Top

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാനബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 22,2020

ഇന്ന് കേരളത്തില്‍ 138 കോവിഡ് രോഗബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ 17 , പാലക്കാട്-16 , എറണാകുളം -14 , കൊല്ലം, കോട്ടയം- 13 പേര്‍ വീതം, ആലപ്പുഴ, തൃശൂര്‍ -12 പേര്‍, തിരുവനന്തപുരം- 11 , കാസര്‍ഗോഡ്- 9 , കോഴിക്കോട്, വയനാട് -5 പേര്‍ വീതം, പത്തനംതിട്ട, ഇടുക്കി -4 പേര്‍ വീതം കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

ഇന്ത്യയില്‍

രോഗികള്‍: 425,282 (ഇന്നലെ :410461

മരണം : 13,699 (ഇന്നലെ : 13254

ലോകത്ത്

രോഗികള്‍ : 8,954,125 (ഇന്നലെ : 8708008

മരണം: 468,357 (ഇന്നലെ : 461715

ഓഹരിവിപണിയില്‍ ഇന്ന്

തിങ്കളാഴ്ച നല്ല ദിവസമാക്കി ഇന്ത്യന്‍ ഓഹരി വിപണി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) ചില മരുന്ന് കമ്പനികള്‍ക്ക് കോവിഡ് 19നുള്ള മരുന്നാകാന്‍ സാധ്യതയുള്ള ആന്റിവൈറല്‍ മരുന്ന് നിര്‍മാണത്തിനും വിപണനത്തിനുമുള്ള അനുമതി നല്‍കിയത് വിപണിക്കും ഉണര്‍വേകി. ഇന്ന് തിളങ്ങിയ ഓഹരി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. 27 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ഗ്ലെന്‍മാര്‍ക്ക് ആന്റിവൈറല്‍ മരുന്ന് ഫാബിഫല്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ പുറത്തിറക്കുന്ന എന്ന വാര്‍ത്തയെ തുടര്‍ന്നാണിത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഏഴ് കേരള കമ്പനികളുടെ ഓഹരികളാണ് കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ താഴെ പോയത്. ഇന്ന ഫെഡറല്‍ ബാങ്ക് ഓഹരി വില ആറരശതമാനത്തോളം ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.99 ശതമാനം ഉയര്‍ന്നു. സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും യഥാക്രമം രണ്ടു ശതമാനവും 3.72 ശതമാനവും ഉയര്‍ന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിരയില്‍ ഇന്ന് മുത്തൂറ്റ് ഫ്ിനാന്‍സ് മാത്രമാണ് താഴ്ന്നത്. 0.62 ശതമാനം മാത്രം.

സ്വര്‍ണം , ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം(22കാരറ്റ്) : 4,460 രൂപ ഇന്നലെ (4426 രൂപ )

ഒരു ഡോളര്‍ : 75.91 (ഇന്നലെ : 75.90 രൂപ

ക്രൂഡ് ഓയ്ല്‍

WTI Crude39.56-0.19
Brent Crude42.06-0.13
Natural Gas1.692+0.023

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

മൗണ്ടന്‍ ട്രെയിനിംഗ് നേടിയ സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക്

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ ഒരു ദശകത്തിലധികമായി പരിശീലനം നേടിയ പ്രത്യേക സേനയെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

ഗല്‍വാനില്‍ പിഎല്‍എ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാര്‍ക്ക് പരുക്കേറ്റു.

കൊറോണ വൈറസ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ്. വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധന്‍ ഡോ. ഒലഡിപോ കോലവോലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതായി ദ ഗാര്‍ഡിയന്‍ നൈജീരിയ റിപ്പോര്‍ട്ട് ചെയ്തു. ഇതു വരെ പേര് നല്‍കിയിട്ടില്ലാത്ത ഈ വാക്‌സിന്‍, പുറത്തെത്തുമ്പോള്‍ മറ്റ് വംശക്കാര്‍ക്കും പ്രയോജനകരമാകുമെന്നും കോലവോലെ പറഞ്ഞു.

ഇറക്കുമതി ഇടിഞ്ഞു; ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലന്‍സ് മിച്ചത്തിലേക്ക്

കോവിഡ് വ്യാപനം മൂലം രാജ്യത്തെ സാമ്പത്തിക മേഖല പൂര്‍ണമായും നിശ്ചലമായതിനെതുടര്‍ന്ന് കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും. അസംസ്‌കൃത എണ്ണ, സ്വര്‍ണം എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തിലാണ് അവസാനമായി കറന്റ് അക്കൗണ്ട് ബാലന്‍സ് മിച്ചം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം വിദേശ നാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് ബാലന്‍സ്. രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ആദ്യമായി 50,000 കോടി ഡോളര്‍ പിന്നിട്ടതും ഈയിടെയാണ്.

കോവിഡ്-19 മരുന്ന് വിപണിയിലെത്തിച്ചതിന് പിന്നാലെ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരി വില 40 ശതമാനം ഉയര്‍ന്നു

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരികള്‍ ഇന്ന് 40 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 572.70 രൂപയിലെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കോവിഡ്-19 മരുന്നിന്റെ നിര്‍മാണ, വിപണന അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയര്‍ന്നത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം.

അരവിന്ദ് ഫാഷന്‍സ് അവകാശ ഓഹരി വില്‍പ്പന ജൂണ്‍ 29ന്; സമാഹരണ ലക്ഷ്യം 400 കോടി

പ്രമുഖ ആഭ്യന്തര ടെക്സ്‌റ്റൈല്‍സ് കമ്പനിയായ അരവിന്ദ് ഗ്രൂപ്പിന്റെ ഫാഷന്‍, വസ്ത്ര വിഭാഗമായ അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ് അവരുടെ അവകാശ ഓഹരി വില്‍പ്പന ജൂണ്‍ 29 ന് ആരംഭിക്കുമെന്ന് എക്സിക്യീട്ടീവ് ഡയറക്ടര്‍ കുലില്‍ ലാല്‍ഭായ് വ്യക്തമാക്കി. പുതിയ അവകാശ ഓഹരി വില്‍പ്പയിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് ആസൂത്രണം ചെയ്ത 300 കോടിയില്‍ നിന്ന് 100 കോടി രൂപ കൂടുതലാണിത്. ജൂണ്‍ 29- ന് ആരംഭിക്കുന്ന അവകാശ ഓഹരി വില്‍പ്പന ജൂലൈ 17- ന് അവസാനിക്കും.

ജുലൈ ഏഴ് മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി

ദുബായ് താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റ്സിലേക്ക് മടങ്ങിയെത്താമെന്ന് യുഎഇ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഔദ്യോഗിക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. അതിനാല്‍ തന്നെ ദുബായില്‍ തിരിച്ചെത്താന്‍ പ്രവാസി മലയാളികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ജുലൈ ഏഴ് മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് 19 പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെന്ന റിപ്പോട്ട് കൈവശം ഉണ്ടായിരിക്കണം

പങ്കാളിത്തം അവസാനിപ്പിക്കാന്‍ ആപ്പിളും ഇന്റെലും

ഒന്നര പതിറ്റാണ്ടുകളോളം നീണ്ട കൂട്ടുകെട്ട് ആപ്പിളും ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റെലും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടുന്ന ചിപ്പുകള്‍ സ്വയം നിര്‍മ്മിക്കാനുള്ള വഴികളാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് സൂചന. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയോടെ പ്രതികരിക്കാന്‍ ഇന്റെലോ, ആപ്പിളോ തയ്യാറായിട്ടില്ല.

ലാഭം 44 % വര്‍ദ്ധിപ്പിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 2019-20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 44 ശതമാനം കുതിപ്പോടെ 137.52 കോടി രൂപയുടെ ലാഭം നേടി. 95.44 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം.

'വര്‍ക്ക് ഫ്രം എനിവേര്‍' രീതിയും സ്വീകരിക്കാന്‍ എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്ഡൗണ്‍ വന്നതോടെ ജീവനക്കാര്‍ക്ക് അനുവദിച്ച 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം 'വര്‍ക്ക് ഫ്രം എനിവേര്‍' ആയി പരിഷ്‌കരിക്കുന്നു.ഇതിന്റെ മുന്നോടിയായി അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ ഓഫീസിലിരുന്നല്ലാതെ തന്നെ ചെയ്യാനാകുംവിധം സാങ്കേതിക സംവിധാനങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

ചൈനീസ് കമ്പനികളുടെ നിക്ഷേപ പദ്ധതികള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.കേന്ദ്രസര്‍ക്കാറുമായി കൂടി ആലോചിച്ച ശേഷമാണ് ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി മാധ്യമങ്ങളോടു പറഞ്ഞു.മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ മഹാരാഷ്ട്ര നിക്ഷേപ സംഗമം 'മാഗ്നറ്റിക് മഹാരാഷ്ട്ര 2.0' ല്‍ ഇതു സംബന്ധിച്ച് ഒപ്പിട്ട പ്രഥമിക കരാര്‍ ആണ് മരവിപ്പിക്കുന്നത്.

പി.പി.എഫ്, ലഘുസമ്പാദ്യ പദ്ധതി പലിശ നിരക്ക് കുറയും

സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം ക്രമമായി ഇടിഞ്ഞുവരുന്ന സാഹചര്യത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു താഴ്ത്താന്‍ കേന്ദ്ര ധനമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും കുറയ്ക്കുമെന്നാണു സൂചന.

സ്വര്‍ണ വില കുതിക്കുന്നു: പവന് 35,680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവാരത്തില്‍. ഇന്ന് പവന് 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില.

കേരളത്തില്‍ കാലവര്‍ഷം ഇതുവരെ 10% കുറവ്

കേരളത്തില്‍ കാലവര്‍ഷം ഇതുവരെ 10% കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിയേക്കാള്‍ കുറവ് മഴയാണ് പെയ്യുന്നത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്.അതേസമയം, ഞായറാഴ്ച വടകരയില്‍ പെയ്തത് റെക്കോര്‍ഡ് മഴയായിരുന്നു. 24 മണിക്കൂറില്‍ 249 മില്ലിമീറ്റര്‍. സംസ്ഥാനത്ത് ഞായറാഴ്ച ശരാശരി 51.5 മില്ലിമീറ്റര്‍ മഴ പെയ്തു. കാലവര്‍ഷം ആരംഭിച്ചശേഷം ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്.

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ? ഹൈക്കോടതി

വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it