നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 30

1. എംഎൻസികളുടെ നികുതി വെട്ടിപ്പ്: ഇന്ത്യ-യുഎസ് കരാർ

ആഗോള കമ്പനികളുടെ നികുതി വെട്ടിപ്പ് തടയാൻ ഇന്ത്യയും യുഎസുമായി കരാർ. ഇരു രാജ്യങ്ങളിലും ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ കൈമാറുന്നതിനാണ് കരാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പി സി മോദിയും ഇന്ത്യയിലെ യുഎസ് അംബാസഡറായ കെന്നത്ത് ജെസ്റ്ററും മാർച്ചിൽ കരാറിൽ ഒപ്പിട്ടിരുന്നു. ഏപ്രിൽ 25 നാണ് വിജ്ഞാപനം പുറത്തിറക്കിയത്.

2.പേപ്പർ ഇറക്കുമതി തീരുവ: ഇന്ത്യയ്‌ക്കെതിരെ യുഎസ്

കടലാസ്, കടലാസ് ഉൽപന്നങ്ങൾക്ക് 'ഉയർന്ന' തീരുവ ഈടാക്കുന്നതിന് ഇന്ത്യയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻപ് ഹാർലി-ഡേവിഡ്‌സണിന് ഇന്ത്യ ഉയർന്ന തീരുവ ഏർപ്പെടുത്തുന്നെന്ന ആരോപണം ട്രംപ് ഉന്നയിച്ചിരുന്നു.

3. കമ്പനിയെ ഏറ്റെടുക്കാമെന്നേറ്റ് ജെറ്റ് എയർവേയ്സ് ജീവനക്കാരുടെ കത്ത്

കമ്പനിയെ തങ്ങൾ ഏറ്റെടുക്കാമെന്നേറ്റ് ജെറ്റ് എയർവേയ്സ് ജീവനക്കാർ എസ്ബിഐയ്ക്ക് കത്തയച്ചു. സാമ്പത്തിക ബാധ്യതയിൽപ്പെട്ട് പ്രവർത്തനം താൽക്കാലികമായി നിർത്തിയിരിക്കുകയാണ് ജെറ്റ്. 7000 കോടി രൂപ കമ്പനിക്ക് നൽകാമെന്നും അവർ ഓഫർ ചെയ്യുന്നു.

4. മാരുതി ബ്രെസയുടെ പ്രൊഡക്ഷൻ ടൊയോട്ടയുടെ ബെഗളൂരു പ്ലാന്റിലേക്ക് മാറ്റും

മാരുതി സുസുകി തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ ബ്രെസയുടെ പ്രൊഡക്ഷൻ ടൊയോട്ടയുടെ ബെഗളൂരു പ്ലാന്റിലേക്ക് മുഴുവനായും മാറ്റും. ആദ്യമായാണ് കമ്പനി പ്രൊഡക്ഷൻ ഔട്ട് സോഴ്സ് ചെയ്യുന്നത്. ടോട്ടോട്ടയുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണിത്.

5. വോട്ടിങ് മെഷീൻ പരാതിക്ക് കേസ്: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

വോട്ടിങ് മെഷീനെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ 6 മാസം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വോട്ട് മാറി പോള്‍ ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയരുകയും തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവന്നിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it