ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 15, 2020

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്

ഇന്ന് കേരളത്തില്‍ 16 പേര്‍ക്ക് കോവിഡ് 19. നിലവില്‍ ചികിത്സയിലുള്ളത് 80 പേര്‍. ഇന്നു മാത്രം 122 പേരെ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യയിലെ കോവിഡ് നിരക്ക്

81,970 രോഗികള്‍ (ഇന്നലെ : 78,003)
2,649 മരണം (ഇന്നലെ : 2,549 )

ലോകത്ത്

4,442,163 രോഗികള്‍ (ഇന്നലെ :4,347,018)

302,418 മരണം (ഇന്നലെ : 297,197 )

ഓഹരി വിപണിയില്‍ ഇന്ന്

ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ നേരിയ നഷ്ടത്തോടെ സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. 25.16 പോയ്ന്റ് ഇടിഞ്ഞ് 31,097.73 പോയ്ന്റിലാണ് സെന്‍സെക്സ് അവസാനിച്ചത്. 0.08 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയാകട്ടെ 5.90 പോയ്ന്റ് ഇടിവോടെ 9136.85 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഓട്ടോ, ബാങ്ക്, ഐറ്റി, ഫാര്‍മ മേഖലകളെല്ലാം ഇന്ന് തിരിച്ചടി നേരിട്ടു. എന്നാല്‍ ലോഹം, ഊര്‍ജം, അടിസ്ഥാന സൗകര്യ മേഖലകള്‍ നേട്ടം കൊയ്യുകയും ചെയ്തു.

കേരളകമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍ പൊതുവേ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. കേവലം ഏഴു കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മണപ്പുറം ഫിനാന്‍സ് 4.20 രൂപ വര്‍ധിച്ച് 127.20 ല്‍ എത്തി. 3.41 ശതമാനം വര്‍ധന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരികളും നേട്ടമുണ്ടാക്കി.
3.10 ശതമാനം വര്‍ധനയോടെ 249.25 രൂപയിലെത്തി. 7.50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കേരള ആയുര്‍വേദയുടെ ഓഹരി വില 70 പൈസ വര്‍ധിച്ച് 20.10 രൂപയിലെത്തി.

ഒരു ഡോളര്‍ നിരക്ക് : 76.19 ( ഇന്നലെ: 75.69 രൂപ )

ഇന്നത്തെ സ്വര്‍ണ വില : 4,300 ( ഇന്നലെ: 4,250 രൂപ)

സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

ഭക്ഷ്യമേഖലയിലെ 2 ലക്ഷം സംരംഭങ്ങള്‍ക്ക് 10,000 കോടി

കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ രക്ഷാ പാക്കേജില്‍ ഭക്ഷ്യമേഖലയിലെ സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപ വകയിരുത്തി. 2 ലക്ഷം സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.രാജ്യാന്തര നിലവാരത്തിലുള്ള ബ്രാന്‍ഡ് വികസിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിപണനത്തിനും സഹായിക്കുന്നതിനാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

ഈ ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണ്‍

കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പഞ്ചാത്തലത്തില്‍ കഴിഞ്ഞ ഞായറാഴ്ചത്തെ പോലെ ഈ ഞായറാഴ്ചയും ലോക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി. കടകള്‍ അട്യ്ക്കണം, നിരത്തിലിറങ്ങരുത്.

ഏറ്റവുമധികം തുക സംഭാവന ചെയ്ത മൂന്നാമത്തെയാള്‍ അസിം പ്രേംജി

ആഗോളതലത്തില്‍ കൊവിഡ് 19 നെതിരായ പോരാട്ടത്തിന് ഏറ്റവുമധികം തുക സംഭാവന നല്‍കിയ മൂന്നാമത്തെയാള്‍ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയെന്ന് ഫോബ്സ്. ആദ്യ പത്ത് പേരുടെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനും പ്രേജിയാണ്. അമേരിക്കയിലെ കോടീശ്വരന്‍മാരാണ് പട്ടികയിലുള്ള മറ്റ് ആള്‍ക്കാര്‍. പ്രഖ്യാപിച്ച 1125 കോടിയില്‍ ആയിരം കോടി രൂപ ഇതിനോടകം അസിം പ്രേംജി ഫൗണ്ടേഷന്‍ നല്‍കി കഴിഞ്ഞു. ഇതു കൂടാതെ 100 കോടി രൂപ വിപ്രോയും 25 കോടി രൂപ വിപ്രോ എന്റര്‍പ്രൈസസും നല്‍കി.

ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ 2043 വരെ ഇന്ത്യന്‍ കമ്പനികളുണ്ടാകില്ല

2043 വരെ ഒരു ഇന്ത്യന്‍ കമ്പനിക്കും ട്രില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടി ഡോളര്‍) ക്ലബില്‍ ഇടം നേടാനാവില്ലെന്ന് ബിസിനസ് താരതമ്യ സോഫ്റ്റ് വെയര്‍ കമ്പനിയായ കംപാരിസണിന്റെ വിലയിരുത്തല്‍. ടെക്‌നോളജി ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും 2021 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യം മറികടക്കും.

റബ്ബര്‍ വിപണി വീണ്ടും തുറന്നെങ്കിലും വിലക്കുറവിന്റെ നിരാശയില്‍ കര്‍ഷകര്‍

അമ്പത് ദിവസത്തിലേറെ അടഞ്ഞുകിടന്ന റബ്ബര്‍ വിപണി വീണ്ടും തുറന്നെങ്കിലും വിലക്കുറവിന്റെ നൈരാശ്യവുമായി കര്‍ഷകര്‍. റബ്ബര്‍ ബോര്‍ഡ് 116 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകളില്‍ 110 രൂപയിലും താഴെയാണ് കച്ചവടം നടന്നത്. ലോക്ഡൗണ്‍ മൂലം മാര്‍ച്ച് 23-ന് വിപണി അടയ്ക്കുമ്പോള്‍ ആര്‍.എസ്.എസ് - നാല് ഇനത്തിന് കിലോയ്ക്ക് വില 125 രൂപയായിരുന്നു.

വിര്‍ജിന്‍ ഓസ്‌ട്രേലിയ എയര്‍ലൈന്‍സ് വാങ്ങാനുള്ള നീക്കവുമായി ഇന്‍ഡിഗോ പ്രൊമോട്ടര്‍ രാഹുല്‍ ഭാട്ടിയ

കോവിഡ് മൂലം ധനപ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിച്ച വിര്‍ജിന്‍ ഓസ്‌ട്രേലിയ എയര്‍ലൈന്‍സിന്റെ വില്‍പ്പന പ്രക്രിയയില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ പ്രൊമോട്ടര്‍ രാഹുല്‍ ഭാട്ടിയയുടെ ഉടമസ്ഥതയിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് (ഐജിഇ) രംഗത്ത്. ഓഹരി വാങ്ങല്‍ നടപടികളെ സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.' വില്‍പ്പന പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. അതിന്റെ രഹസ്യാത്മക നിലനിര്‍ത്തേണ്ടതുണ്ട്'-ഇന്റര്‍ ഗ്ലോബ് എന്റര്‍പ്രൈസസിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ തമിഴ്നാട്ടിലെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (ടാസ്മാക്) സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ്് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് കെ കൗള്‍, ബി ആര്‍ ഗവായി എന്നിവരുടെ ബെഞ്ച് സ്റ്റേ ഉത്തരവിട്ടത്.ഹൈക്കോടതി നിര്‍ദ്ദേശിച്ച മദ്യ ഓണ്‍ലൈന്‍ വില്‍പ്പന സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രായോഗികമല്ലെന്നു സര്‍ക്കാര്‍ വാദിച്ചു.

ബിസിനസ് സാരമായി ഇടിഞ്ഞു; സൊമാറ്റോ 520 ജീവനക്കാരെ പിരിച്ചുവിടും, ശമ്പളം 50 % വരെ വെട്ടിക്കുറയ്ക്കുന്നു

കോവിഡ് -19 മൂലം ബിസിനസ് സാരമായി ഇടിഞ്ഞതിനാല്‍ 13 ശതമാനം വരുന്ന 520 ജീവനക്കാരെ പിരിച്ചുവിടുമെന്നും ബാക്കിയുള്ളവരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി സൊമാറ്റോ പറഞ്ഞു. പിരിച്ചുവിടുന്നവര്‍ക്ക് അവരുടെ ശമ്പളത്തിന്റെ പകുതി അടുത്ത ആറു മാസം വരെ അഥവാ അടുത്ത ജോലി ആറു മാസത്തിനകം കണ്ടെത്തുന്നതുവരെ ലഭിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നത്.

കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയോ തടയുകയോ ചെയ്യുന്നത് കോടതികള്‍ക്ക് അസാധ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ വാഹന സൗകര്യം നല്‍കുന്നുണ്ടെന്നും എന്നാല്‍ കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ അവര്‍ അതിനു കാത്തുനില്‍ക്കാതെ കാല്‍നടയായി പോകുന്നതാണു കുഴപ്പമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതവസാനിപ്പിക്കാന്‍ നടപടിയെടുക്കുന്നുണ്ട്.

വന്ദേ ഭാരത് രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലെത്തുന്നത് 19 വിമാനങ്ങള്‍

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത് 19 വിമാനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകളുള്ളത്. മെയ് 16 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് വന്ദേ ഭാരത് രണ്ടാംഘട്ടം.

14 ദിവസത്തെ സര്‍ക്കാര്‍ ക്വറന്റീന്‍; ഇളവു വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ സര്‍ക്കാര്‍ ക്വറന്റീന്‍ എന്ന നിര്‍ദേശത്തില്‍ ഇളവു വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മേയ് 5നു പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it