ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 30, 2020

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്. അഞ്ചു മാസത്തേക്ക് 80 കോടി പേര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍. വൈറസ് വ്യാപനത്തിന്റെ ഏറ്റവും തീവ്രഘട്ടം വരുമെന്ന് ലോകാരോഗ്യസംഘടന. ഓഹരിവിപണിയില്‍ ഇന്നും ഇടിവ്. ഇന്നത്തെ പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

-Ad-
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഇന്നലെ 121 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ്

എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെന്റ്.ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടക്കാന്‍ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു.

-Ad-
ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 566,840 (ഇന്നലെ :548,318 )

മരണം: 16,893 (ഇന്നലെ : 16,475 )

ഇന്ന് ലോകത്ത്

രോഗികള്‍ : 10,278,458 (ഇന്നലെ :10,145,791 )

മരണം: 504,936 (ഇന്നലെ : 501,893 )

ഓഹരി വിപണിയില്‍ ഇന്ന്

വൈകീട്ട് നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പേ വിപണിയിലുണ്ടായ നേട്ടം, പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ നഷ്ടമായി. കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നെങ്കിലും രോഗം ക്രമാതീതമായി വര്‍ധിക്കുന്നതുകൊണ്ട് കാര്യമായ ചലനം വ്യാവസായിക, വാണിജ്യ മേഖലകളിലുണ്ടായിട്ടില്ല. ഇത് വിപണിയെ താഴേക്ക് നയിക്കാന്‍ ഇന്ന് കാരണമായിട്ടുണ്ട്. സെന്‍സെക്‌സ് 46 പോയ്ന്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 34,916 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10 പോയ്ന്റ് ഇടിഞ്ഞ് 10,302ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

തിങ്കളാഴ്ചയില്‍ നിന്ന് വിഭിന്നമായി ഇന്ന് ഒമ്പത് കേരള കമ്പനികള്‍ നിലമെച്ചപ്പെടുത്തി. എന്നാല്‍ തുടര്‍ച്ചയായി വില ഉയര്‍ന്നിരുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് 2.50 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളെല്ലാം ഇന്ന് താഴേയ്ക്ക് പോയി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വില മാത്രമാണ് ഇന്ന് കൂടിയത്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4475 രൂപ, (ഇന്നലത്തെ വില:4490 രൂപ

ഒരു ഡോളര്‍ : 75.51 രൂപ (ഇന്നലത്തെ വില: 75.51 രൂപ

ക്രൂഡ് ഓയ്ല്‍ നിരക്ക്
WTI Crude38.95-0.75
Brent Crude40.99-0.72
Natural Gas1.776+0.067
കൂടുതല്‍ പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍
അഞ്ചു മാസത്തേക്ക് 80 കോടി പേര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍

രാജ്യത്തെ പാവപ്പെട്ട 80 കോടി പേര്‍ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വൈറസ് വ്യാപനത്തിന്റെ ഏറ്റവും തീവ്രഘട്ടം വരുമെന്ന് ലോകാരോഗ്യസംഘടന

കൊറോണവൈറസ് മഹാമാരിയുടെ ഏറ്റവും രൂക്ഷമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന.അപകടകാരിയായ വൈറസിനെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.ചില രാജ്യങ്ങളില്‍ സമ്പദ്ഘടനയും സമൂഹവും തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ കൊറോണവൈറസ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടേറെ ആളുകള്‍ക്ക് രോഗം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെ നേരിടുന്നതില്‍ ചില രാജ്യങ്ങള്‍ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്ന് ടെദ്രോസ് അദനോം മുന്നറിയിപ്പ് നല്‍കി.

കോവിഡ്-19ന് വാക്സിനുമായി ഇന്ത്യന്‍ കമ്പനി; മനുഷ്യരില്‍ പരീക്ഷണം ജൂലൈ മുതല്‍

കോവിഡ്-19നെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷിച്ചുതുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി.

ചൈനീസ് ടയര്‍ ഇറക്കുമതി നിയന്ത്രണത്തെ സ്വാഗതം ചെയ്ത് എംആര്‍എഫ്

ചൈനയില്‍ നിന്നുള്ള ടയറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോവിഡ് പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞുനില്‍ക്കുന്ന ടയര്‍ കമ്പനികള്‍ക്ക് ആശ്വാസമായി മാറുമെന്ന പ്രതീക്ഷയുമായി എംആര്‍എഫ്. നാലാം സാമ്പത്തിക പാദത്തില്‍ പ്രവര്‍ത്തന വരുമാനം 10.93 ശതമാനം ഇടിഞ്ഞ് 3,685.16 കോടി രൂപയായ വിവരം പ്രഖ്യാപിച്ചതിന്റെ അനുബന്ധമായാണ് രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കള്‍ ഇറക്കുമതി നിയന്ത്രണത്തെ സ്വാഗതം ചെയ്തത്.

കോവിഡ് അനിശ്ചിതത്വത്തില്‍ ഉലഞ്ഞ് ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

ഇക്കൊല്ലം പ്രൊഫഷണല്‍ കോളജ് പഠനം കഴിഞ്ഞിറങ്ങുന്ന ബഹുഭൂരിപക്ഷം കുട്ടികളുടെയും കാര്യത്തില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ഫലശൂന്യമായി മാറുന്നു.മുഖ്യമായും കോവിഡ് അനിശ്ചിതത്വം മൂലം 66 % പേരും ഒരു ഓഫറിനുമുള്ള സാധ്യത കാണാതെയാണ് ക്യാമ്പസിനോടു വിട പറയുന്നതെന്ന് ജോബ് പോര്‍ട്ടല്‍ നൗകരി ഡോട്‌കോം നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 82 ശതമാനം കോളേജുകളിലും 2020 ബാച്ചിന്റെ പ്ലേസ്മെന്റ് സാധ്യതയെ കോവിഡ്് ബാധിച്ചു.74 ശതമാനം പ്രീ-ഫൈനല്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് ഓഫറുകളും ഫലശൂന്യമായ സ്ഥിതിയിലാണ്.

സ്വര്‍ണ്ണ പണയ വായ്പയ്ക്കു തിളക്കമേകി ബാങ്കുകള്‍

ബാങ്കിംഗ് ബിസിനസിലെ അവഗണിത മൂലയില്‍നിന്ന് തലയെടുപ്പോടെ പൂമുഖത്തെത്തി നിലകൊള്ളുന്നു കുറേക്കാലമായി സ്വര്‍ണ്ണ പണയ വായ്പാ വിഭാഗം.പരമ്പരാഗത മേഖലകളിലെല്ലാം തന്നെ കിട്ടാക്കടം പെരുകിവരുമ്പോള്‍ സുസ്ഥിര ആസ്തിയും സുഭദ്ര ലാഭക്ഷമതയും സമന്വയിക്കുന്ന സ്വര്‍ണ്ണ പണയത്തിന്റെ കരം പിടിച്ചുമുന്നേറാമെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു അത്യാധുനിക ബാങ്കുകള്‍.

ചൈനയില്‍ പുതിയ തരം വൈറസ്; മഹാമാരിയാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്ളൂ വൈറസ് വകഭേദം കണ്ടെത്തിയത്.

കുടുതല്‍ വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചേക്കും

ടിക് ടോക്കിനു പിന്നാലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്സുകളുടെ ഇറക്കുമതിക്കും ഇന്ത്യില്‍ ഉടനെ നിയന്ത്രണം കൊണ്ടുവന്നേക്കും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കല്‍സ്, വാഹന ഭാഗങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിര്‍മാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകും. കായിക ഉപകരണങ്ങള്‍, ടി.വി സെറ്റുകള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്.

ആപ്പുകള്‍ നിരോധിച്ചതില്‍ പ്രതികരിച്ച് ചൈന

ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് ബിസിനസുകള്‍ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗല്‍വാന്‍ താഴ്വരയില്‍ ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം.ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു.

വിപിഎന്‍ ബ്ലോക്ക് ചെയ്തു; ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭിക്കുന്നില്ല

ഷി ജിന്‍പിങ് സര്‍ക്കാര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് (വിപിഎന്‍ )തടസ്സപ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ചൈനയില്‍ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്‌ക്ടോപ്പുകളിലും എക്സ്പ്രസ് വി.പി.എന്‍ പ്രവര്‍ത്തിക്കുന്നില്ല.ഐ.പി. ടി.വി. വഴി ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ വീക്ഷിക്കാന്‍ സാധിക്കുമെന്ന് ബെയ്ജിങ്ങിലെ നയതന്ത്രവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വെബ്‌സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ചൈന ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം പാസാക്കി

എതിര്‍പ്പുകള്‍ക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഐകകണ്ഠ്യേനയാണ് നിയമം പാസാക്കിയത്. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. നിയമത്തിന്റെ പൂര്‍ണ രൂപം ചൈന പുറത്തുവിട്ടിട്ടില്ല.

യു.എ.ഇ.യിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ.യിലേക്ക് മടങ്ങിയെത്താന്‍ നാളെ മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 17 രാജ്യത്തായി 106 നഗരങ്ങളിലുള്ള യു.എ.ഇ. സര്‍ക്കാര്‍ അംഗീകരിച്ച ലബോറട്ടറികളിലാകണം പരിശോധന നടത്തേണ്ടത്. നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമാണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് നാളെ മുതല്‍ സ്റ്റാമ്പ് ഡൂട്ടി നല്‍കണം. ഒറ്റത്തവണ, എസ്ഐപി, എസ്ടിപി, ഡിവിഡന്റ് റീഇന്‍വെസ്റ്റുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി വേണം. നിക്ഷേപ പിന്‍വലിക്കുമ്പോള്‍ നല്‍കേണ്ടതില്ല. ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നിവയക്കെല്ലാം ഇത് ബാധകമാണ്.

റിസര്‍വ് ബാങ്കില്‍ നിന്ന് അധിക ലാഭവിഹിതം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

കോവിഡ് വ്യാപനം മൂലം നികുതിവരുമാനം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് ലാഭവിഹിതമായി കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നു സൂചന.രാജ്യമൊട്ടാകെ അടച്ചിട്ടത് സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യക്ഷ-പരോക്ഷ നികുതിയിനത്തില്‍ വന്‍ഇടിവുണ്ടായി. പ്രതീക്ഷിച്ച ചരക്കുസേവനനികുതിയും ലഭിച്ചില്ല. പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും ഇതുവരെ നടന്നില്ല. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കില്‍നിന്ന് കൂടുതല്‍തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പൊതുവിദ്യാഭ്യാസത്തിന് ലോക ബാങ്കിന്റെ 571. 98 കോടി

കേരളം ഉള്‍പ്പെടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് 3431. 88 കോടി രൂപയുടെ ലോകബാങ്ക് സഹായം. കേരളത്തിന് 571. 98 കോടി രൂപ ലഭിക്കും.ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും സമാന തുക ലഭിക്കും. 60 40 അനുപാതത്തില്‍ 381.32 കോടി രൂപ കേരളം വഹിക്കണം. ആകെ പദ്ധതി തുക 953.30 കോടി രൂപയാണ്.

കേരളത്തിന്റെ ജിഡിപി 5.1 ശതമാനം ചുരുങ്ങുമെന്നു പ്രവചനം

ഇന്ത്യാ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പഠനമനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.1 ശതമാനം ചുരുങ്ങും. ജിഎസ്ഡിപി വളര്‍ച്ചയില്‍ ഇരട്ട അക്ക സങ്കോചത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങള്‍ അസം, ഗോവ, ഗുജറാത്ത്, സിക്കിം എന്നിവയാണ്. ലോക്ക്ഡൗണ്‍ സമയത്ത് പ്രവര്‍ത്തനരഹിതമായിരുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി വിവിധ സംസ്ഥാനങ്ങള്‍ക്കായി ജിഎസ്ഡിപി കണക്കാക്കിയിട്ടുള്ളത്.എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1.4 ശതമാനം മുതല്‍ 14.3 ശതമാനം വരെ ചുരുങ്ങുമെന്നാണ് കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here