ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബർ 04, 2020

ഈസ്‌റ്റേണ്‍ ബഹുരാഷ്ട്ര കമ്പനിക്ക് വിറ്റു

സ്‌പൈസസ്, കറിപ്പൊടി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരികളും എംടിആര്‍ ഫുഡ്‌സ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ കമ്പനിയായ ഒര്‍ക്ക്‌ല ഫുഡ്‌സിന്റെ ഉപകമ്പനിയായ എംടിആര്‍ ആണ് ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്.

എം. ഇ മീരാന്‍ സ്ഥാപിച്ച ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ 41.8 ശതമാനം ഓഹരികളാണ്, മീരാന്‍ കുടുംബാംഗങ്ങളില്‍ നിന്ന് എംടിആര്‍ വാങ്ങിയിരിക്കുന്നത്. ഇതിന് പുറമേ ഈസ്റ്റേണില്‍ ഓഹരി പങ്കാളിത്തമുള്ള മക്‌കോര്‍മിക് കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ കൂടി എംടിആര്‍ വാങ്ങും. നിലവില്‍ ഈസ്‌റ്റേണില്‍ 74 ശതമാനം ഓഹരി പങ്കാളിത്തം മീരാന്‍ കുടുംബത്തിനും 26 ശതമാനം ഓഹരികള്‍ മക്‌കോര്‍മിക്കിനുമാണ്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ എംടിആറിന്റെ കൈവശമാകും ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഓഹരികള്‍. ഇതോടെ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ നിയന്ത്രണം എംടിആറിനാകും.

ചൈനയില്‍ നിന്ന് ഫാക്ടറി മാറ്റുന്ന കമ്പനികള്‍ക്ക് സബ്‌സിഡിയുമായി ജപ്പാന്‍

ചൈനയില്‍ നിന്ന് മാനുഫാക്ചറിംഗ് കേന്ദ്രം മാറ്റുന്ന കമ്പനികള്‍ക്ക് സബ്‌സിഡി അനുവദിച്ചുകൊണ്ട് ജപ്പാന്‍. ചൈനയില്‍ നിന്ന് ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മാനുഫാക്ചറിംഗ് കേന്ദ്രങ്ങള്‍ മാറ്റുന്ന കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കാനായി ബജറ്റില്‍ വിഹിതവും മാറ്റിവെച്ചു. ഒരു പ്രത്യേക പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ചുള്ള സംവിധാനത്തെ വികേന്ദ്രീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

പ്രാദേശിക ലോക്ക്ഡൗണുകള്‍ ബിസിനസ് വളര്‍ച്ചയെ ബാധിക്കുന്നു: ഐടിസി ചെയര്‍മാന്‍ സഞ്ജീവ് പുരി

പ്രാദേശിക ലോക്ക്ഡൗണുകള്‍ ബിസിനസിന്റെ വളര്‍ച്ചയെ ഗണ്യമായി ബാധിക്കുന്നുണ്ടെന്നും ബിസിനസിന്റെ ഹ്രസ്വകാല സാധ്യതകള്‍ പ്രവചനത്തിന് അതീതമാണെന്നും ഐ ടി സി ചെയര്‍മാന്‍ സഞ്ജീവ് പുരി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോമിന്‍ തച്ചങ്കരി കെഎഫ്‌സി മേധാവി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായി ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിന്‍ തച്ചങ്കരിയെ നിയമിച്ചു. ആഭ്യന്തര വകുപ്പിന് കീഴില്‍ ഡിജിപി തസ്തികകള്‍ ഒഴിവില്ലാത്തതിനാലാണ് കെ എഫ് സി മേധാവി സ്ഥാനത്തേക്ക് ടോമിന്‍ തച്ചങ്കരിയെ നിയമിച്ചത്. കൂടുതല്‍ ചുമതലകള്‍ തച്ചങ്കരിയെ ഏല്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി രാമകൃഷ്ണന്റെ നിയമനത്തിന് ആര്‍ ബി ഐ അനുമതി ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജരായിരുന്ന മുരളി രാമകൃഷ്ണന്‍ ജൂലൈ ഒന്നുമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സ്വകാര്യ ബാങ്കില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തുന്ന ആദ്യ വ്യക്തിയാണ് മുരളി രാമകൃഷ്ണന്‍.

ജിയോയ്ക്ക് പിന്നാലെ നിക്ഷേപം വാരിക്കൂട്ടാന്‍ റീലയന്‍സ് റീറ്റെയ്‌ലും

ലോക്ക് ഡൗണ്‍ കാലത്ത് റിലയന്‍സ് ജിയോയിലേക്ക് രാജ്യാന്തര തലത്തില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിച്ച മുകേഷ് അംബാനി റിലയന്‍സ് റീറ്റെയ്‌ലിലും അത് ആവര്‍ത്തിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപക സ്ഥാപനമായ സില്‍വര്‍ ലേക്ക് 100 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുന്നതിയാണ് റിപ്പോര്‍ട്ട്. 5700 കോടിയുടെ വിപണി മൂല്യം കല്‍പ്പിക്കുന്ന റിലയന്‍സ് റീറ്റെയ്‌ലിന്റെ 1.75 ശതമാനം ഓഹരികള്‍ ഇതിലൂടെ സില്‍വര്‍ ലേക്കിന് നേടാനാകും.
കമ്പനിയുടെ പത്തു ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 570 കോടി ഡോളര്‍ സമാഹരിക്കുകയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ വിപണി; സെന്‍സെക്‌സ് 634 പോയ്ന്റ് താഴ്ന്നു

വാരാന്ത്യത്തിലെ വ്യാപാരത്തില്‍ കുത്തനെ ഇടിവോടെ വിപണി. സെന്‍സെക്‌സ് 634 പോയ്ന്റ് അഥവാ 1.63 ശതമാനം ഇടിഞ്ഞ് 38,357ലും നിഫ്റ്റി 194 പോയ്ന്റ്, 2.69 ശതമാനം ഇടിഞ്ഞ് 11,334 ലും ക്ലോസ് ചെയ്തു.

ഈ വാരത്തിലെ പ്രകടനം എടുത്താല്‍ സെന്‍സെക്‌സ് 2.8 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റി 2.69 ശതമാനവും.

അമേരിക്കന്‍ വിപണിയിലെ ഇടിവും കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നതും നിക്ഷേപകരില്‍ ആശങ്ക വര്‍ധിപ്പിച്ചപ്പോള്‍ ലാഭമെടുത്ത് പിന്‍മാറുന്ന പ്രവണത ശക്തമായി.

കേരള കമ്പനികളില്‍ ഏഴ് ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 20 ഓഹരികള്‍ക്കാണ് ഇന്ന് വിപണിയില്‍ കാലിടറിയത്. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരി വില 81.60 രൂപ കൂടി 1714.35 രൂപയിലെത്തി. അഞ്ചു ശതമാനം ഉയര്‍ച്ച. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 1.30 രൂപ കൂടി (3.92 ശതമാനം) 34.50 രൂപയും ഇന്‍ഡിട്രേഡിന്റേത് 50 പൈസ വര്‍ധിച്ച് (1.96 ശതമാനം) 26 രൂപയുമായി. എവിറ്റി നാച്വറല്‍സ് (1.69 ശതമാനം), നിറ്റ ജലാറ്റിന്‍ (0.86 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.15 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.09 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ കേരള കമ്പനികളില്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന് 4.21 ശതമാനം വിലയിടിവ് ഉണ്ടായി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.13 ശതമാനം), ഫെഡറല്‍ ബാങ്ക് (3.32 ശതമാനം), ആസ്റ്റര്‍ ഡി എം (2.95 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.86 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.18 ശതമാനം), കേരള ആയുര്‍വേദ (2.05 ശതമാനം )
എഫ്എസിടി (2.00 ശതമാനം), കിറ്റെക്‌സ് (1.69 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.44 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.24 ശതമാനം), സിഎസ്ബി ബാങ്ക് (1.13 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.00 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.85 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.84 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.76 ശതമാനം), ഹാരിസണ്‍സ് മലയാളം (0.71 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.38 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.24 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it