ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 20, 2020

കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ബുധനാഴ്ച കോവിഡ്-19 പോസിറ്റീവായത് 24 പേര്‍ക്ക്. ഇന്നലെ 12 പോസിറ്റീവ് കേസുകളായിരുന്നു. പാലക്കാട്-7, മലപ്പുറം-4, കണ്ണൂര്‍-3, പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കാസര്‍കോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം. പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ത്യയില്‍

രോഗികള്‍ 106,750 (ഇന്നലെ 101,139 ) , മരണം 3,303 (ഇന്നലെ 3,163 )

ലോകത്ത്

രോഗികള്‍ 4,897,492 (ഇന്നലെ 4,801,943 ) മരണം 323,285 (ഇന്നലെ 318,481 )

ഓഹരിവിപണിയില്‍ ഇന്ന്

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്സ് 622.44 പോയ്ന്റ് ഉയര്‍ന്ന് 30818.61 പോയന്റിലെത്തി. 2.1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നിഫ്റ്റിയില്‍ 2.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 187.45 പോയ്ന്റ് വര്‍ധിച്ച് 9066.55 പോയ്ന്റിലെത്തി. ധനകാര്യ മേഖലയിലെ കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്നതാണ് ഇന്നത്തെ വിശേഷം. നിഫ്റ്റി ബാങ്ക് സൂചികയും ഇന്ന് നേട്ടത്തിലെത്തി. 353.95 പോയ്ന്റ് വര്‍ധിച്ച് 17840.2 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.02 ശതമാനം വര്‍ധന.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമൊഴികെയുള്ള മിക്ക ധനകാര്യ കമ്പനികളും ഇന്നലത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കി. കേരള കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സാണ് 5.82 ശതമാനം വര്‍ധനയോടെ നേട്ടത്തില്‍ മുന്നില്‍ നിന്നത്. 3.85 രൂപ വര്‍ധിച്ച് ഓഹരി വില 70 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് 32.45 രൂപ വര്‍ധിച്ച് 813.40 രൂപയിലെത്തി. 4.16 ശതമാനത്തിന്റെ വര്‍ധന.

സ്വര്‍ണം, ഡോളര്‍ നിരക്ക്

സ്വര്‍ണം 1 ഗ്രാം : 4,335 (ഇന്നലെ: 4,386 )

ഒരു ഡോളര്‍ : 75.52 രൂപ (ഇന്നലെ: 75.66 )

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് അവസാനം നിര്‍ത്തിവച്ച ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.എല്ലാ വിമാനത്താവളങ്ങളും സജ്ജമായെന്നും യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്

ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ഏതാനു മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.

ഉത്തേജക പാക്കേജിന് അനുബന്ധമുണ്ടാകാമെന്ന് നിര്‍മ്മല സീതാരാമന്‍

20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ 2008-13 കാലഘട്ടത്തിലെ പാഠങ്ങള്‍ സര്‍ക്കാര്‍ മനസ്സില്‍ വച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും അതിന്റെ അനന്തരഫലങ്ങളുടെയും പശ്ചാത്തലത്തില്‍ നടപ്പാക്കിയ പരിപാടിയെക്കുറിച്ചാണ് അവര്‍ പരാമര്‍ശിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി എത്ര കാലം കൊണ്ട് പരിഹൃതമാകുമെന്നു വ്യക്തതയില്ലാതിരിക്കേ കൂടുതല്‍ നടപടികള്‍ അനിവാര്യമാകാമെന്നും ധനമന്ത്രി പറഞ്ഞു.

ബിസിനസ്സ് 95% ഇടിഞ്ഞു; ഓല 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു

കൊറോണ വൈറസ് ബാധയും തുടര്‍ന്നുളള ലോക്ഡൗണും കാരണം രണ്ട് മാസത്തിനുള്ളില്‍ ടാക്സി ബിസിനസ്സ് 95% ഇടിഞ്ഞതിനാല്‍ 1,400 ജീവനക്കാരെ പുറത്താക്കുമെന്ന് ഓല. ബിസിനസ്സിന്റെ പ്രവചനം ഇപ്പോള്‍ അവ്യക്തതയിലും അനിശ്ചിതത്വത്തിലും ആണെന്ന് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. പ്രതിസന്ധിയുടെ ആഘാതം കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു

ഭരണം മാറിയതോടെ ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി നാല് മാസത്തിനു ശേഷം പുനരാരംഭിച്ചു. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യഎണ്ണയ്ക്ക് ആവശ്യം വര്‍ധിച്ചതും, മലേഷ്യയില്‍ എണ്ണവില ഇടിഞ്ഞതും, മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതും ഇതിന് കാരണമായി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുകയും പാക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജര്‍മ്മന്‍ ഷൂ നിര്‍മാതാക്കളായ വോന്‍ വെല്‍ക്‌സ് ചൈന വിട്ട് ആഗ്രയിലേക്ക്

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രമുഖ ജര്‍മ്മന്‍ ഷൂ നിര്‍മാതാക്കളായ വോന്‍ വെല്‍ക്‌സ് ചൈന വിടുന്നു. ലാട്രിക് ഇന്‍ഡസ്ട്രീസുമായി യോജിച്ച്് വോന്‍ വെല്‍ക്‌സ് ഇന്ത്യയില്‍ സംരംഭം ആരംഭിക്കും. ആഗ്രയിലായിരിക്കും ഫാക്ടറി തുടങ്ങുക. 30 ലക്ഷം ജോഡി ഷൂകളാണ് കമ്പനി പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്.

ടിസിഎസ് മേധാവികളുടെ വരുമാനത്തില്‍ ഇടിവ്

കോവിഡ് -19 മൂലമുണ്ടായ ബിസിനസ്സ് അനിശ്ചിതത്വം മൂലം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാര്‍ഷിക വരുമാനം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായി കുറഞ്ഞു. ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ഗോപിനാഥന്റെ പ്രതിഫലം 16.5 ശതമാനം ഇടിഞ്ഞ് 13.3 കോടി രൂപയായി.ശമ്പളവും അലവന്‍സുകളും ചേര്‍ന്ന്് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.04 കോടി രൂപയാണദ്ദേഹത്തിനു ലഭിച്ചത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യത്തിന്റെ വരുമാനം 11.6 കോടിയില്‍ നിന്ന് 10.1 കോടി രൂപയായി കുറഞ്ഞു.ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി രാമകൃഷ്ണന്റേത് 4.13 കോടിയില്‍ നിന്ന് 3.98 കോടി രൂപയായി.

പിഎംവിവൈ) പെന്‍ഷന്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി

മുതിര്‍ന്ന പൗരന്മാരുടെ വരുമാന സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പിഎംവിവൈ) പെന്‍ഷന്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ.എസ് ധത്വാലിയ ട്വീറ്റ് ചെയ്തു.

ബി.ആര്‍ ഷെട്ടിയുടെ 1913 കോടി കടം ഈടാക്കാന്‍ കേസുമായി ബാങ്ക് ഓഫ് ബറോഡ

ദുബായിലെ എന്‍എംസി സ്ഥാപകനായ ഇന്ത്യന്‍ പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ കമ്പനികളില്‍ നിന്നും 250 ദശലക്ഷം ഡോളറിലധികം വരുന്ന വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് ഓഫ് ബറോഡ ശ്രമം തുടങ്ങിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും ഷെട്ടിക്കും ഭാര്യക്കും കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാന്‍ 'ബെവ് ക്യൂ' ആപ്പ് സജ്ജമാകുന്നു

സംസ്ഥാനത്ത് മദ്യം വില്‍ക്കാനുള്ള ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു. വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാന്‍ ' ബെവ് ക്യൂ 'എന്ന പേരിലുള്ള ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും.അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി വില്‍പന: ആദ്യദിനം മികച്ച പ്രതികരണം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വില്‍പനക്ക് ആദ്യദിനം മികച്ച പ്രതികരണം. അവകാശ ഓഹരികളിലൂടെ 53,125 കോടി രൂപ സമാഹരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരികള്‍ 193 രൂപയില്‍ വ്യാപാരം നടക്കുകയാണ്. ഇത് സ്റ്റോക്കിന്റെ നിലവിലെ മാര്‍ക്കറ്റ് വിലയും റൈറ്റ്‌സ് ഇഷ്യു വിലയും ചേര്‍ന്നുള്ളതിനെക്കാള്‍ ഏകദേശം 21 രൂപ കൂടുതലാണ്. ബുധനാഴ്ച ഉച്ചക്ക് 1.28ന് റിലയന്‍സ് ഓഹരികള്‍ 1429 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. 1257 രൂപയ്ക്കാണ് ഓഹരി വില്‍പനയ്ക്ക് വെച്ചത്. ഇപ്പോള്‍ തന്നെ നിശ്ചയിച്ചതിലും 172 രൂപ കൂടുതല്‍ നല്‍കി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയാറാണ് എന്നതാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it