ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 30, 2020

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങളുമായി ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കോവിഡ് എത്തും മുമ്പുതന്നെ ദുര്‍ബലമായിരുന്നെന്ന് കണക്ക്. കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍.

കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പുതുതായി 58 പേര്‍ക്ക് കൂടി കോവിഡ്-19. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും കോവിഡ് ഫലം പോസിറ്റീവ് ആയിട്ടുണ്ട്.

ഇന്ത്യയില്‍

രോഗികള്‍ : 173,763 (ഇന്നലെ 165,799 )

മരണം : 4,971 (ഇന്നലെ 4,706 )

ലോകത്ത്

രോഗികള്‍: 5,924,275 (ഇന്നലെ 5,808,946 )

മരണം: 364,867 (ഇന്നലെ 360,308 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,320 രൂപ (ഇന്നലെ 4,320)

ഒരു ഡോളര്‍ : 75.52 രൂപ (ഇന്നലെ 75.58 )

ക്രൂഡ് ഓയ്ല്‍

WTI Crude 35.32 +1.61

Brent Crude 37.84 +1.81

Natural Gas 1.840 +0.013

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; നിയന്ത്രണം കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രം

കോവിഡ് വ്യാപനം തടയുന്നതിനായുള്ള രാജ്യവ്യാപക ലോക് ഡൗണിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടി വച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയായിട്ടില്ല.

കോവിഡ് എത്തും മുമ്പുതന്നെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നെന്ന് ഔദ്യോഗിക കണക്ക്

കോവിഡ് പ്രതിസന്ധി പൂര്‍ണ്ണമായി ബാധിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വളര്‍ച്ചയിലെ മാന്ദ്യം ക്രമേണയുള്ളതാണെന്നും കോവിഡ് 19 പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ വളര്‍ച്ചാ വേഗത നിലനിര്‍ത്താന്‍ ഇന്ത്യ പാടുപെടുകയായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. 2018-19 ലെ 6.1 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.2 ആയി കുറഞ്ഞു. അതുപോലെ, 2018-19 ന്റെ നാലാം പാദത്തിലെ 5.7 ശതമാനം വളര്‍ച്ച 2019-20 ല്‍ 3.1 ശതമാനമായാണ് ഇടിഞ്ഞത്.

നാളത്തെ ശുചീകരണ ദിനാചരണം വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം.കൊവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

പൈലറ്റിന് കോവിഡ്; എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹിയില്‍നിന്നു മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ തിരിച്ചുവിളിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിലേക്ക് പുറപ്പെട്ട വിമാനത്തെ രണ്ട് മണിക്കൂര്‍ യാത്രയ്ക്കുശേഷം ഉസ്ബക്കിസ്ഥാന്‍ വ്യോമമേഖലയില്‍ നിന്നാണ് തിരിച്ചുവിളിച്ചത്. പുറപ്പെട്ടതിനുശേഷമാണ് പൈലറ്റിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ക്രൂ അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

പൊലീസിന്റെ വംശവെറിക്കെതിരെ നാലാം ദിനവും അമേരിക്കയില്‍ വന്‍ പ്രതിഷേധം

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ളോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍.പലയിടത്തും നിരോധനാജ്ഞ ലംഘിച്ചു.അറ്റ്ലാന്റയില്‍ സിഎന്‍എന്‍ ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പൊലീസിന്റെ വംശവെറിക്കെതിരെ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപ്പടരുകയാണ്. സംഭവത്തില്‍ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ഡല്‍ഹിക്ക് സ്ഥിരമായി ലോക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍

ഡല്‍ഹിക്ക് സ്ഥിരമായി ലോക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൂന്നാമത്തെ കോവിഡ് കേസുകളുള്ള ദേശീയ തലസ്ഥാന പ്രദേശത്ത് പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധിക്കൊപ്പം ജീവിക്കാന്‍ ഡല്‍ഹി നിവാസികള്‍ ശീലിക്കേണ്ടിവരും. ഡല്‍ഹിയില്‍ 17000-ലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 398 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കര്‍ണാടക പിന്‍വലിച്ചു

കര്‍ണാടകയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇതനുസരിച്ച് നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. വിവിധ മേഖലകളില്‍നിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കേരളത്തിലേതിന് സമാനമായിട്ടായിരുന്നു കര്‍ണാടകയിലും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

ഡീസല്‍, പെട്രോള്‍ ഓണ്‍ലൈന്‍ ഹോം ഡെലിവറി തുടങ്ങുമെന്ന് മന്ത്രി

രാജ്യത്തൊട്ടാകെയുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിന് ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഐ ടി- ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 2018 ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ മൊബൈല്‍ ഡിസ്‌പെന്‍സറുകള്‍ വഴി ഡീസല്‍ വിതരണം ആരംഭിച്ചത്.

സൗദിയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നു

സൗദി അറേബ്യയില്‍ മെക്ക ഒഴികെയുള്ള എല്ലാ മുസ്ലീം പള്ളികളും നാളെ മുതല്‍ വിശ്വാസികളെ സ്വീകരിക്കും. 40 ശതമാനം പേര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം. 90,000-ഓളം പള്ളികളാണ് സൗദിയിലുള്ളത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു ആരാധനാലയങ്ങള്‍. വൈറസ് ബാധ പൂര്‍ണ്ണമായും പ്രതിരോധിക്കാനായില്ലെങ്കിലും, സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുപോകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. വിശ്വാസികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഭരണാധികാരികള്‍ അഭ്യര്‍ത്ഥിച്ചു.

കുത്തനെ ഇടിഞ്ഞ് ജിഎസ്ടി വരുമാനം

രാജ്യത്ത് ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട പ്രതിമാസ ജിഎസ്ടി ശേഖരണ കണക്കുകള്‍ പ്രകാരം 16,707 കോടി രൂപ മാത്രമാണ് ജിഎസ്ടി വരുമാനമായി ഏപ്രിലില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വര്‍ഷം 55,329 കോടി രൂപ ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തില്‍ മാത്രമാണ് ഇത്രയും ഇടിവ് ഉണ്ടായിരിക്കുന്നത്.

സൗജന്യ സര്‍വ്വീസ്, വാറന്റി പദ്ധതികള്‍ നീട്ടിയതായി മാരുതി സുസുക്കി

മെയ് മാസത്തില്‍ കാലാവധി അവസാനിക്കുമായിരുന്ന സൗജന്യ സര്‍വ്വീസ്, വാറന്റി പദ്ധതികള്‍ നീട്ടിയതായി മാരുതി സുസുക്കി അറിയിച്ചു. മെയ് 30 വരെ ദേശീയ ലോക്ഡൗണിന്റെ നാലാം ഘട്ടം നിലനില്‍ക്കുന്നതിനാലാണ് വാഹന ഉടമകള്‍ക്ക് അവസാന തീയതി നീട്ടി നല്‍കുന്നത്. മെയ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന എല്ലാ സൗജന്യ സേവനങ്ങളും വാറണ്ടിയും വിപുലീകൃത വാറണ്ടിയും ജൂണ്‍ വരെ നീട്ടി നല്‍കുമെന്ന് മാരുതി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മ്മാണത്തിലേക്ക് ട്രാവന്‍കൂര്‍ ടൈറ്റാനിയം

ഇലക്ട്രിക്ക് വാഹന ബാറ്ററി നിര്‍മ്മാണത്തിലേക്ക് ചുവടുവച്ച് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി ടി പി എല്‍). ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനം നിര്‍മ്മിച്ചിട്ടുണ്ട്. ഇതുപയോഗിച്ചുള്ള ഇ ബാറ്ററി നിര്‍മ്മാണത്തിന് കേരള ഡവലെപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി (കെ ഡി ഐ എസ് സി) ചര്‍ച്ച നടക്കുകയാണ്.ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. തിരുവനന്തപരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ചെന്നൈയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ടൈറ്റാനിയത്തിന്റെ ഉല്‍പ്പന്നം ഗുണനിലവാരമുള്ളതാണെന്ന് തെളിഞ്ഞു.

സിനിമാ താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകന്‍ മണിരത്നം

കോവിഡ് ഭീതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വരും കാലത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകന്‍ മണിരത്നം. ഒരു വെബിനാറില്‍ റിലയന്‍സ് എന്‍ര്‍ടെയിന്‍മെന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സര്‍ക്കാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററുകളില്‍ തുറന്നാലും ജനങ്ങള്‍ പേടികൂടാതെ വന്നു തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. സര്‍ക്കാരും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.

ഇന്ത്യയും ചൈനയും തര്‍ക്കം തീര്‍ക്കാന്‍ സംസാരിക്കുന്നുണ്ടെന്ന് രാജ്നാഥ് സിംഗ്

അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിയന്ത്രണ രേഖയില്‍ ചൈനയുമായി തര്‍ക്കം തുടരുന്നതിനിടയില്‍ ഇതാദ്യമായാണ് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി വിഷയത്തില്‍ അഭിപ്രായം പറയുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങളുണ്ടെന്നും അത് നടക്കുന്നതിനാല്‍ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.

നിരാശയുടേതും വിനാശകരമായ നേതൃത്വത്തിന്റേയും വര്‍ഷമെന്ന് കോണ്‍ഗ്രസ്

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തെ സംബന്ധിച്ച് നിരാശയുടേതും വിനാശകരമായ നേതൃത്വത്തിന്റേയും കാലമായിരുന്നെന്ന് കോണ്‍ഗ്രസ്. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ബിജെപി നേതൃത്വം ആഘോഷിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയത സൃഷ്ടിച്ചുകൊണ്ട് സാഹോദര്യത്തിന്റേയും അനുകമ്പയുടേയും കണ്ണികള്‍ തകര്‍ക്കുന്ന കാലമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here