ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 20, 2020

ഇന്ന് കേരളത്തില്‍ 127 കോവിഡ് രോഗികള്‍

സംസ്ഥാനത്ത് 127 പേര്‍ക്ക് കോവിഡ്-19, 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന രോഗം ബാധിച്ചര്‍.

ഇന്ത്യയില്‍

രോഗികള്‍: 395,048 (ഇന്നലെ 380532 )

മരണം: 12,948 (ഇന്നലെ 12573)

ലോകത്ത്

രോഗികള്‍: 8,663,136 (ഇന്നലെ 8509393 )

മരണം : 460,011 (ഇന്നലെ 454380 )

ഇന്ന് ഓഹരിവിപണി അവധി

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്കുകള്‍:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,425 രൂപ (ഇന്നലെ 4,405 രൂപ)

റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണ വിലക്കുതിപ്പ്

സ്വര്‍ണ വില കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് ഉയരം കുറിച്ച് പവന് 35,400 രൂപയായി. ഗ്രാമിനു വില 4425 രൂപ. പവന് വെള്ളിയാഴ്ച 120 രൂപ കൂടിയതിനു പിന്നാലെ ഇന്ന് 160 രൂപ വര്‍ധിച്ചു.

ഒരു ഡോളര്‍ : 76.25 രൂപ (ഇന്നലെ 76.12 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude39.75+0.91
Brent Crude42.19+0.68
Natural Gas1.669+0.031

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ശതകോടീശ്വര പട്ടികയില്‍ ഒമ്പതാമതായി മുകേഷ് അംബാനി

ജിയോ പ്ലാറ്റ്ഫോമിലൂടെ കൈവരിച്ച വന്‍ നിക്ഷേപ സമാഹരണത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പത്തംഗ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. നിലവിലെ പട്ടികയില്‍ പേരുള്ള ഏക ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.

ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തില്‍ എല്‍.ഐ.സി

രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി.

മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പങ്ക് ചേരാന്‍ ആഗോള കപ്പല്‍ ഉടമകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു

മെയ്ക്ക് ഇന്‍ ഇന്ത്യ നയം പ്രയോജനപ്പെടുത്തുന്നതിനായി ആഗോള കപ്പല്‍ ഉടമകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പൊതുസംഭരണത്തിനായി സര്‍ക്കാര്‍ അടുത്തിടെ മെയ്ക്ക് ഇന്‍ ഇന്ത്യ നയം പരിഷ്‌കരിച്ചിരുന്നു. അതിന് കീഴില്‍ 200 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ സേവനങ്ങളും സംഭരിക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരമില്ലാതെ ആഗോള ടെണ്ടര്‍ അന്വേഷണം പുറപ്പെടുവിക്കില്ല.

ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചേക്കും

മെഡിസിന്‍, മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിദേശ വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ നിരീക്ഷണം. അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ചൈനയില്‍ പഠിക്കാനുള്ള പദ്ധതികള്‍ പുനഃപരിശോധിച്ച് ബദല്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്.ചൈനീസ് ഇറക്കുമതി വസ്തുക്കള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം മുറുകിവരവേയാണ് ഇതുസംബന്ധിച്ച സൂചനകളും പുറത്തുവരുന്നത്.

ബംഗാളില്‍ മദ്യവിതരണത്തിന് ആമസോണ്‍ എത്തുന്നു

ഇന്ത്യയിലെ മദ്യ വിതരണ ബിസിനസിന്റെ വലിയ സാധ്യത മുതലാക്കാന്‍ ആമസോണും ബിഗ് ബാസ്‌കറ്റും രംഗത്ത്. ഈ രണ്ട് ഇ കോമേഴ്‌സ് കമ്പനികളും പശ്ചിമ ബംഗാളില്‍ മദ്യം എത്തിക്കുന്നതിനുള്ള അനുമതി നേടിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസാഫ് ബാങ്ക് മേധാവി കെ.പോള്‍ തോമസ് 'സാധന്‍' ചെയര്‍മാന്‍

സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തനമുള്ള ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ 'സാധന്‍' ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ.പോള്‍ തോമസിനെ തിരഞ്ഞെടുത്തു.

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇ-കൊമേഴ്‌സ് നയം പരിഷ്‌കരിക്കുന്നു

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉത്പന്നം എവിടെ നിര്‍മിച്ചതാണെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കേണ്ടിവരും. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ഉത്പന്നത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ഇതും നല്‍കേണ്ടത്. ഇന്ത്യയിലോ പുറത്തോ നിര്‍മിച്ചത് എന്ന കാര്യം അറിയുന്നതിനാണ് ഇത്. ഇതിനായി ഇ-കൊമേഴ്‌സ് നയത്തില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് കരട് നയത്തിനു രൂപം നല്‍കിയിട്ടുള്ളത്.

വിവാദ ഭൂപട ബില്ലിന് പിന്നാലെ അതിര്‍ത്തിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നേപ്പാള്‍

ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കേന്ദ്രം

ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എത്തിയത്.

അന്താരാഷ്ട്ര സര്‍വീസ് വീണ്ടും തുടങ്ങുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനം നോക്കിയെന്ന് വ്യോമയാന മന്ത്രി

അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍ - വ്യോമയാന മന്ത്രി പറഞ്ഞു.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്‍ഐപിഎഫ്പി ചെയര്‍മാനാകും

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നാലുവര്‍ഷ കാലാവധിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍ഐപിഎഫ്പി) ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. വിജയ് കെല്‍ക്കറിന് പകരമാകും ഉര്‍ജിത് പട്ടേലിന്റെ നിയമനം. 1990 ന് ശേഷം കാലാവധി അവസാനിക്കുന്നതിനുമുമ്പ് സ്ഥാനമൊഴിഞ്ഞ ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു അദ്ദേഹം.

വിക്രം പവ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ്

വിക്രം പവയെ ഇന്ത്യയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റായി നിയമിച്ചു. 2020 ഓഗസ്റ്റ് 1 ന് ചുമതലയേല്‍ക്കും. നിലവില്‍ അദ്ദേഹം ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ സിഇഒയാണ്. ഈ ചുമതലയ്ക്ക് പുറമേയാണ് പുതിയ സ്ഥാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it