ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 19, 2020

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 118 പേര്‍ക്കാണ്് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.96 പേര്‍ രോഗമുക്തി നേടി. മലപ്പുറം ജില്ലയില്‍നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈത്ത്-35, യു.എ.ഇ.-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്‌നാട്-8, കര്‍ണാടക-5, അസം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,914 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ത്യയില്‍

രോഗികള്‍:380532(ഇന്നലെ 366946 )

മരണം: 12573(ഇന്നലെ 12237)

ലോകത്ത്

രോഗികള്‍: 8509393(ഇന്നലെ 8373746 )

മരണം : 454380 ( ഇന്നലെ 449512)

ഓഹരി വിപണിയില്‍ ഇന്ന്

നേട്ടത്തോടെയാണ് വാരാന്ത്യത്തില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 523.68 പോയ്ന്റ് അഥവാ 1.53 ശതമാനം ഉയര്‍ന്ന് 34.731.73 ലും നിഫ്റ്റി 152.75 പോയ്ന്റ് ഉയര്‍ന്ന് 10244.40 ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടരഹിത കമ്പനിയായി മാറിയെന്ന വാര്‍ത്തയാണ് വിപണിയെ നയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ബിഎസ്ഇയില്‍ ഇന്ന് ആറ് ശതമാനം വര്‍ധിച്ച് 1764 രൂപയായി. അതോടെ കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി 11 ലക്ഷം കോടി രൂപയായി.
ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന 58 ദിവസം കൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ചത് 1,68,818 കോടി രൂപയാണ്. ഇതാണ് കമ്പനിയെ കടരഹിത കമ്പനിയാക്കി മാറ്റിയത്. മാര്‍ച്ച്31 ലെ കണക്കു പ്രകാരം 1,61,035 കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം.
ബജാജ് ഫിന്‍സെര്‍വ്, പവര്‍ ഗ്രിഡ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴചവച്ചു.

അതേ സമയം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍. സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 11 ഓഹരികള്‍ ഇന്ന് റെഡ് സോണിലായിരുന്നു.

സെക്ടറുകളെടുക്കുകയാണെങ്കില്‍ ഐടി, മെറ്റല്‍ സൂചികകള്‍ ഒഴികെയെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കി.

ആഗോള വിപണികളിലെ റാലിയും വിദേശ പണമൊഴുക്കുമാണ് മാര്‍ക്കറ്റ് സെന്റിമെന്റ്‌സിനെ പ്രചോദിപ്പിച്ചത്.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് ദൃശ്യമായത്. 17 കമ്പനികള്‍ ഗ്രീന്‍ സോണിലും 10 കമ്പനികള്‍ റെഡ് സോണിലുമായിരുന്നു.
ധനലക്ഷ്മി ബാങ്കാണ് ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. ബാങ്കിന്റെ ഓഹരി വില 16.79 ശതമാനം ഉയര്‍ന്ന് 15.58 രൂപയായി. സിഎസ്ബി ബാങ്ക് ഓഹരി വില 9.08 ശതമാനവും ഫെഡറല്‍ ബാങ്ക് 5.71 ശതമാനവും വര്‍ധിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില വര്‍ധന 1.30 ശതമാനമാണ്.
ഇന്നലെ 17 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തിയ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 0.11 ശതമാനം നേട്ടം മാത്രമാണ് നല്‍കിയത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരി വില 5 ശതമാനവും മണപ്പുറം ഫിനാന്‍സ് 1.64 ശതമാനവും വര്‍ധിച്ചു.

ധനകാര്യ മേഖലയിലെ കമ്പനികളായ ജിയോജിജ്, ജെആര്‍ജി എന്നിവയുടെ ഓഹരി വിലകള്‍ യഥാക്രമം 2.34 ശതമാനം, 2.21 ശതമാനം വര്‍ധന നേടി.
ഹാരിസണ്‍ മലയാളത്തിന്റെ ഓഹരികളാണ് ഇന്ന് കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. റബ്ഫില(5.92 ശതമാനം), കിറ്റെക്‌സ്(3.11 ശതമാനം), അപ്പോളോ ടയേഴ്‌സ്(2.69 ശതമാനം), നിറ്റജെലാറ്റിന്‍(1.02 ശതമാനം), കേരള ആയുര്‍വേദ(0.73 ശതമാനം), കെഎസ്ഇ(0.40 ശതമാനം) എന്നിവയാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്ന മറ്റ് കേരള കമ്പനി ഓഹരികള്‍. വെര്‍ട്ടെക്‌സ് ഓഹരി വിലയില്‍ മാറ്റമില്ല.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,405 രൂപ (ഇന്നലെ 4,390 രൂപ)

ഒരു ഡോളര്‍ : 76.12 രൂപ (ഇന്നലെ 76.21 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude 39.88 +1.04
Brent Crude 42.36 +0.85
Natural Gas 1.651 + 0.013

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

പോര്‍വിമാനങ്ങള്‍ എത്തിച്ചു; ശ്രീനഗറില്‍ വ്യോമസേന തലവന്റെ സന്ദര്‍ശനം

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ വ്യോമസേന തലവന്‍ ആര്‍.കെ.എസ്. ഭദൗരിയ ശ്രീനഗറിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തി സൈനിക സന്നാഹം വിലയിരുത്തി. നേരത്തേ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ശ്രീനഗര്‍ അടക്കമുള്ള വ്യോമസേന താവളങ്ങളിലേക്ക് മാറ്റിയിരുന്നു. ഇത് വിലയിരുത്തുന്നതിനു വേണ്ടിയാണ് ഭദൗരിയ ശ്രീനഗറിലെ വിമാനത്താവളത്തിലെത്തിയത്. ഇതിനിടെ, താഴ്വരയിലെ സംഘര്‍ഷത്തിന് ഉത്തരവാദി ഇന്ത്യയാണ് എന്ന നിലയിലുള്ള പ്രസ്താവന ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഭാഗത്തുനിന്ന് എത്തി. ഇന്ത്യന്‍ സൈനികരെ തടവിലാക്കിയെന്ന വാദം ചൈന തള്ളിക്കളഞ്ഞു.

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഹര്‍ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

കടരഹിത കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

നിക്ഷേപകര്‍ക്കു നല്‍കിയ വാക്ക് മുന്‍കൂട്ടി നിറവേറ്റി കോര്‍പ്പറേറ്റ് ലോകത്ത് പുതു തരംഗം സൃഷ്ടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വില്‍പനയും കമ്പനിയെ അറ്റ കടരഹിതമാക്കി മാറ്റിയെന്ന്് അംബാനി അറിയിച്ചു.58 ദിവസം കൊണ്ട് ഓഹരി വിറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ച 1,68,818 കോടി രൂപയാണ് നിര്‍ണ്ണായക നേട്ടത്തിനിടയാക്കിയത്.

ഇന്ധന വില 13 ാം ദിവസവും കൂട്ടി; ഇതുവരെ വര്‍ദ്ധന 7 രൂപയിലേറെ

കോവിഡ് ആഘാതത്തിനിടയില്‍ സാധാരണക്കാരുടെ സാമ്പത്തിക ക്ളേശത്തിന് ആക്കം കൂട്ടി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായ പതിമൂന്നാം ദിനം പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്.ഇതുവരെ വര്‍ദ്ധന 7 രൂപയിലേറെയായി.

ചൈനാ വിരുദ്ധ വികാരത്തില്‍ തിരിച്ചുവരവിന് മൈക്രോമാക്‌സ്

ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷം മുറുകിയതോടെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വന്നതിനു പിന്നാലെ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ് തിരിച്ചു വരവിന് തയ്യാറെടുക്കുന്നതായി സൂചന. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന വികാരം പരമാവധി പ്രയോജപ്പെടുത്താനാണ് 10,000-ല്‍ താഴെ വിലയുള്ള 3 ഫോണുകള്‍ ഒരുക്കിയുള്ള മൈക്രോമാക്‌സിന്റെ നീക്കം.

ചൈനീസ് ഉല്‍പ്പന്ന പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് ഇന്ത്യന്‍ താരങ്ങളോട് സിഎഐടി

സിനിമാ-കായിക താരങ്ങള്‍ ഇനി മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന നിര്‍ദ്ദേശവുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് രംഗത്ത്. 'ബോയ്ക്കോട്ട് ചൈന' പ്രചാരണത്തിന്റെ ഭാഗമായാണ് സിഎഐടിയുടെ പുതിയ ആവശ്യം.

ഓസ്‌ട്രേലിയ നേരിടുന്നത് കനത്ത സൈബര്‍ ആക്രമണം; അടുത്ത ഭീഷണി ഇന്ത്യയ്ക്ക്

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും നേരെ ഇന്നു നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പാണെന്ന് പ്രാഥമിക നിഗമനം. ആശുപത്രികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇരകളായി. ഈ ഹാക്കര്‍മാര്‍ ഇന്ത്യയെയും ലക്ഷ്യമിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4 % ചുരുങ്ങും : എ.ഡി.ബി

സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നാല് ശതമാനം ചുരുങ്ങുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. ഇന്ത്യന്‍ ജിഡിപിയുടെ വളര്‍ച്ച 2019-20 ന്റെ അവസാന പാദത്തില്‍ 3.1 ശതമാനമായി കുറഞ്ഞുവെന്ന് എഡിബി പറഞ്ഞു. 2003 നുശേഷം ഏറ്റവും വേഗത കുറഞ്ഞ നിരക്കാണിത്.

എടിഎമ്മിലൂടെ ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം

എടിഎമ്മുകളില്‍നിന്ന് ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതി. എടിഎം വഴി ഉയര്‍ന്ന തുക പിന്‍വലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് വി.ജി.കണ്ണന്‍ അധ്യക്ഷനായ സമിതി 2019 ഒക്ടോബര്‍ 22നാണ് റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്കു നല്‍കിയത്.

ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് സ്വപ്നങ്ങള്‍ക്ക് കരുത്തു പകരാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ. ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉപകമ്പനികളില്‍ നിക്ഷേപത്തിനു മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീന്റെ ഈ നീക്കമായിരിക്കും കമ്പനിക്ക് കൂടുതല്‍ പ്രയോജനകരമാകുകയെന്ന് നിരീക്ഷകര്‍ പറയുന്നു..

മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തുന്നു

ആഭ്യന്തര ഉത്പാദനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയ്ക്ക് പുറമേ മറ്റ് വ്യാപാര തടസ്സങ്ങളും ഇന്ത്യ സൃഷ്ടിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഇത് സംബന്ധിച്ച അവലോകനം തുടരുന്നുണ്ടെന്നാണ് വിവരം.പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ച സ്വാശ്രയ പ്രചാരണത്തിന്റെ ഭാഗമാണിത്.

മുദ്ര ലോണില്‍ 15 ശതമാനം നിഷ്‌ക്രിയ ആസ്തിയായെന്ന് എസ്ബിഐ

എസ്ബിഐ നല്‍കിയ മുദ്ര ലോണില്‍ 15 ശതമാനം നിഷ്‌ക്രിയ ആസ്തിയായി. സര്‍ക്കാരിന്റെ വായ്പ പദ്ധതികള്‍ ബാങ്കുകള്‍ക്ക് ബാധ്യതയാകുന്നതായി റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. 33,800 കോടി രൂപയുടെ മുദ്ര വായ്പയാണ് 2019 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ നല്‍കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 4 ലക്ഷം കോടി എജിആര്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

ടെലികോം ഇതര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) ആയി ഈടാക്കാനിരുന്ന 4 ലക്ഷം കോടി രൂപയുടെ 96 ശതമാനം പിന്‍വലിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് 4 ലക്ഷം കോടി ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2019 ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് എജിആര്‍ കുടിശ്ശിക ഈടാക്കാനായിരുന്നു ഉത്തരവ്. ഈ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു.

തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതു മൂലം നികുതി നഷ്ടം 86 കോടി

കോവിഡ് മൂലം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ 3 മാസത്തിലേറെയായി അടഞ്ഞുകിടക്കുന്നതു മൂലം ജിഎസ്ടി, വിനോദ നികുതി ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നഷ്ടമായത് ഏകദേശം 86 കോടി രൂപ. ചലച്ചിത്ര വ്യവസായ മേഖലയുടെ നഷ്ടം 600 കോടി രൂപയിലേറെ. കോവിഡ് പ്രതിരോധ ഒരുക്കമായി മാര്‍ച്ച് 10 നാണു തിയറ്ററുകള്‍ അടച്ചത്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it