Top

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 27, 2020

കേരളത്തില്‍ ഇന്ന് 195 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 195 കോവിഡ് ബാധിതര്‍. കഴിഞ്ഞ ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മലപ്പുറം ജില്ലയില്‍ മാത്ര 47 പേര്‍ക്ക് കോവിഡ്. പാലക്കാട് ജില്ലയില്‍ 25, തൃശൂര്‍ ജില്ലയില്‍ 22 പേര്‍, കോട്ടയം ജില്ലയില്‍ 15 പേര്‍, എറണാകുളം ജില്ലയില്‍ 14 പേര്‍, ആലപ്പുഴ ജില്ലയില്‍ 13 പേര്‍, കൊല്ലം ജില്ലയില്‍ 12 പേര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 പേര്‍, കോഴിക്കോട് ജില്ലയില്‍ 8 പേര്‍, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍, വയനാട് ജില്ലയില്‍ 5 പേര്‍, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍, ഇടുക്കി ജില്ലയില്‍ 2 പേര്‍ എ്‌നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. കുവൈത്ത്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹ്റൈന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 2,463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ത്യയില്‍ ഇന്ന്

രോഗികള്‍: 508,953 (ഇന്നലെ : 473,105)

മരണം : 15,685 (ഇന്നലെ : 14,894 )

ലോകത്ത് ഇന്ന്

രോഗികള്‍ : 9,773,855 (ഇന്നലെ : 9,263,466)

മരണം: 493,477 (ഇന്നലെ : 477,584)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

രു ഗ്രാം സ്വര്‍ണം (22കാരറ്റ്) : 4490 രൂപ (ഇന്നലെ 4,440രൂപ )

ഒരു ഡോളര്‍ : 75.63 (ഇന്നലെ : 75.69 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude38.49-0.23
Brent Crude41.02-0.03
Natural Gas1.495+0.013

സ്വര്‍ണ വില ഇന്ന് 2 തവണ ഉയര്‍ന്നു; പവന് 35920 രൂപ

സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ. രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. ഉച്ചയ്ക്ക് 15 രൂപ വീണ്ടും കൂടിയതോടെ പവന് സര്‍വകാല റെക്കോര്‍ഡ് വിലയായ 35,920ല്‍ എത്തുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള ഒരു കാരണമെന്ന സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില ഉയരാനാണ് സാധ്യത.

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍:

ഇന്ത്യന്‍ ഓയിലിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5185 കോടി രൂപ നഷ്ടം

ക്രൂഡ് ഓയ്ല്‍ വില ഇടിവിനെത്തുടര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5185 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്ഥാപനത്തിന് 6,099 കോടി രൂപയുടെ ലാഭമായിരുന്നു. കൂടാതെ കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 1,313 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 16,894 കോടി രൂപയായിരുന്നു.

ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തി മേരീ മീക്കേഴ്‌സ് ഫണ്ട് ബോണ്ട്; ബൈജൂസ് ഇനി രണ്ടാമത്തെ മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ്

ബൈജൂസ് ആപ്പില്‍ പുതിയ നിക്ഷേപം എത്തുന്നു, അതും സിലിക്കണ്‍ വാലിയിലെ ആദ്യ വനിതാ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റായ മേരി മീക്കേഴ്‌സ് ഫണ്ട് ബോണ്ടില്‍ നിന്നും. ഇത്തരത്തില്‍ മേരീ മീക്കര്‍ ബോണ്ടില്‍ നിന്നും രാജ്യത്തേക്കെത്തുന്ന ആദ്യ നിക്ഷേപം കൂടിയാണ് ഇത്. ഈ പുതിയ നിക്ഷേപം കൂടെ ആകുമ്പോള്‍ രാജ്യത്ത് പേടിഎം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് ആപ്പ് മാറുകയാണ്. ബോണ്ട് ഫണ്ട് കൂടെ എത്തുമ്പോള്‍ കമ്പനിയുടെ മൂലം 10.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ചൈനീസ് വസ്തു ഇറക്കുമതി ഉപേക്ഷിക്കാനാകില്ലെന്ന് മാരുതി, ബജാജ് സാരഥികള്‍

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഇന്ത്യയിലെ ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങള്‍ക്കു സ്വീകരിക്കുക വിഷമകരമാകുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ബദല്‍ വികസിപ്പിക്കാതെ ഇറക്കുമതി തടയുന്നതിനായുള്ള ഏതൊരു നീക്കവും പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്ന് വിവിധ സംരംഭകരുടെ അഭിപ്രായം രേഖപ്പെടുത്തി റിപ്പോര്‍ട്ടില്‍ പറയുന്നു.
'വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളിലധികവും ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. അതൊന്നുമില്ലാതെ ഒരു കാര്‍ നിര്‍മിക്കാനും നമ്മുക്കാവില്ല. ഒന്നുകില്‍ തദ്ദേശീയമായി സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. അല്ലെങ്കില്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കണം. അതുമാത്രമാണ് മുന്നിലുള്ള ഒരേയൊരുവഴി' മാരുതി ചെയര്‍മാര്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

മൈനസ് അഞ്ചു ശതമാനാകും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച: എസ് ആന്‍ഡ് പി റേറ്റിംഗ്

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച ഈ വര്‍ഷം മൈനസ് അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി. ആഴമേറിയ പ്രതിസന്ധിയാണ് സമ്പദ്വ്യവസ്ഥയിലുള്ളതെന്ന് ഏജന്‍സി വിലയിരുത്തി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ മൈനസ് 4.5 ശതമാനത്തിലേക്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഈയിടെ പ്രവചിച്ചത്. 2020 ഏപ്രിലില്‍ നടത്തിയ പ്രവചനത്തില്‍ മൈനസ് 1.9 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് കണക്കാക്കിയത്. അതേസമയം, സമ്പദ്വ്യവസ്ഥയില്‍ 3.2 സങ്കോചം ലോക ബാങ്ക് പ്രവചിക്കുന്നു.

ഞായറാഴ്ചകളില്‍ ഇനി സമ്പൂര്‍ണ ലോക്ഡൗണില്ല

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക് ഡൗണ്‍ പിന്‍വലിച്ചു. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. അതേസമയം, ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി.

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാള്‍ മുന്നില്‍: പ്രധാനമന്ത്രി

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെതിരായി ജനങ്ങള്‍ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് 19 സമ്പദ്ഘടന താറുമാറാക്കി; ജീവിതരീതിയെ ബാധിച്ചു: വിദേശകാര്യമന്ത്രി

കോവിഡ് 19 വ്യാപനം, തെറ്റായ വിവരങ്ങളുടെ വ്യാപനം എന്നീ രണ്ടു വലിയ ആക്രമണങ്ങളാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. മഹാമാരി രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാലു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തതിന് പുറമേ നമ്മുടെ ജീവിതരീതിയെ, തൊഴിലിനെ, യാത്രകളെ, പരസ്പരമുള്ള ബന്ധത്തെ ബാധിച്ചു.- ജയശങ്കര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ എംഎസ്എംഇ കള്‍ക്ക് വായ്പാ സഹായവുമായി കെഎഫ്‌സി; വിശദാംശങ്ങളറിയാം

ലോക്ക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സംരംഭം തുറക്കുമ്പോള്‍ എത്രമാത്രം പണമൊഴുക്ക് സൃഷ്ടിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ക്കാകുമെന്ന ആശങ്കയാണ് വ്യവസായ ലോകം പങ്കുവെക്കുന്നത്. ഈ അവസരത്തിലാണ് എംഎസ്എംഇകള്‍ക്ക് വായ്പാ സഹായവുമായി കെഎഫ്സി മുന്നോട്ട് വന്നിരിക്കുന്നത്. കോവിഡിനെ മുന്‍ നിര്‍ത്തി മൂന്നു തരം വ്യത്യസ്ത വായ്പകളാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) അവതരിപ്പിച്ചിട്ടുള്ളത്.

വന്ദേ ഭാരത് നാലാം ഘട്ടം ജൂലായ് ആദ്യം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്. ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ.

ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി

ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍വീസുകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്തുന്നതിനാണ് അനുമതി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതലാണ് പുനരാരംഭിച്ചത്. വിമാന കമ്പനികള്‍ക്ക് ശേഷിയുടെ മൂന്നില്‍ ഒന്ന് സര്‍വീസ് നടത്താനായിരുന്നു അന്ന് നല്‍കിയ അനുമതി. ഇതാണിപ്പോള്‍ 45 ശതമാനമായി ഉയര്‍ത്തിയത്.

കോവിഡ് ചികില്‍സയ്ക്ക് സ്റ്റിറോയിഡ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

കോവിഡ് ഗുരുതരമായ രോഗികള്‍ക്ക് വില കുറഞ്ഞ സ്റ്റിറോയിഡ് മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഡെക്സാമെതാസണ്‍ എന്ന മരുന്നാണ് രോഗികള്‍ക്കു നല്‍കുക. ബ്രിട്ടിനില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവിഡ് രോഗിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മരുന്നിന്റെ ഉല്‍പാദനം കൂട്ടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങളില്‍ തുടങ്ങി അലര്‍ജിക്ക് വരെ ഡെക്സാമെതാസണ്‍ ഉപയോഗിക്കുന്നുണ്ട്.

നാല് റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ താല്‍പര്യമറിയിച്ച് 32 സ്വകാര്യ കമ്പനികള്‍

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവുമായി റെയില്‍വെ മുന്നോട്ടുപോകുന്നു. രാജ്യത്തെ നാല് പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി ഇതിനകം 32 കമ്പനികളാണ് താല്‍പര്യം പ്രകടിപ്പിച്ചത്.നാഗ്പുര്‍, ഗ്വാളിയോര്‍, അമൃത് സര്‍, സബര്‍മതി സ്റ്റേഷനുകളാണ് പിപിപി മാതൃകയില്‍ നവീകരിക്കുന്നത്. നാലുസ്റ്റേഷനുകളിലായി 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച സ്വകാര്യ പങ്കാളിത്തംതേടിയത്.

പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബ രാംദേവ് അടക്കം അഞ്ച് പേര്‍ക്കെതിരേ എഫ്‌ഐആര്‍

കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്ക് എതിരേ കേസ്. ജയ്പുര്‍ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് കൊറോണില്‍ കോവിഡ് ഭേദമാക്കുന്ന മരുന്നായി പ്രചരിപ്പിച്ച് ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it