ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 29, 2020

ഇന്ന് 62 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 62 കോവിഡ് രോഗികള്‍. രോഗബാധിതരില്‍ 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. പാലക്കാട്-14, കണ്ണൂര്‍- 7, തൃശ്ശൂര്‍- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസര്‍കോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1. തമിഴ്‌നാട്-10, മഹാരാഷ്ട്ര -10, കര്‍ണാടക-1, ഡല്‍ഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തു നിന്നെത്തിയവരുടെ വിവരം.

ഇന്ത്യയില്‍

രോഗികള്‍ : 165,799 (ഇന്നലെ 158,333 )

മരണം : 4,706 (ഇന്നലെ 4,531 )

ലോകത്ത്

രോഗികള്‍: 5,808,946 (ഇന്നലെ 5,691,790 )

മരണം: 360,308 (ഇന്നലെ 355,629 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,320 രൂപ (ഇന്നലെ 4,276 )

ഒരു ഡോളര്‍ : 75.58 രൂപ (ഇന്നലെ 75.70)

ക്രൂഡ് ഓയ്ല്‍

WTI Crude 33.56 -0.15

Brent Crude 34.94 -0.35

Natural Gas 1.773 -0.054

ഓഹരി വിപണിയില്‍ ഇന്ന്

സെന്‍സെക്സും നിഫ്റ്റിയും അടക്കം എല്ലാ സൂചികകളും ഇന്ന് ഉയര്‍ന്നു. യുഎസ്-ചൈന പ്രശ്നങ്ങള്‍ ആഗോള വിപണിയെ തളര്‍ത്തിയെങ്കിലും ഇന്ത്യന്‍ വിപണിയെ ബാധിച്ചില്ല. മാത്രമല്ല, ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളും വിപണിയില്‍ പ്രതിഫലിച്ചില്ല. സെന്‍സെക്സ് 223.51 പോയന്റ് ഉയര്‍ന്ന് 32,424.1 പോയ്ന്റിലെത്തി. 0.69 ശതമാനം ഉയര്‍ച്ചയാണിത്. നിഫ്റ്റിയാകട്ടെ 90.20 പോയ്ന്റ് വര്‍ധനയോടെ 9580.3 പോയന്റിലെത്തി. 0.95 ശതമാനം വര്‍ധന. നിഫ്റ്റി ബാങ്ക് സൂചികയില്‍ 127.45 പോയ്ന്റിന്റെ വര്‍ധനയാണിന്ന് ഉണ്ടായത്. 0.66 ശതമാനം വര്‍ധനയോടെ 19297.25 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.മിഡ്കാപ് ബിഎസ്ഇ ഓഹരി സൂചിക 11843.22 പോയ്ന്റിലേക്ക് ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

മിക്ക കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. 18 കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ എട്ടു കമ്പനികള്‍ നിരാശപ്പെടുത്തി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഇന്ന് ഉയര്‍ന്നു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ എഫ്എസിടിയാണ് ശതമാനക്കണക്കില്‍ മുന്നില്‍. 8.47 ശതമാനം വര്‍ധന. 3.40 രൂപ വര്‍ധിച്ച് 43.55 രൂപയിലെത്തി. നിറ്റ ജെലാറ്റിന്റെ ഓഹരി വില 8.50 രൂപ വര്‍ധിച്ച് 114 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 2.20 രൂപ വര്‍ധിച്ച് 44.95 രൂപയും ആയി. യഥാക്രമം 8.06, 5.15 ശതമാനം വര്‍ധന. ഇന്‍ഡിട്രേഡിന്റെ വിലയില്‍ 4.83 ശതമാനം വര്‍ധനയുണ്ടായി. 90 പൈസ വര്‍ധിച്ച് 19.55 രൂപയായി. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ വില 85 പൈസ വര്‍ധിച്ച് (4.53 ശതമാനം) 19.60 രൂപയും മണപ്പുറം ഫിനാന്‍സിന്റേത് 4.90 പൈസ വര്‍ധിച്ച് (4.08 ശതമാനം) വര്‍ധിച്ച് 125 രൂപയുമായി.

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ്

ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ അടഞ്ഞു കിടക്കുന്ന വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഫിക്‌സഡ് ചാര്‍ജ് ആറു മാസത്തേക്ക് മാറ്റി വയ്ക്കുന്നതിനു തീരുമാനമായതായി വൈദ്യുതി ബോര്‍ഡിന്റെ അറിയിപ്പ്. ഇതിന് ഈടാക്കുന്ന പലിശ 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറച്ചിട്ടുമുണ്ട്. വൈദ്യുതി ഇനത്തില്‍ നല്‍കേണ്ടുന്ന ഫിക്‌സഡ് ചാര്‍ജ് അധിക ബാധ്യതയാകുന്നുവെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് (മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കാലാവധിയില്‍) 25 ശതമാനം ഇളവു ലഭിക്കും. ഗാര്‍ഹിക ഉപയോഗത്തില്‍ വരുന്ന ഉയര്‍ന്ന വൈദ്യുതി ചാര്‍ജിന് ആദ്യ പകുതി അടച്ചാല്‍ രണ്ടാം പകുതി രണ്ട് തവണകളായി തിരിച്ചടച്ചാല്‍ മതി എന്ന രീതിയിലുമാക്കുമെന്ന് അറിയിപ്പ് വന്നിട്ടുണ്ട്. ഗാര്‍ഹിക വൈദ്യുതി ബില്‍ പലര്‍ക്കും ഉയര്‍ന്നതായി കാണുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച 3.1 % ; വാര്‍ഷിക നിരക്ക് 4.2 ശതമാനം

ഇന്ത്യക്കു വരാനിരിക്കുന്നത് മുരടിപ്പിന്റെ നാളുകളാണെന്ന മുന്നറിയിപ്പോടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ കണക്ക്. ജൂണ്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ വലിയ ഞെട്ടലിലേക്ക് നീങ്ങുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദ (ജനുവരി മാര്‍ച്ച്) കണക്കുകള്‍ പുറത്തുവരുമ്പോള്‍ 3.1 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.മാര്‍ച്ച് പാദത്തില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ ഉള്‍പ്പെടുന്നു.എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സംസ്ഥാനത്ത് കോവിഡ് 19-ന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് 19-ന്റെ സമൂഹ വ്യാപനമില്ലെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സംസ്ഥാനത്തുള്ള 557 ആക്ടീവ് കേസുകളില്‍ 45 പേര്‍ക്കു മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്.

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവിന് കേരളം കൂടുതല്‍ സമയം തേടി

സംസ്ഥാനത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത കര്‍ഷകര്‍ക്ക് അവരെടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. വായ്പ എടുത്തിട്ടുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ഡൗണ്‍ കണക്കിലെടുത്ത് ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

കെ ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ നീക്കം

സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനുള്ള കെ ഫോണ്‍ പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് കണ്‍സോഷ്യം ഉറപ്പ് നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. 1500 കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നത് ഭാരത് ഇലക്ടോണിക് ലിമിറ്റഡ്, റെയില്‍ടെല്‍ എന്നീ പൊതു മേഖലാ കമ്പനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ സ്വകാര്യ കമ്പനികളും ചേര്‍ന്ന കണ്‍സോഷ്യമാണ്.

ഇസാഫ് ബാങ്ക് അറ്റാദായത്തില്‍ 110% വര്‍ധന

മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 ശതമാനം വര്‍ധിച്ച് 190.39 കോടി രൂപയിലെത്തി. വിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും ബാങ്ക് കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഈ മികച്ച ഫലം വ്യക്തമാക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പ്രതികരിച്ചു.

ബെവ് ക്യൂ ആപ്പിനെപ്പറ്റി മന്ത്രി റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാകൃഷ്ണന്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബെവ് ക്യൂ ആപ്പ് വഴി മേയ് 30 ലേക്കുള്ള ടോക്കണുകള്‍ നല്‍കാന്‍ തീരുമാനമായി.

ജിയോ പ്ലാറ്റ്‌ഫോമ്‌സില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിന് അബുദാബി കമ്പനി

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഇന്‍വെസ്റ്റ്‌മെന്റ് ജിയോ പ്ലാറ്റ്‌ഫോമ്‌സില്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തിയേക്കും. ജിയോ പ്ലാറ്റ്‌ഫോംസില്‍ ഒരു ശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദല കൂടി നിക്ഷേപം നടത്തുന്നതോടെ അഞ്ചു ലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം. അതിനിടെ 200 കോടി ഡോളര്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. ഫേസ്ബുക്ക്, കെകെആര്‍, സില്‍വല്‍ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികളില്‍നിന്നായി 1000 കോടി ഡോളര്‍ റിലയന്‍സ് ഒരുമാസം കൊണ്ട് സമാഹരിച്ചിരുന്നു. കമ്പനിയുടെ 1,53,132 കോടി രൂപ വരുന്ന മൊത്തം ബാധ്യത ഇതോടെ മിക്കവാറും പരിഹരിക്കപ്പെടും.

ആമസോണ്‍ താത്കാലിക ജീവനക്കാരില്‍ 1.25 ലക്ഷം പേരെ സ്ഥിരപ്പെടുത്തുന്നു

വിവിധ രാജ്യങ്ങളിലായി തങ്ങളുടെ താത്കാലിക ജീവനക്കാരില്‍ 1.25 ലക്ഷം പേരെ സ്ഥിരപ്പെടുത്താന്‍ ആമസോണ്‍ തീരുമാനിച്ചു. ആകെ 1.75 ലക്ഷം താത്കാലിക ജീവനക്കാരില്‍ അര ലക്ഷം പേര്‍ക്ക് തങ്ങളുടെ മുന്‍ ജോലിയിലേക്ക് തിരികെ പോവുകയോ ആമസോണില്‍ തന്നെ സീസണല്‍, അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുകയോ ആവാം. ആറ് ലക്ഷത്തോളം വരുന്ന സ്ഥിരം ജീവനക്കാര്‍ക്ക് മണിക്കൂറില്‍ കുറഞ്ഞത് 15 ഡോളറാണ് ആമസോണ്‍ വേതനം. മാര്‍ച്ചിലാണ് കൂടുതല്‍ പേരെ ജോലിക്കെടുക്കുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ കയറ്റുമതി , ഇറക്കുമതി വളര്‍ച്ചാനിരക്ക് ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു

ഇന്ത്യയുടെ കയറ്റുമതി -ഇറക്കുമതി വളര്‍ച്ചാനിരക്ക് ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിഞ്ഞു. മാര്‍ച്ചില്‍ 34.6 ശതമാനമായിരുന്ന ഇന്ത്യയുടെ കയറ്റുമതി ഇടിവ്, ഏപ്രില്‍ മാസത്തില്‍ 60.3 ശതമാനമായി. ലോകത്ത് കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം ഏറ്റവും ഗുരുതരമായി ബാധിച്ച 22 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാല്‍, ചൈനയുടെ കയറ്റുമതി 2.2 ശതമാനം വര്‍ധിച്ചെന്നാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം വന്നത് സിങ്കപ്പൂരില്‍ നിന്ന്

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം ഉയര്‍ന്നു. 49.97 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 44.36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടന്നത്. സിങ്കപ്പൂരില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം എത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്, 14.67 ബില്യണ്‍ ഡോളര്‍.

പാരസെറ്റോമോള്‍ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചു

പാരസെറ്റോമോള്‍ ഗുളികയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് വ്യവസായം ഇന്ത്യയിലേതാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ 14 ാമത്തേതുമാണ് ഈ വ്യവസായ മേഖല. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 5.41 ബില്യണ്‍ ഡോളറിന്റെ പാരസെറ്റോമോള്‍ കയറ്റുമതി ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി മൂല്യം 5.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് കേരളത്തിന്റെ അശ്രുപൂജ

കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് അശ്രുപൂജയോടെ കേരളത്തിന്റെ യാത്രാമൊഴി. വയനാട് പുളിയാര്‍മലയില്‍ ഇന്നു വൈകുന്നേരം അഞ്ചു മണിയോടെയാണ് മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തിയത്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it