ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 19

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പുതിയതായി 12 കോവിഡ്-19 രോഗികള്‍. കണ്ണൂരില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.

ഇന്ത്യയില്‍

രോഗികള്‍ 101,139 (ഇന്നലെ 96,169 ) , മരണം (ഇന്നലെ 3,029 )

ലോകത്ത്

രോഗികള്‍ 4,801,943(ഇന്നലെ 4,713,620 ) മരണം 318,481 (ഇന്നലെ 315,185)

ഓഹരിവിപണിയില്‍ ഇന്ന്

സെന്‍സെക്സ് 167.19 പോയന്റ് വര്‍ധിച്ച് 30,196.17 പോയന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.56 ശതമാനത്തിന്റെ നേരിയ വര്‍ധന. നിഫ്റ്റിയും 0.63 ശതമാനം വര്‍ധന രേഖപ്പെടുത്തി. 55.85 പോയന്റ് കൂട്ടിച്ചേര്‍ത്ത് 8879.10 പോയ്ന്റിലെത്തി. നിഫ്റ്റിയില്‍ ഭാരതി എയര്‍ടെല്‍ ആണ് മികച്ച നേട്ടം കൈവരിച്ചത്. 12 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ കമ്പനിക്ക് ഇന്നുണ്ടായത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളും ഇന്ന് മെച്ചപ്പെട്ട പ്രകടനാണ് കാഴ്ചവെച്ചത് 12 കമ്പനികള്‍ ലാഭം നേടി. 13 കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ നിറ്റ ജലാറ്റിന്റെയും പാറ്റ്സ്പിന്‍ ഇന്ത്യയുടെയും വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 6.90 രൂപ വര്‍ധിച്ച് 70.30 രൂപയിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 10.88 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ 4.98 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 65 പൈസ വര്‍ധിച്ച് 13.71 രൂപയായി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയിലും കുറേ നാളുകള്‍ക്ക് ശേഷം വര്‍ധനയുണ്ടായി. 4.73 ശതമാനം വര്‍ധിച്ച് 9.75 രൂപയിലെത്തി. 4.73 ശതമാനം വര്‍ധനയാണിത്.

സ്വര്‍ണം ഡോളര്‍ വില:

സ്വര്‍ണം 1 ഗ്രാം : 4315 (ഇന്നലെ: 4,380 )

ഒരു ഡോളര്‍ : 75.66 രൂപ (ഇന്നലെ: 75.68 )

സ്വര്‍ണവില താഴ്ന്നു

റെക്കോഡ് ഭേദിച്ച ശേഷം സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില. 35,040 രൂപയായിരുന്ന തിങ്കളാഴ്ച പവനു വില.ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. അതേസമയം, ആഗോള വിപണിയില്‍ വില കൂടുന്ന പ്രവണതയാണ്.

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

റിലയന്‍സ് മെഗാ റൈറ്റ്സ് ഇഷ്യു നാളെ മുതല്‍

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 53,125 കോടി രൂപയുടെ മെഗാ റൈറ്റ്സ് ഇഷ്യു നാളെ ആരംഭിച്ച് ജൂണ്‍ 3 ന് അവസാനിക്കും.കൈവശം വച്ചിരിക്കുന്ന ഓരോ 15 ഷെയറിനും കമ്പനി ഒരു ഓഹരി വാഗ്ദാനം ചെയ്യുന്നു, 1,257 രൂപ നിരക്കില്‍. റൈറ്റ്സ് ഇഷ്യു സബ്സ്‌ക്രൈബ് ചെയ്യുന്നതിന് 25 ശതമാനം തുക മാത്രമേ ഇപ്പോള്‍ നല്‍കേണ്ടതുള്ളൂ. ബാക്കി തുക അടുത്ത മെയ്, നവംബര്‍ മാസങ്ങളില്‍ രണ്ട് തവണകളായി നല്‍കണം.

എം.എസ്.എം.ഇ മാനദണ്ഡം വീണ്ടും പരിഷ്‌കരിക്കുമെന്ന് ഗഡ്കരി

എം.എസ്.എം.ഇ നിര്‍വചനം വീണ്ടും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിക്ഷേപ, വിറ്റുവരവ് പരിധി യഥാക്രമം 50 കോടി, 200 കോടി വരെ വര്‍ദ്ധിപ്പിച്ച് ഇടത്തരം യൂണിറ്റുകളുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനാണ് നീക്കം. ഉത്തേജക പാക്കേജിന്റെ രൂപരേഖ അനാവരണം ചെയ്യവേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തിയതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക പാക്കേജ് പൂര്‍ണ്ണ പരിഹാരമല്ലെന്ന് മൂഡീസ്

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ ആസ്തി അപകടസാധ്യത ലഘൂകരിക്കാന്‍ സഹായിക്കുമെങ്കിലും കോവിഡ് പ്രത്യാഘാതങ്ങളെ പൂര്‍ണ്ണമായും നികത്തില്ലെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 3.70 ലക്ഷം കോടി രൂപ അനുവദിച്ചതുകൊണ്ട് ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഭാഗിക പരിഹാരമേ ആകൂ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ഈ മേഖല സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം പണ ലഭ്യത വീണ്ടും താഴാന്‍ കാരണമാകുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

ആര്‍ബിഐ 1.59 ലക്ഷം കോടി രൂപയുടെ യു.എസ്. ട്രഷറി നിക്ഷേപം പിന്‍വലിച്ചു

റിട്ടേണ്‍ കുറവാണെങ്കിലും സുരക്ഷിത നിക്ഷേപമായി കരുതുന്ന യു.എസ്. ട്രഷറി ബില്ലുകളിലുള്ള നിക്ഷേപത്തില്‍നിന്ന് മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2100 കോടി ഡോളര്‍ (ഏകദേശം 1.59 ലക്ഷം കോടി രൂപ) പിന്‍വലിച്ചു. മാര്‍ച്ചിലെ കണക്കുപ്രകാരം യു.എസ്. ട്രഷറിബില്ലുകളിലുള്ള ഇന്ത്യയുടെ നിക്ഷേപം 15,650 കോടി ഡോളര്‍ അഥവാ 11.89 ലക്ഷം കോടി രൂപയാണ്. ഫെബ്രുവരിയിലെ 17,750 കോടി ഡോളര്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമായിരുന്നു.

ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം: ജിയോയെ മറികടന്ന് എയര്‍ടെല്‍

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ റിലയന്‍സ് ജിയോയെ എയര്‍ടെല്‍ മറികടന്നു. എയര്‍ടെല്‍ വയര്‍ലെസ് ബിസിനസില്‍ 16 ശതമാനമാണ് വര്‍ധന. ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 154 രൂപയായി. 14 ശതമാനമാണ് വര്‍ധന. റിലയന്‍സ് ജിയോ
ക്കാകട്ടെ 1.7 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്.

മെയ് 22 ലെ പ്രക്ഷോഭത്തില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ബെഫി

മെയ് 22 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭ പരിപാടികളില്‍ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പങ്കാളികളാകുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി). തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും രാജ്യത്തിന്റെ പൊതു സമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നുവെന്നും ആരോപിച്ചാണ് പ്രക്ഷോഭം.

തുക തീര്‍ന്ന ഫാസ്ടാഗിന് പിഴ സഹിതം ഇരട്ടി ടോള്‍

അക്കൗണ്ടില്‍ തുക തീര്‍ന്ന ഫാസ്ടാഗുമായി ടോള്‍ പ്ലാസയിലെത്തുന്ന വാഹനങ്ങള്‍ക്ക് പിഴ സഹിതം ഇരട്ടി തുക ഈടാക്കിത്തുടങ്ങി. ഫാസ്ടാഗ് ട്രാക്കില്‍ തെറ്റിക്കയറുന്ന ടാഗില്ലാത്ത വാഹനങ്ങളില്‍നിന്നാണ് നേരത്തേ ഇരട്ടി തുക വാങ്ങിയിരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രം അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനാല്‍ മിക്കവാറും ടോള്‍ബൂത്തിലെത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കുന്നതെന്ന് വാഹന ഉടമകള്‍ പറയുന്നു.

ചൈനയെ കൈവിട്ടില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം ശാശ്വതമായി പിന്‍വലിക്കുമെന്ന് ട്രംപ്

ഒരു മാസത്തിനുള്ളില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്കു നല്‍കുന്ന യു.എസ് ധനസഹായം ശാശ്വതമായി പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.'മഹാമാരിയോട് പ്രതികരിക്കുന്നതില്‍ നിങ്ങളും നിങ്ങളുടെ സംഘടനയും ആവര്‍ത്തിച്ച തെറ്റുകള്‍ ലോകത്തിന് വരുത്തിവെച്ച ചെലവുകള്‍ വളരെയധികമാണെന്ന് വ്യക്തമാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ലോകാരോഗ്യ സംഘടനയ്ക്കു മുന്നിലുള്ള ഏക പോംവഴി അത് ചൈനയില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടുക എന്നതാണ്. നടപടി വേഗത്തില്‍ ആവശ്യമാണ്.'ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തില്‍ ട്രംപ് പറഞ്ഞു.

ഇത്തിഹാദ് എയര്‍വേയ്‌സ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

കൊറോണ വൈറസ് പടര്‍ന്നതോടെ സര്‍വീസ് നിര്‍ത്തിയ അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു.20,530 ജീവനക്കാരാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈനിലുണ്ടായിരുന്നത്. ഈ മാസം നൂറുകണക്കിന് ജീവനക്കാര്‍ക്ക് ദിവസ വേതനം നല്‍കി ലേ ഓഫ് നല്‍കിയിരിക്കുകയാണെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. കൂടുതല്‍ തൊഴില്‍ വെട്ടിക്കുറവ് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.5.6 ബില്യണ്‍ ഡോളര്‍ ആണ് കമ്പനി നേരിടുന്ന 2016 മുതലുള്ള സഞ്ചിത നഷ്ടം.

ലോക്ഡൗണ്‍; കടുത്ത പ്രതിസന്ധിയിലാണെന്ന് ബ്യൂട്ടീഷ്യന്മാർ

ലോക്ക്ഡൗണിൽ രണ്ട് മാസത്തിലേറെ ബ്യൂട്ടി പാർലറുകൾ അടച്ചിട്ടതോടെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ബ്യൂട്ടീഷ്യന്മാർ പറയുന്നു. ഒരു പാർലറിലെ ജോലിയുടെ 20% മാത്രമാണ് ഹെയർകട്ട്. ഇത് മാത്രം ചെയ്ത് ഉപജീവനം നടത്താനാവില്ല. സർക്കാരിന്റെ നിർദ്ദേശങ്ങൾ എല്ലാം അനുസരിച്ച് മറ്റ് സൗന്ദര്യ വർദ്ധക ജോലികൾ കൂടി ചെയ്യാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓൺലൈൻ ഹോം സർവ്വീസ് വ്യാപകമായി. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബ്യൂട്ടീഷ്യന്മാർ വീടുകളിൽ പോകുന്നത്. ഇത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഉപഭോക്താക്കൾക്കും ഭീഷണിയാണ്. ഇതിനെതിരെ സർക്കാർ മാർഗനിർദ്ദേശം ഉണ്ടാകണമെന്നും ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it