ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 26, 2020

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചു കയറുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍


കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ പ്രതീക്ഷിച്ചതിലും ശക്തമാകുന്ന സൂചനകളാണുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഉത്സവ സീസണ്‍ അവസാനിച്ചതിനുശേഷം ഉപഭോഗം സുസ്ഥിരത പാലിക്കേണ്ടതുണ്ടെന്നും ഇത് ശുഭ സൂചകമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ഇന്ത്യയിലും വളര്‍ച്ചയ്ക്ക് ദോഷകരമായ നിരവധി പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഒന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ 23.9 ശതമാനം കുത്തനെ ഇടിവുണ്ടായതായും രണ്ടാം പാദത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ വേഗതയില്‍ പ്രതീക്ഷിച്ചതിലും ശക്തമായ പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.

ആര്‍സിഇപി കരാറില്‍നിന്ന് ഇന്ത്യ പിന്‍മാറിയത് രാജ്യത്തെ കയറ്റുമതിയെ ബാധിക്കുമെന്ന് വിദഗ്ധര്‍

ചൈന നേതൃത്വം നല്‍കുന്ന ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത് രാജ്യത്തെ ചില ഉല്‍പാദക-കയറ്റുമതി മേഖലകള്‍ക്കു തിരിച്ചടിയാകുമെന്ന അഭിപ്രായവുമായി വിദഗ്ധര്‍. ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളായ എന്‍ജിനീയറിംഗ്് ഉല്‍പന്നങ്ങള്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്സ് ജെംസ് തുടങ്ങിയവയ്ക്ക് ആര്‍സിഇപിയില്‍ അംഗങ്ങളായ 15 രാജ്യങ്ങളില്‍ ഇനി വിപണി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയാണ് ചില സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ ചരക്ക് കയറ്റുമതിയില്‍ കാല്‍ഭാഗവും വരുന്നത് എന്‍ജിനീയറിംഗ് ഉല്‍പന്നങ്ങളാണ് എന്നു വ്യക്തമാകുമ്പോഴാണ് എത്രത്തോളം നഷ്ടമാണ് ഈ വിപണി ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്നതെന്നു വ്യക്തമാകുമെന്നും ഇവര്‍ പറയുന്നു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സീനിയര്‍ റിസര്‍ച്ച് വിദഗ്ധരാണ് ഈ വിലയിരുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

കോവിഡ് വാക്‌സിന്‍ അസ്ട്രാസെനക്കയുടെ വിശ്വാസ്യതയില്‍ ചോദ്യമുയരുന്നു


കുറഞ്ഞ വിലയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള അസ്ട്രാസെനക്കയുടെ നീക്കങ്ങള്‍ക്ക് പുതിയ വെല്ലുവിളി. വാക്‌സിന്‍ ഉല്‍പ്പാദനത്തിലുണ്ടായ പിഴവ് പ്രാഥമിക ഫലങ്ങളെ ബാധിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഈയാഴ്ച ആദ്യമാണ് വാക്‌സിന്‍ 70% ഫലപ്രദമാണെന്ന് കമ്പനി അവകാശവാദം ഉന്നയിച്ചത്. പരീക്ഷണങ്ങളുടെ നിഗമനങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്റെ ഉല്‍പ്പാദന സമയത്തുണ്ടായ പിഴവുമൂലം ചിലയാളുകള്‍ക്ക് ഒരു ഡോസിനുപകരം അര ഡോസാണ് നല്‍കിയതെന്ന വിവരം പുറത്തു വിട്ടിരുന്നു.

ഫുള്‍ ഡോസ് നല്‍കിയുള്ള ബൂസ്റ്ററിനുമുന്‍പ് അര ഡോസ് നല്‍കിയവരില്‍ വാക്‌സീന്‍ 90% ഫലപ്രദമാണെന്നും ഫുള്‍ ഡോസ് നല്‍കിയ ആളുകളില്‍ 62% ആണ് ഫലമെന്നുമാണ് പുറത്തുവന്ന വിവരം. ഫലം പുറത്തുവന്നതിനു ശേഷമാണ് വലിയൊരു പിഴവു സംഭവിച്ചതായി അസ്ട്രാസെനക്ക സമ്മതിക്കുന്നത്. ഇതോടെ വാക്‌സീന്‍ എത്രത്തോളം ഫലപ്രദമാകുമെന്നാണ് ആശങ്ക.

അതേ സമയം യുവ തലമുറയിലുള്ളവരില്‍ വാക്‌സിന് കൂടുതല്‍ ഫലപ്രാപ്തി കണ്ടതായി ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് എന്ന യുഎസ് വാക്‌സിന്‍ പ്രോഗ്രാമിന്റെ മേധാവി പിറ്റേദിവസം തന്നെ പറഞ്ഞിരുന്നു. ചിലയാളുകള്‍ക്ക് അര ഡസന്‍ നല്‍കാന്‍ കാരണം മരുന്നുകുപ്പിയിലെ വാക്‌സിന്റെ അളവിന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളൊന്നു അസ്ട്രാസെനക്ക പുറത്തുവിട്ട ആദ്യ വിവരങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഇപ്പോള്‍ വിശ്വാസ്യതയ്ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നത്. ഫലത്തില്‍ അസ്ട്രാസെനക്ക പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തതയില്ലെന്നാണ് യുഎസ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സോളാര്‍ മൊഡ്യൂളുകള്‍ക്ക് ഇന്‍സന്റീവ് നല്‍കുമെന്ന് പ്രധാനമന്ത്രി


രാജ്യത്തെ ഇലക്ട്രോണിക് മേഖലയിലെന്ന പോലെ സൗരോര്‍ജ മേഖലയ്ക്കും ഉല്‍പ്പാദന ഇന്‍സെന്റീവുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ സോളാര്‍ മൊഡ്യൂള്‍ മാനുഫാക്ചറിംഗ് ഹൈ എഫിഷ്യന്‍സി സോളാര്‍ മൊഡ്യൂളുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് ഉത്തേജനം പകരുന്നതാണ് പുതിയ പ്രഖ്യാപനം. രാജ്യത്ത് ഈ മേഖലയില്‍ 20 ബില്യണ്‍ ഡോളര്‍ ബിസിനസ് സൃഷ്ടിക്കലാണ് ലക്ഷ്യം. രാജ്യത്തെ പുനരുപയോഗ ക്ഷമമായ ഊര്‍ജ ശേഷി 136 ജിഗാ വാട്ടില്‍ നിന്നും 220 ജിഗാ വാട്ട് ആയി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി വിശദമാക്കി.


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സര്‍വീസ് ഡിവിഷന്‍ ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സിന് വിറ്റു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (എംആന്‍ഡ്എം)വില്‍പ്പനാനന്തര സേവന വിഭാഗം ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സിന് വിറ്റതായി റിപ്പോര്‍ട്ട്. മൈ ടിവിഎസ് എന്ന പേരിലുള്ള തങ്ങളുടെ സര്‍വീസ് വിഭാഗം രാജ്യം മുഴുവന്‍ വിപുലമാക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഏറ്റെടുക്കലുമെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സര്‍വീസ് ലിമിറ്റഡ് എന്ന തങ്ങളുടെ വിഭാഗം ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്(TASL) വില്‍ക്കുന്നതായും വില്‍പ്പന കരാര്‍ അനുസരിച്ച് ടിവിഎസ് ഓട്ടോമൊബൈല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ 2.76 ശതമാനം ഓഹരി എംആന്‍ഡ്എം സ്വന്തമാക്കിയതായും പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തില്‍ 35 കോടി രൂപയാണ് ടിവിഎസില്‍ എംആന്‍ഡ്എം നിക്ഷേപം നടത്തുന്നത്.


കൊവിഡ് പ്രതിസന്ധി രൂക്ഷം; 32,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വാള്‍ട്ട് ഡിസ്നി

കാവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസ്നി തങ്ങളുടെ 32,000ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി വാര്‍ത്തകള്‍. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കില്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് ഒവിവാക്കുക എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമ്യൂസ്‌മെന്റ് ബിസിനസ് തിരികെ എത്താന്‍ നാളുകളെടുക്കുമെന്നതിനാല്‍ കമ്പനിയുടെ നഷ്ടം നികത്താനാണ് പുതിയ തീരുമാനം.


കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കേറ്റ് തീയതി നീട്ടി

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2020 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ കാലാവധി അനുസരിച്ച് എല്ലാ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും 2020 നവംബര്‍ 1 മുതല്‍ 2021 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.


ധനകാര്യ സ്ഥാപനങ്ങള്‍ തുണച്ചു വിപണിയില്‍ മുന്നേറ്റം

ബാങ്കിംഗ് മേഖലയുടെ കരുത്തില്‍ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വിപണി കുതിച്ചു. നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതോടെ ഇന്നലെ ഇടിഞ്ഞ വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ നാളെ പുറത്തിറക്കും. അതിനായുള്ള കാത്തിരിപ്പിലാണ് വിപണി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ത്രൈമാസത്തേതിനേക്കാള്‍ വര്‍ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

സെന്‍സെക്സ് 431.64 പോയ്ന്റ് ഉയര്‍ന്ന് 44259.74 പോയ്ന്റിലും നിഫ്റ്റി 128.60 പോയന്റ് ഉയര്‍ന്ന് 12987 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. ഏകദേശം 1726 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 986 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ ബഹുഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 20 ഓഹരികളുടെ വിലയില്‍ വര്‍ധനവുണ്ടായപ്പോള്‍ ഏഴ് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

പാറ്റ്സ്പിന്‍ ഇന്ത്യ (4.83 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.71 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.20 ശതമാനം), എഫ്എസിടി (3.14 ശതമാനം), ഹാരിസണ്‍സ് മലയാളം (2.85 ശതമാനം), കിറ്റെക്സ് (2.47 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.41 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.35 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.83 ശതമാനം), നിറ്റ ജലാറ്റിന്‍ (1.52), ഫെഡറല്‍ ബാങ്ക് (1.27 ശതമാനം), അപ്പോളോ ടയേഴ്സ് (1.24 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.20 ശതമാനം), എവിറ്റി (1.08 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.72 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.56), കേരള ആയുര്‍വേദ (0.21 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.14 ശതമാനം), കെഎസ്ഇ (0.05 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.


കോവിഡ് അപ്ഡേറ്റ്സ് (26-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 5378

മരണം : 27

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍: 9,266,705

മരണം : 135,223

ലോകത്ത് ഇതുവരെ

രോഗികള്‍: 60,392,439

മരണം : 1,421,308



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it