ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 29, 2020

ഇന്ന് സംസ്ഥാനത്ത് 121 കോവിഡ് ബാധിതര്‍ കൂടി. ചൈനീസ് ചരക്കുകള്‍ തുറമുഖങ്ങളില്‍ തടഞ്ഞുവെക്കുന്നതിനെതിരെ ഗഡ്കരി. സെന്‍സെക്സ് 210 പോയ്ന്റ് ഇടിഞ്ഞ് 34,961.52 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 71 പോയ്ന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 10,312 ല്‍ ക്ലോസ് ചെയ്തു. ഇന്നത്തെ പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

-Ad-
ഇന്ന് കേരളത്തില്‍ 121 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ട്. ഇന്ന് മാത്രം 79 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ . സമ്പര്‍ക്കം വഴി 5 പേര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉള്‍പ്പെടുന്നു.

തൃശൂര്‍- 26, കണ്ണൂര്‍- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസര്‍കോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്.

-Ad-
ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 548,318 (ജൂണ്‍ 27:508,953)

മരണം: 16,475 (ജൂണ്‍ 27 : 15,685)

ഇന്ന് ലോകത്ത്

രോഗികള്‍ : 10,145,791 (ജൂണ്‍ 27 :9,773,855 )

മരണം: 501,893 (ജൂണ്‍ 27 : 493,477 )

ഓഹരി വിപണിയില്‍ ഇന്ന്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ചു ശതമാനത്തോളം ചുരുങ്ങുമെന്ന ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാര്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ അനുമാനം വിപണിയെ ഉലച്ച ദിവസമാണിന്ന്. ഫിനാന്‍ഷ്യല്‍, മെറ്റല്‍ സ്റ്റോക്കുകള്‍ താഴേയ്ക്ക് പോയപ്പോള്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ഇടിഞ്ഞത് 0.5 ശതമാനം. കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സെന്‍സെക്സ് 210 പോയ്ന്റ് ഇടിഞ്ഞ് 34,961.52 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി 71 പോയ്ന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 10,312 ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

വെറും മൂന്ന് കേരള കമ്പനികളാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. സിഎസ്ബി ബാങ്ക്, ജിയോജിതി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍. ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്തെ കമ്പനികള്‍ ഇന്ന് താഴേക്ക് പോയപ്പോള്‍ വിപണിയുടെ ട്രെന്‍ഡിനെതിരെ പോയത് സിഎസ്ബിയും ജിയോജിതുമാണ്. ജിയോജിത് തുടര്‍ച്ചയായി നിലമെച്ചപ്പെടുത്തികൊണ്ടുവരികയാണ്. ഇന്ന് ആറുശതമാനത്തിലേറെ വില ഉയര്‍ന്നു. വിപണിയില്‍ റീറ്റെയ്ല്‍ പ്രാതിനിധ്യം കൂടുന്നതും സ്വതവേയുള്ള വളര്‍ച്ചയ്ക്കു പുറമേ, കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഏറ്റെടുക്കലുകളെല്ലാം കമ്പനി ഗൗരവമായി പരിഗണിക്കുന്നതും ജിയോജിതിന് കരുത്താകുന്നുണ്ട്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4490 രൂപ, (ജൂണ്‍ 27 ലെ വില: 4490 രൂപ

ഒരു ഡോളര്‍ : 75.51 രൂപ (ജൂണ്‍ 27 ലെ വില: 75.63 രൂപ

ക്രൂഡ് ഓയ്ല്‍ നിരക്ക്
WTI Crude38.65+0.16
Brent Crude41.07+0.05
Natural Gas1.596+0.052
മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍
ചൈനീസ് ചരക്കുകള്‍ തുറമുഖങ്ങളില്‍ തടഞ്ഞുവെക്കുന്നതിനെതിരെ ഗഡ്കരി

ഗല്‍വാനിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് തുറമുഖങ്ങളില്‍ ചൈനയില്‍നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് തുറമുഖങ്ങളില്‍ ചൈനയില്‍നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്.

വീണ്ടും പ്രകോപനം; അഞ്ചിടത്തുകൂടി ഇന്ത്യന്‍ റോന്തുചുറ്റല്‍ തടസ്സപ്പെടുത്തി ചൈന

ഗാല്‍വന്‍ താഴ്വരയില്‍ ദശാബ്ദങ്ങളായി ഇന്ത്യ റോന്തു ചുറ്റുന്ന പട്രോള്‍ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘര്‍ഷം നടന്ന പി.പി. 14 മേഖലയില്‍ ആധിപത്യം സ്ഥാപിച്ച് വൈ ജങ്ഷനില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനു പിന്നാലെയാണിത്. ദൗലത്ത് ബാഗ് ഓള്‍ഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍മാത്രം അകലെയാണ് ഗാല്‍വന്‍ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷന്‍.

മഹാരാഷ്ട്രയില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ തുടരും

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെയ്ജിങ്ങിന് സമീപം വീണ്ടും കോവിഡ് കേസുകള്‍, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

കോവിഡ് 19 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. ഹെബി പ്രവിശ്യയിലെ അന്‍ക്സിന്‍ കൗണ്ടിയിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് അന്‍ക്സിന്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചത്. നാലു ലക്ഷം പേരെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധിക്കുക.അവശ്യ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് വീട്ടില്‍നിന്ന് പുറത്തിങ്ങാന്‍ അനുവാദം.

ഗാല്‍വനില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് വിവരമില്ല: ചൈനയില്‍ ഭരണകൂടത്തിനുനേരെ പ്രതിഷേധം

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ ചൈനയില്‍ ഭരണകൂടത്തിനുനേരെ പ്രതിഷേധം. ചൈനയിലെ സാമൂഹികമാധ്യമമായ ‘വീബോ’യിലൂടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മരിച്ചസൈനികരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ആസ്ഥാനമായ ‘ബ്രീറ്റ്ബാര്‍ട്ട് ന്യൂസ്’ റിപ്പോര്‍ട്ടുചെയ്തു. വീബോയിലൂടെ ദേഷ്യവും സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നവരെ ശാന്തരാക്കാന്‍ ഭരണകൂടം പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്.

അലാസ്‌കന്‍ തീരത്ത് റഷ്യന്‍ നിരീക്ഷണ വിമാനങ്ങള്‍; തടഞ്ഞ് യു.എസ്. യുദ്ധവിമാനങ്ങള്‍

അമേരിക്കയിലെ അലാസ്‌കന്‍ തീരത്തെത്തിയ നാല് റഷ്യന്‍ നിരീക്ഷണവിമാനങ്ങളെ യു.എസ്. യുദ്ധവിമാനങ്ങള്‍ തടഞ്ഞു. ചുറ്റിത്തിരിഞ്ഞ വിമാനങ്ങളെ യു.എസിന്റെ എഫ്-22 വിമാനങ്ങളെത്തി പിന്തിരിപ്പിക്കുകയായിരുന്നെന്ന് നോര്‍ത്ത് അമേരിക്കന്‍ എയറോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (നോറാഡ്) വ്യക്തമാക്കി. റഷ്യയുടെ ആണവശേഷിയുള്ള വിമാനങ്ങള്‍ മുമ്പ് മൂന്നുതവണ ഇവിടെ എത്തിയിരുന്നു.

തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം പരീക്ഷിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം റെയില്‍വേ പരീക്ഷിക്കുന്നു. സിനിമാ തിയേറ്ററുകളിലെപോലെ പുറത്തുനിന്നുള്ള നല്ല വായു അകത്തേക്കും അകത്തുള്ള വായു പുറത്തേക്കും കടത്തിവിട്ടുകൊണ്ടുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. മേയ് 12 മുതല്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന 15 രാജധാനി എക്സ്പ്രസുകളിലാണ് പുതിയ സംവിധാനം പരീക്ഷിച്ചുവരുന്നത്. ഇത് വിജയകരമായാല്‍ എല്ലാ എ.സി. തീവണ്ടികളിലും ഈ സംവിധാനമാണ് നടപ്പാക്കുക.

മൂന്ന് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി ഇന്റലിജന്‍സ് ; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഡല്‍ഹി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നേരത്തെ ഡല്‍ഹിയില്‍ ഭീകരാക്രണണ സാദ്ധ്യതയുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയാണ് ഡല്‍ഹിയെ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തല്‍ക്കാല്‍ റിസര്‍വേഷന്‍ സൗകര്യം 230 ട്രെയിനില്‍

നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്‌പെഷല്‍ ട്രെയിനുകളിലേക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ പുനരാരംഭിച്ചു. തല്‍ക്കാല്‍ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക. ജൂണ്‍ 30 മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

വന്‍ തോതില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്‌സ് കമ്പനികള്‍

കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് മുന്നേറിയതോടെ വന്‍ തോതില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്‌സ് കമ്പനികള്‍. ആമസോണ്‍, ഗ്രോഫേഴ്‌സ്, പേടിഎം മാള്‍ തുടങ്ങിയവയെല്ലാം റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിക്കുകയാണ്.
പഴങ്ങളും പച്ചക്കറികളും പോലെയുള്ളവയുടെ ദൈനംദിന ഷോപ്പിംഗിനായി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിക്കുന്നതു മൂലം ഇത്തരം കമ്പനികളുടെ ബിസിനസ്സില്‍ പ്രകടമായ വളര്‍ച്ചയുണ്ട്. മറ്റ് മേഖലകളിലെ പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ ഉദ്യോഗ നിയമനത്തില്‍ ഇവര്‍ക്ക് ശ്രദ്ധയൂന്നേണ്ടിവന്നത് ഇക്കാരണത്താലാണ്.

എം.എസ്.എം.ഇകള്‍ക്കായി എസ്ബിഐ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിക്കും

എം.എസ്.എം.ഇ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ സ്ഥാപിക്കും.ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു. ഭാരത് ക്രാഫ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന പോര്‍ട്ടല്‍ ബാങ്കും സര്‍ക്കാരും സംയുക്തമായായിരിക്കും നടത്തുക. ചെറുകിട, കുടില്‍ വ്യവസായികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി വളരെ മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വളരെയധികം താമസമുണ്ടായി. ധാരാളം ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ക്കേണ്ടതുണ്ടായിരുന്നതിനാലാണ് വൈകിയതെന്ന് രജനിഷ് കുമാര്‍ അറിയിച്ചു.

സമൂഹവ്യാപനം തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളുണ്ടാകണമെന്ന് വൈറോളജി വിദഗ്ധന്‍

കോവിഡ് 19 വൈറസ് ബാധയുടെ സമൂഹവ്യാപനം തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ് കേരളം ചെയ്യേണ്ടതെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ ടി. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19-നെതിരെയുള്ള കേരളത്തിന്റെ പോരാട്ടം ശരിയായ വഴിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രതയും മുന്‍കരുതലുകളും കേരളം തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കരാര്‍ നിലവിലുണ്ട്; ഡാറ്റയുടെ നിയന്ത്രണം സി ഡിറ്റിന്

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും കോവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സി ഡിറ്റിന് ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങന്ന ബഞ്ച് പരിഗണിച്ചത്. കേസ് ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും

ഒരു ടിബി ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പെന്‍ഡ്രൈവ് ഇന്ത്യയില്‍ പുറത്തിറക്കി

ഒരു ടെറാബൈറ്റ് (ടിബി) സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി-സ്മാര്‍ട്ട്‌ഫോണ്‍ പെന്‍ഡ്രൈവ് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ പുറത്തിറക്കി. സെക്കന്‍ഡില്‍ 150 എംബിവരെ വേഗമുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്. 13,259 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്, ലാപ്‌ടോപ്, ഡെസ്‌ക് ടോപ്പ് എന്നിവയുമായി പരസ്പരം ഡാറ്റകൈമാറാന്‍ ശേഷിയുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്.

കറാച്ചിയിലെ പാക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഭീകരാക്രമണം: ആറ് പേര്‍ കൊല്ലപ്പെട്ടു

കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനു (പി.എസ്.എക്സ്) നേരെ ഭീകരാക്രമണം. നാല് അക്രമികളും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു മുന്നില്‍ വരെ സില്‍വര്‍ കൊറോള കാറില്‍ വന്ന നാല് തീവ്രവാദികള്‍ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പിഎസ്എക്സ് കെട്ടിടത്തിന് പുറത്ത് നിലയുറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനും സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗ്രനേഡ് ഏറില്‍ പരിക്കേറ്റു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here