ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 23

കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ടുപേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ചികിത്സയിലായിരുന്ന മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

ഇന്ത്യയില്‍

രോഗികള്‍ 125,101 (ഇന്നലെ 118,447 )

മരണം 3,720 (ഇന്നലെ 3,583 )

ലോകത്ത്

രോഗികള്‍ : 5,210,817 (ഇന്നലെ 5,102,424 )

മരണം: 338,160 (ഇന്നലെ 332,924 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

സ്വര്‍ണം: 4,350 രൂപ ഇന്നലെ ( 4,305)

ഒരു ഡോളര്‍ : 75.98 രൂപ ഇന്നലെ ( 75.97 )

ക്രൂഡ് ഓയ്ല്‍

WTI Crude 33.56 -0.36
Brent Crude 35.13 -0.93
Natural Gas 1.745 +0.035

മറ്റു വാര്‍ത്തകള്‍ ചുരുക്കത്തില്‍:

എസ്.ബി.ഐയില്‍ മോറട്ടോറിയം എടുത്തത് 20 ശതമാനം പേര്‍ മാത്രം

വായ്പാ തിരിച്ചടവില്‍ അനുവദിച്ച മോറട്ടോറിയം ആനുകൂല്യം എസ്.ബി.ഐയില്‍നിന്ന് ലോണെടുത്തവരില്‍ പ്രയോജനപ്പെടുത്തിയത് 20 ശതമാനം പേര്‍ മാത്രം. വായ്പയെടുത്തവരില്‍ ഭൂരിഭാഗവും ഇ.എം.ഐ തുടര്‍ന്നും അടയ്ക്കാന്‍ തയ്യാറാകുന്നതിലൂടെ വ്യക്തമാകുന്നത് പണലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്‌നമില്ലെന്നാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

ചൈനയിലെ കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പുരോഗതി

ചൈനയിലെ ജിയാങ്സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തില്‍ മനുഷ്യരില്‍ നടത്തിയ പ്രഥമ പരീക്ഷണത്തില്‍ കോവിഡ് വാക്സിന്‍ സുരക്ഷിതമെന്നു റിപ്പോര്‍ട്ട്. ആഡ്5എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിനു വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായി ആരോഗ്യ പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ലെ ലേഖനത്തിലുണ്ട്.

ആഭ്യന്തര വിമാന സര്‍വീസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

രാജ്യത്ത് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം വന്നതോടെ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവ 25 മുതലും ഗോ എയര്‍, വിസ്താര എന്നിവ ജൂണ്‍ 1 മുതലുമുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കടക്കം 383 റൂട്ടുകളിലേക്കുള്ള സമയവിവര പട്ടികയ്ക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ രൂപം നല്‍കി.

അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്ന് അമിതാഭ് കാന്ത്

ലോക്ഡൗണ്‍ തുടരുന്നതിനിടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികള്‍ക്കായി കുറച്ചുകൂടെ നന്നായി പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. വൈറസ് വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ സഹായിച്ചുവെങ്കിലും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വളരെ മോശമായാണ് കൈകാര്യം ചെയ്തത്.ഓരോ അതിഥി തൊഴിലാളിയെയും സംരക്ഷിക്കേണ്ടിയിരുന്നത് സംസ്ഥാന, പ്രാദേശിക, ജില്ല തലത്തിലായിരുന്നുവെന്നും അമിതാഭ് കാന്ത് പറഞ്ഞു.

ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍

ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ദുരന്തനിവാരണത്തെക്കുറിച്ചുമുള്ള ലോക ബാങ്കിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ അഭാസ് ഝായെ നിയമിച്ചു. ഇദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് വരുന്നത്. ഈ വിഭാഗത്തിന്റെ പ്രാക്ടീസ് മാനേജര്‍ എന്ന പദവിയാണ് ഝായ്ക്ക് നല്‍കിയിരിക്കുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ മാര്‍ഗരേഖ പരിഷ്‌കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന്‍ പ്രതിരോധ മരുന്നായി നല്‍കാന്‍ മാര്‍ഗരേഖ പരിഷ്‌കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫലപ്രാപ്തി സംബന്ധിച്ച സംശയത്തെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ ശേഷമാണു മാര്‍ഗരേഖ പരിഷ്‌കരിച്ചത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മരുന്നു ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിപരീതഫലം ഉണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്.

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രിക്ക് ട്രേഡ് യൂണിയനുകളുടെ ഇ മെയില്‍ നിവേദനം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ലോക്ഡൗണിനിടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക സമരം നടത്തി. പ്രതിഷേധത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ ഭാഗമായി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമെയില്‍ നിവേദനം അയച്ചു.

ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രികര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാകില്ല

മേയ് 25 മുതല്‍ രാജ്യത്ത് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യാത്രക്കാരെ നിര്‍ബന്ധിച്ച് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടില്ല. പക്ഷേ എല്ലാ യാത്രികരും സാനിറ്റൈസറും ഗ്ലൗസും മാസ്‌കുകളുമെല്ലാം ധരിച്ചിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

ആണവ പരീക്ഷണത്തിന് ട്രംപ് ഭരണകൂടം ചര്‍ച്ച നടത്തിയതായി വാഷിങ്ണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

റഷ്യക്കും ചൈനക്കുമുള്ള മുന്നറിയിപ്പായി 1992-ന് ശേഷം ആദ്യ ആണവ പരീക്ഷണം നടത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്തതായി വാഷിങ്ണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഉന്നത ദേശീയ സുരക്ഷാ ഏന്‍സി പ്രതിനിധികളുടെ യോഗത്തിലാണ് വിഷയം ഉയര്‍ന്നത്.പക്ഷേ, റഷ്യയും ചൈനയും ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് മറ്റു നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

സെക്കന്‍ഡില്‍ 1000 സിനിമ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇന്റര്‍നെറ്റ് വേഗത കൈവരിച്ചതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

ഒരു സെക്കന്‍ഡിനുള്ളില്‍ 1000 എച്ച്ഡി (ഹൈ-ഡെഫനിഷന്‍) മൂവികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്ന ഇന്റര്‍നെറ്റ് വേഗത കൈവരിച്ചതായി ഓസ്‌ട്രേലിയയിലെ ഗവേഷകരുടെ അവകാശ വാദം.ഇതനുസരിച്ച് സ്വിന്‍ബേണ്‍, മോനാഷ്, ആര്‍എംടി സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷക സംഘം സെക്കന്‍ഡില്‍ 44.2 ടെറാബിറ്റ് (ടിബിപിഎസ്) ഡാറ്റാ വേഗത രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് (എന്‍ബിഎന്‍) കണക്ഷന്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വേഗതയുടെ ഒരു മില്യണ്‍ മടങ്ങ് വേഗമാണിത്.

കുവൈറ്റില്‍നിന്ന് കേരളത്തിലേക്ക് 23 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ

കുവൈറ്റില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 23 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 180 സര്‍വീസുകളില്‍ പകുതിയും തങ്ങള്‍ക്കാണ് ലഭിച്ചതെന്ന് ഇന്‍ഡിഗോ പറഞ്ഞു. എല്ലാ കോവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് സര്‍വീസ് നടത്തും. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ലഭിച്ചിട്ടില്ല.

കേരള ബാങ്കിന്റെ കോര്‍പറേറ്റ്, മേഖലാ ഓഫീസുകള്‍ ജൂണ്‍ ഒന്നിന്

കേരള ബാങ്കിന്റെ ഏഴ് മേഖലാ ഓഫീസുകളും കൊച്ചിയില്‍ കോര്‍പറേറ്റ് ബിസിനസ് ഓഫീസും ജൂണ്‍ ഒന്നിന് നിലവില്‍ വരും. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുള്‍പ്പെടെ ഉള്‍പ്പെടുത്തി ഇടക്കാല ഭരണസമിതി സമര്‍പ്പിച്ച കരട് നിര്‍ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കേരളവുമായി ബന്ധപ്പെട്ട ഡാറ്റ നശിപ്പിച്ചെന്ന് സ്പ്രിങ്ക്‌ളര്‍ ഹൈക്കോടതിയില്‍

തങ്ങളുടെ കൈവശമുണ്ടായിരുന്ന കേരളവുമായി ബന്ധപ്പെട്ട കോവിഡ് ഡാറ്റ നശിപ്പിച്ചതായി കേരള ഹൈക്കോടതിയില്‍ സ്പ്രിങ്ക്‌ളര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ചാണ് ഈ നടപടി. ഇതിന് സംസ്ഥാന സര്‍ക്കാരും അനുമതി നല്‍കിയതായി കമ്പനി കോടതിയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയ്ക്ക് കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്റെ പദ്ധതി

സഹകരണ സംഘം മാതൃകയില്‍ പ്രത്യേക സംരംഭം രൂപീകരിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖല ആരംഭിക്കാന്‍ കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ തയ്യാറെടുപ്പാരംഭിച്ചു. 35,000ല്‍ ഏറെ അംഗങ്ങളുള്ള അസോസിയേഷന് ഏതാനും കേന്ദ്രീകൃത അടുക്കളകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.ഹോട്ടലുകള്‍ക്കു വിഭവങ്ങള്‍ക്കായി കേന്ദ്രീകൃത അടുക്കളകളെ ആശ്രയിക്കാം.

കോവിഡ് പ്രതിരോധം:മുഖ്യമന്ത്രി എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്ത യോഗം വിളിച്ചു

കോവിഡ് പ്രതിരോധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മേയ് 26 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്ത യോഗം വിളിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന യോഗത്തില്‍ എംപിമാരും എംഎല്‍എമാരും ജില്ലാ കലക്ടറേറ്റുകളില്‍ നിന്നു പങ്കെടുക്കും.

യു.കെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇനി നല്‍കേണ്ട

യു.കെയില്‍ ജോലി ചെയ്യുന്നതിനുള്ള വിസ കരസ്ഥമാക്കാന്‍ നല്‍കേണ്ടിയിരുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഇനി മുതല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ നല്‍കേണ്ടിവരില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അകത്തും പുറത്തും നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സര്‍ചാര്‍ജ് റദ്ദാക്കി. യു.കെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിലവില്‍ ഒരാള്‍ക്ക് 400 പൗണ്ട് ആണ് സര്‍ചാര്‍ജ് ആയി നല്‍കേണ്ടത്. ദേശീയ ആരോഗ്യ സേവന പദ്ധതി (എന്‍എച്ച്എസ്) പ്രകാരം ചികിത്സ ആവശ്യമായാല്‍ ലഭ്യമാക്കുന്നതിനുള്ള തുകയാണിത്. ഒക്ടോബര്‍ മുതല്‍ ഇത് പ്രതിവര്‍ഷം 624 പൗണ്ട് വരെ ഉയരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it