമമാത്രമായിരിക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 6.14 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് വായ്പാ വളര്‍ച്ച 0-1 ശതമാനമായി താഴുമെന്നാണ് ഏജന്‍സി കണക്കാക്കുന്നത്. 8-9 ശതമാനം വര്‍ദ്ധിക്കുമെന്നായിരുന്നു കോവിഡ് -19 എത്തുന്നതിനു മുമ്പുള്ള പ്രവചനം.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടിനല്‍കിയ തിയതി ജൂണ്‍ 30ന് അവസാനിക്കും. പത്താമത്തെ തവണയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടി നല്‍കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് മാര്‍ച്ച് 31 എന്ന അസാനതിയതി ജൂണ്‍ 30ലേ്ക്ക് നീട്ടിയത.്

ലോക്ഡൗണില്‍ എട്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിറ്റുവരവ് നേടി പാര്‍ലെ ജി ബിസ്‌ക്കറ്റ്

ലോക്ഡൗണില്‍ രാജ്യത്തെ എല്ലാ ബിസിനസ് രംഗവും തകര്‍ച്ച നേരിട്ടപ്പോള്‍ റെക്കോര്‍ഡ് ലാഭക്കുതിപ്പ് രേഖപ്പെടുത്തി പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനി.തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ ലോക്ഡൗണില്‍ സ്വന്തമാക്കിയെന്ന് കമ്പനി പറയുന്നു.

കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സിന് സെപ്റ്റംബര്‍ 30 വരെ സാധുത

ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ്, രജിസ്ട്രേഷന്‍ തുടങ്ങിയ ഫെബ്രുവരി 1 മുതല്‍ കാലഹരണപ്പെട്ട എല്ലാ ഗതാഗത രേഖകളുടെയും സാധുത സെപ്റ്റംബര്‍ 30 വരെ നീട്ടി. കോവിഡ് -19 പശ്ചാത്തലത്തിലാണ് കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള നടപടി.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.2 % ചുരുങ്ങുമെന്ന് ലോക ബാങ്ക്

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ ഫലമായി ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും ഗുരുതരമായ മാന്ദ്യമാണെന്നും ലോകബാങ്ക് വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് പറയുന്നു.

Stories You won't miss out:

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ 3 പാഠങ്ങള്‍

അലിബാബ ക്ലൗഡ് 5,000 ടെക്കികളെ നിയമിക്കുന്നു

കൊറോണ കാലത്ത് പോക്കറ്റ് കാലിയാകാതെ ‘ഓപ്പോ A12’ സ്മാര്‍ട്ട് ഫോണ്‍; വിലയും സവിശേഷതകളും

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.2 % ചുരുങ്ങുമെന്ന് ലോക ബാങ്ക്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it