ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 08

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. എറണാകുളത്താണ് പുതിയ കോവിഡ് കേസ്.

ഇന്ത്യയില്‍

ഇതുവരെ 56,342 രോഗികള്‍, 1,886 കൊറോണ മരണങ്ങള്‍.

ലോകത്ത്

ഇതുവരെ 3,845,718 കോവിഡ് കേസുകള്‍. 269,567 മരണങ്ങള്‍.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 'പൂജ്യ' ത്തിലെത്തും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച പൂജ്യം ശതമാനമായേക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. നെഗറ്റീവ് റേറ്റിംഗ്, ജിഡിപി വളര്‍ച്ച കഴിഞ്ഞ കാലങ്ങളിലേതിനേക്കാള്‍ വളരെയേറെ താഴെയായിരിക്കുമെന്നതിന്റെ പ്രതിഫലനമാണെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.

എച്ച് വണ്‍ ബി വിസ നിരസിക്കുന്നതിന്റെ നിരക്കില്‍ 30 ശതമാനം വര്‍ധന

അമേരിക്കയിലെ ജോലി സ്ഥലങ്ങളില്‍ ജീവനക്കാരെ വിന്യസിക്കാന്‍ ഐറ്റി കമ്പനികളും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും സമര്‍പ്പിക്കുന്ന വിസ അപേക്ഷകള്‍ നിരസിക്കുന്നതിന്റെ നിരക്കില്‍ FY 20 യുടെ ആദ്യ പാദത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. FY17 ലെ ഇതേ കാലഘട്ടത്തില്‍ ഈ നിരക്ക് 13 ശതമാനമായിരുന്നു. കോഗ്‌നിസെന്റ് (60%) ഇന്‍ഫോസിസ് (59%), ഡിലോയ്റ്റ് (40%) എന്നീ കമ്പനികളാണ് വിസ നിരസിക്കപ്പെട്ട കമ്പനികളുടെ പട്ടികയിലെ മുന്‍നിരക്കാര്‍

ഗോവ പുതിയ തായ്ലന്റ് ആകും, കൂര്‍ഗ് പുതിയ സ്വിറ്റ്സര്‍ലന്റും: റിതേഷ് അഗര്‍വാള്‍

ഇപ്പോഴത്തെ പ്രതിസന്ധി ട്രാവല്‍, ഏവിയേഷന്‍ മേഖലകളെയാണ് ഏറ്റവും ബാധിച്ചിരിക്കുന്നതെന്ന് ഓയോ സ്ഥാപകന്‍ റിതേഷ് പറയുന്നു. വിമാനത്തില്‍ പോകുന്ന യാത്രകള്‍ക്ക് പകരം ഡ്രൈവ് ചെയ്ത് പോകുന്ന വാരാന്ത്യയാത്രകള്‍ പോലുള്ളവയില്‍ ശ്രദ്ധയൂന്നുകയാണ് ഓയോ എന്നും റിതേഷ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കുള്ള ഉത്തേജക പാക്കേജ് ഉടന്‍

രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കുള്ള ഉത്തേജക പാക്കേജ് 2 - 4 ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി. രാജ്യത്തെ എംഎസ്എംഇ മേഖലയെ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്ന പാക്കേജ് കൊണ്ടുവരുന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

ഇന്ത്യയ്ക്ക് 500 മില്യണ്‍ ഡോളര്‍ വായ്പ

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് 500 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചു. ലോക ബാങ്കുമായി ചേര്‍ന്നാകും വായ്പ നല്‍കുക.

ജിഡിപിയുടെ 7.5 ശതമാനം ഉത്തേജക പാക്കേജായി നല്‍കണം: സിഐഐ

കോവിഡ് 19 നെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേര്‍ദിശയിലാക്കാന്‍ കുറഞ്ഞത് ജിഡിപിയുടെ 7.5 ശതമാനം ഉത്തേജക പാക്കേജായി വിതരണം ചെയ്യണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി. 15 ലക്ഷം കോടി രൂപ ഉത്തേജക പാക്കേജായി വിതരണം ചെയ്യണമെന്നാണ് സിഐഐയുടെ നിര്‍ദേശം.

തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അവശ്യമേഖലയിലെ കമ്പനികള്‍ക്ക് ഇളവ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളും അടച്ചിടണം എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അവശ്യമേഖലയിലെ കമ്പനികള്‍ക്ക് ഞായറാഴ്ചയിലെ നിര്‍ബന്ധിത അടച്ചിടലില്‍ നിന്ന് ഇളവ് ലഭിക്കും.

തൊഴില്‍ നിയമങ്ങള്‍ ഭൂരിഭാഗവും മരവിപ്പിച്ച് യു.പി സര്‍ക്കാര്‍

സംസ്ഥാനത്തെ ഭൂരിഭാഗം തൊഴില്‍ നിയമങ്ങളും 3 വര്‍ഷത്തേക്കു മരവിപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണമാണ് ഓര്‍ഡിനന്‍സ് വഴി ഒറ്റയടിക്ക് സസ്‌പെന്റു ചെയ്യുന്നത്്. നാല് നിയമങ്ങള്‍ മാത്രം നിലനിര്‍ത്തും.

വാരാന്ത്യത്തില്‍ വിപണി നേട്ടത്തില്‍

വാരാന്ത്യത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 199.32 പോയ്ന്റ് ഉയര്‍ന്ന് 31,642.70 ലും നിഫ്റ്റി 52.45 പോയ്ന്റ് ഉയര്‍ന്ന് 9251.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളില്‍ മിക്കവയും നഷ്ടത്തില്‍

കേരളത്തിലെ ബാങ്ക്, ധനകാര്യ ഓഹരികളില്‍ ഇടിവ്. കേരള കമ്പനികളില്‍ ഇന്ന് പതിമൂന്ന് ഓഹരികളായിരുന്നു ഗ്രീന്‍ സോണില്‍ ഉണ്ടായിരുന്നത്. വിക്ടറി പേപ്പര്‍ മില്‍സിന്റെ ഓഹരിവില 5 ശതമാനം വളര്‍ച്ചയോടെ 81.90 രൂപയിലെത്തി

അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്

അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് 2-4 ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ധനകാര്യ വ്യവസായ വികസന കൗണ്‍സില്‍ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവേയാണ് അദ്ദേഹം ഇ്ക്കാര്യമറിയച്ചത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ട്ടണ്‍ ഇന്ത്യ മാപ്പ് പറഞ്ഞു

റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇന്ത്യയിലെ ആറ് ഡെറ്റ് പദ്ധതികള്‍ അടച്ചുപൂട്ടാന്‍ കാരണമായതെന്ന ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ട്ടണ്‍ ആഗോള പ്രസിഡന്റ് ജെന്നിഫര്‍ എം ജോണ്‍സന്റെ അഭിപ്രായത്തില്‍ വിപണി റെഗുലേറ്ററായ സെബി നേരത്തെ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്നാണ് കമ്പനിയുടെ 'നിരുപാധികമായ ക്ഷമാപണം' ഉണ്ടായത്.

ലോക്ക്ഡൗണ്‍; വിദേശ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കുന്നു

ലോക്ക്ഡൗണ്‍ വന്നശേഷം മുമ്പൊരിക്കലുമുണ്ടാകാത്ത വേഗതയിലും അളവിലും വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കുന്നതായി കണക്ക്. മാര്‍ച്ചില്‍ 8.4 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ ഓഹരികള്‍ ആയിരുന്നു എഫ്ഐഐ കള്‍ വിറ്റത്. ഏപ്രിലില്‍ 30.5 മില്യണ്‍ ഡോളറിന്റേതും.

മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി

ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗണിനിടയിലെ മദ്യവില്‍പന ജനജീവിതത്തെ ബാധിക്കുമെന്നു കാട്ടി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേ ആണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

വിഷവാതക ദുരന്തം; എല്‍ജി പോളിമേഴ്സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ്

വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനും എല്‍ജി പോളിമേഴ്സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍കാലിക നഷ്ടപരിഹാരമായി എല്‍ജി പോളിമേഴ്‌സ് ലിമിറ്റഡ് അമ്പത് കോടി രൂപ നല്‍കാനും ഉത്തരവായി. ജസ്റ്റിസ് ബി. ശേഷായന റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

മതിയായ പണം അനുവദിച്ചില്ലെങ്കില്‍ വരുന്നത് കടുത്ത ക്ഷാമം; വേള്‍ഡ് ഫുഡ് പ്രോഗ്രാം

വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്‍കി.10 കോടിയോളം ആളുകളെയാണ് ദിവസവും യുഎന്‍ ഫുഡ് ഏജന്‍സി സഹായിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബ്ലെസ്ലി പറഞ്ഞു.

വര്‍ഷാവസാനം വരെ 'വര്‍ക്ക് ഫ്രം ഹോം': ഫെയ്‌സ്ബുക്ക്

കൊറോണ വൈറസ് വ്യാപനം തടയാന്‍ വിവിധ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ നയത്തോടു യോജിച്ചുകൊണ്ട് ഈ വര്‍ഷാവസാനം വരെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' അനുമതി നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. ജൂലൈ 6 വരെ മിക്ക ഓഫീസുകളും അടഞ്ഞുകിടക്കുമെന്നും സോഷ്യല്‍ മീഡിയ കമ്പനി വക്താവ് പറഞ്ഞു.

ജിയോയില്‍ നിക്ഷേപം നടത്തി വിസ്ത ഇക്വിറ്റി

ഫേസ്ബുക്കിനും സില്‍വര്‍ ലേക്കിനും പിന്നാലെ അമേരിക്കന്‍ കമ്പനിയായ വിസ്ത ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് റിലയന്‍സ് ജിയോയില്‍ നിക്ഷേപമിറക്കുന്നു. 11,367 കോടി രൂപയാണ് വിസ്ത ഈ ടെക്‌നോളജി പ്ലാറ്റ്‌ഫോമിലേക്ക് ഇറക്കുന്നത്.

ജനുവരി-ഏപ്രില്‍ കാലയളവില്‍ ക്യാഷ് ഇന്‍ സര്‍ക്കുലേഷനില്‍ വര്‍ധന: ആര്‍ബിഐ

കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ജനുവരി-ഏപ്രില്‍ കാലയളവില്‍ ക്യാഷ് ഇന്‍ സര്‍ക്കുലേഷനില്‍ വര്‍ധനവുണ്ടെന്ന് ആര്‍ബിഐ. ജനുവരി മുതല്‍ മെയ് ഒന്ന് വരെ കറന്‍സിയുടെ വര്‍ധനവ് 2.66 ട്രില്യണ്‍ രൂപയാണ്.

അതിഥി തൊഴിലാളികള്‍ക്കായി ട്രെയ്ന്‍ സര്‍വീസ് പുനരാരംഭിച്ച് കര്‍ണാടക

നിലവിലെ സാഹചര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കായി തുടങ്ങിവെച്ചിരുന്ന ട്രെയ്ന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും പുനരാരംഭിക്കുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതുജന താല്‍പര്യാര്‍ത്ഥമാണ് തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it