Top

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 25, 2020

ഇന്ന് സംസ്ഥാനത്ത് 123 കോവിഡ് രോഗബാധിതര്‍

കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ്-19. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 100 മുകളില്‍ പുതിയ കോവിഡ് രോഗികള്‍. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8.

ഇന്ത്യയില്‍ ഇന്ന്

രോഗികള്‍: 473,105 (ഇന്നലെ : 456,183 )

മരണം : 14,894 (ഇന്നലെ : 14,476 )

ലോകത്ത് ഇന്ന്

രോഗികള്‍ : 9,263,466 (ഇന്നലെ : 9,263,466 )

മരണം: 477,584 (ഇന്നലെ : 477,584 )

ഓഹരി വിപണിയില്‍ ഇന്ന്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു. ജൂണ്‍ സീരിസ് ഡെറിവേറ്റീവ്സിന്റെ കരാര്‍ കാലാവധി തീരുന്നതായിരുന്നു പ്രധാന കാരണം. സെന്‍സെക്സ് 27 പോയ്ന്റ് ഇടിഞ്ഞ് 34,842ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 34,500 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 16 പോയ്ന്റ് താഴ്ന്ന് 10,300ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ ഐറ്റിസിയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എച്ച് യു എല്‍ എന്നിവരും നേട്ടമുണ്ടാക്കിയവരില്‍ പെടുന്നു. ഏഷ്യന്‍ പെയ്ന്റ്സാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ ഒന്ന്.

കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് എന്നീ ഓഹരികള്‍ ഇന്ന് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്നും ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വില ഇന്നു താഴ്ന്നു. പതിനൊന്ന് കേരള കമ്പനികളുടെ വില ഇന്ന്, ഇന്നലത്തേതിനേക്കാളും താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇന്ന് വില ഉയര്‍ന്നവയുടെ ഗണത്തില്‍ പെടും.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22കാരറ്റ്) : 4,451 രൂപ ഇന്നലെ (4,470 രൂപ )

ഒരു ഡോളര്‍ : 75.59 (ഇന്നലെ : 75.62 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude37.52-0.49
Brent Crude39.94-0.37
Natural Gas1.555-0.042

മറ്റു പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

കേരളത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു

തുടര്‍ച്ചയായി പത്തൊമ്പതാമത്തെ ദിവസവും വിലകൂട്ടിയതോടെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നു. 80.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിനാകട്ടെ 76.05 രുപയും. 19 ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസല്‍വില 8.5രൂപയും പെട്രോള്‍വില 10.49 രൂപയുമാണ് കൂടിയത്.

ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യയും ചൈനയും തമ്മില്‍ ഉണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യാ- ചൈനാ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ മേഖലയില്‍ ആഗോള പ്രതിസന്ധി: ഐ എം എഫ്

നേരത്തെ കണക്കാക്കിയതിലും താഴെയാകും ആഗോള സാമ്പത്തിക വളര്‍ച്ചയെന്ന് വ്യക്തമാക്കി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് റിപ്പോര്‍ട്ട്.കൊറോണ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമാകുന്നതിനാല്‍ ആഗോള ജി ഡി പി ഈ വര്‍ഷം 4.9 ശതമാനം താഴുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക സമ്പദ്ഘടനയെ കുറിച്ചുള്ള മറ്റ് പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പുതിയ റിപ്പോര്‍ട്ട്. ആഗോള സമ്പദ്ഘടനയില്‍ 5.2 ശതമാനത്തിന്റെ കുറവ് ലോകബാങ്ക് പ്രവചിച്ചിരുന്നു.

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലാ പങ്കാളിത്തം ഗുണകരം: ഐ എസ് ആര്‍ ഒ

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ഐ എസ് ആര്‍ ഒ . വിക്ഷേപണ വാഹന നിര്‍മ്മാണവും ഉപഗ്രഹ നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് കടന്നു വരാമെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയിച്ചു

റിബില്‍ഡ് കേരള: കെപിഎംജിയുമായി 6.82 കോടി രൂപയുടെ കരാര്‍ വരുന്നു

റിബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് (ആര്‍കെഐ) മാനേജ്‌മെന്റ സേവന പിന്തുണ ലഭ്യമാക്കാന്‍ കെപിഎംജി അഡൈ്വസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി നിലവില്‍ വരുന്നത് 6.82 കോടി രൂപയുടെ പേയ്‌മെന്റ് കരാര്‍. രണ്ട് വര്‍ഷത്തേക്കുള്ള പ്രോജക്ട് മാനേജ്‌മെന്റ് സപ്പോര്‍ട്ട് സര്‍വീസ് (പിഎംഎസ്എസ്) കരാറിനാണ് ആര്‍കെഐ രൂപം നല്‍കുന്നത്.

'ഫെയര്‍' ഇല്ലാതെ ഇനി 'ഫെയര്‍ ആന്‍ഡ് ലവ്‌ലി': പേര് മാറ്റാന്‍ യൂണിലിവര്‍

ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്.

ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

ജൂലൈ ഒന്നു മുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്‌മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് 'കോവിഡ്19 മരുന്ന്' അയച്ചു; ഒരു കുപ്പിക്ക് 5,400 രൂപ

കോവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍, രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കയച്ചു. റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മിക്കാനും വിപണനം ചെയ്യാനും അനുമതിയുള്ള ഹൈദരബാദ് ആസ്ഥാനമായുള്ള ഹെറ്റെറോ എന്ന കമ്പനിയാണ് 20,000 കുപ്പി മരുന്ന് സംസ്ഥാനങ്ങളിലേക്കയച്ചിരിക്കുന്നത്. കോവിഫോര്‍ എന്ന പേരിലാണ് ഇത് ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്.200 മില്ലിഗ്രാം മരുന്നുള്ള ഒരു കുപ്പിക്ക് 5,400 രൂപയാണ് വിലയെന്ന് നിര്‍മാതാക്കളായ ഹെറ്റെറോ അറിയിച്ചു. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷം കുപ്പി മരുന്ന് കമ്പനി നിര്‍മിക്കുമെന്നും ഹെറ്റെറോ വ്യക്തമാക്കി.

എംസിഎക്‌സിന് ഗോള്‍ഡ് മിനി , സില്‍വര്‍ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി

രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്‌ചേഞ്ചായ എംസിഎക്‌സിന് ഗോള്‍ഡ് മിനി ( 100 ഗ്രാം) സില്‍വര്‍ ( 5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ് മാസത്തില്‍ കാലാവധി കഴിയുന്നത് മുതലുള്ള ഗോള്‍ഡ് മിനി ഓപ്ഷന്‍, ഫ്യൂച്ചര്‍ വ്യാപാരങ്ങള്‍ ആരംഭിക്കുമെന്ന് എംസിഎകസ് അധികൃതര്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയ്യതി കാലാവധി കഴിയുന്ന രീതിയില്‍ മൂന്ന് മാസത്തേക്കുള്ള കരാറുകള്‍ ലഭ്യമാകും.സ്വര്‍ണ്ണ വിപണിയിലെ ചെറുകിട-ഇടത്തരം ഇടപാടുകാരെ ഗോള്‍ഡ് മിനി വ്യാപാരം ആകര്‍ഷിക്കുമെന്നാണ് എംസിഎക്‌സിന്റെ പ്രതീക്ഷ.

ആദായ നികുതി റിട്ടേണ്‍ ജൂലൈ 31 വരെ; ആധാര്‍,പാന്‍ ലിങ്കിങ്ങിന് 2021 മാര്‍ച്ച് 31 വരെ സമയം

രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഇതിന് പുറമെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ സമയം അനുവദിച്ചു.2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. മുമ്പ് 30 ജൂണ്‍ ആയിരുന്നു.2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആയും മാറ്റി. 31 ഓക്ടോബര്‍ ആയിരുന്നു നേരത്തെ നിശ്ചയിച്ച അവസാന തീയതി.

ഹിന്ദുജ കുടുംബത്തിലെ സ്വത്തു തര്‍ക്കം രൂക്ഷം

ഹിന്ദുജ കുടുംബത്തിലെ 11.2 ബില്യണ്‍ ഡോളറിന്റെ സ്വത്ത് സംബന്ധിച്ച വ്യവഹാരം അതിരൂക്ഷം. സ്വത്തുവിഭജനത്തിന് 2014ല്‍ ഉണ്ടാക്കിയെന്നു പറയുന്ന കരാര്‍ റദ്ദാക്കാന്‍ മൂത്ത സഹോദരന്‍ ശ്രീചന്ദ് ഹിന്ദുജ ലണ്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടു പുത്രിമാര്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയ പുത്രി വിനൂ ആണ് ഇളയച്ഛന്മാര്‍ക്കെതിരെ കേസ് നടത്തുന്നത്

ഇന്ധന നികുതി: 2 മാസത്തെ കേന്ദ്രവരുമാനം 40000 കോടി

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2020 21) ആദ്യ രണ്ടു മാസക്കാലമായ ഏപ്രില്‍-മേയ് കാലയളവില്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 39,955.42 കോടി രൂപ. ഏപ്രിലില്‍ 10,559.82 കോടി രൂപയും മേയില്‍ 29,395.60 കോടി രൂപയും. നടപ്പുവര്‍ഷത്തെ ലക്ഷ്യമായ 2.48 ലക്ഷം കോടി രൂപയുടെ 16 ശതമാനമാണിത്.

സൈബര്‍ അക്രമികളെ വീഴ്ത്തുന്ന ബഗ് ഹണ്ടര്‍മാര്‍ക്ക് ഇത് സുവര്‍ണ്ണ കാലം

'വര്‍ക്ക് ഫ്രം ഹോം' ശൈലി സജീവമായതോടെ സൈബര്‍ അക്രമികളെ പ്രതിരോധിക്കുന്ന 'ബഗ് ഹണ്ടര്‍മാര്‍'ക്ക് ലോകമാകെ കൈവന്നിരിക്കുന്നത് അപ്രതീക്ഷിത സുവര്‍ണകാലം. ഹാക്കര്‍മാരെ ഫലപ്രദമായി വേട്ടയാടുന്നതിലൂടെ ഇന്ത്യയിലും ലക്ഷങ്ങളാണവര്‍ കൊയ്തുകൊണ്ടിരിക്കുന്നത്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകാം: ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായത്ര പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നുചേരുമെന്ന ഭയാശങ്കയുമായി ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

1,964 കോടി തിരിച്ചു കിട്ടി, നിക്ഷേപകര്‍ക്ക് നല്‍കും: ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍

പ്രവര്‍ത്തനം മരവിപ്പിച്ച ആറു ഫണ്ടുകളിലെ 1,964 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടിയതായി ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകരെ അറിയിച്ചു. ബാങ്കുകളിലെ ബാധ്യത തീര്‍ത്ത ശേഷം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങുമെന്ന് ടെംപിള്‍ടണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് സാപ്രെ വ്യക്തമാക്കി.തിരികെ ലഭിച്ച നിക്ഷേപത്തുകകള്‍ ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it