സാമ്പത്തിക തലസ്ഥാനത്തെ 'ടൈം ബോംബ്' ; ധാരാവി കൊറോണയെ ചെറുക്കുന്നു

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ധാരാവി ചേരി കൊറോണ വൈറസ് രോഗത്തിനെതിരെ നടത്തുന്ന പോരാട്ടം രാജ്യത്തിന്റെയാകെ ഉത്ക്കണ്ഠ പിടിച്ചു പറ്റിക്കഴിഞ്ഞു. കോവിഡ് ബാധിച്ച് ഇവിടെ ഒരാള്‍ മരിക്കുകയും ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പോസിറ്റീവ് ആവുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളുടെ ശ്രദ്ധയും ധാരാവിയിലേക്കു തിരിഞ്ഞിട്ടുണ്ട്. ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന മിക്കവാറും വൃത്തിഹീനമായ 520 ഏക്കര്‍ സ്ഥലം കൊറോണ വൈറസിന്റെ ' ടൈം ബോംബ് ' തന്നെയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയെ വൈറസില്‍ നിന്നു പ്രതിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും നഗര ഭരണം നിയന്ത്രിക്കുന്ന ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ബിഎംസി) കടുത്ത നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ജനസാന്ദ്രതയുടെ ആധിക്യവും, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും തികഞ്ഞ വെല്ലുവിളികളുയര്‍ത്തുന്നു. ക്രമിനലുകളുടെ അധിവാസ ഭൂമിയിലെ അച്ചടക്ക രാഹിത്യമാണ് അതിലേറെ അധികൃതര്‍ക്കു തലവേദനയായി മാറുന്നത്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നത് അപൂര്‍വം.സാമൂഹിക അകലം പാലിക്കല്‍ ധാരാവിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും തമാശയായി മാറുന്നു.

'ഞങ്ങള്‍ക്ക് അഞ്ച് പോസിറ്റീവ് കേസുകള്‍ക്കു പുറമേ ഉയര്‍ന്ന അപകടസാധ്യതയുള്ള 53 കേസുകളും 198 ലോ റിസ്‌ക് കേസുകളും ഉണ്ട്. അത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് മുദ്രയിട്ടു'- പ്രദേശത്തെ ബിഎംസി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. വീരേന്ദ്ര മൊഹൈറ്റ് പറഞ്ഞു.ആരും കെട്ടിടങ്ങളില്‍ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യാതിരിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യം ഉറപ്പാക്കാന്‍ പോലീസിനും സാധ്യമാകുമെന്ന് അദ്ദേഹത്തിനു തീര്‍ച്ചയില്ല.ആരോഗ്യ പ്രവര്‍ത്തകര്‍ ചേരി നിവാസികളിലെ രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്നതിനായി തുടര്‍ച്ചയായി സര്‍വേ നടത്തുന്നുണ്ട്.മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ മാത്രം നാലായിരത്തോലം ആരോഗ്യപ്രവര്‍ത്തരാണ് ധാരാവി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നത്.

ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് വൈറസ് ബാധയേറ്റത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് പറയുന്നത്.നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മാര്‍ച്ച് 25 ന് മുംബൈയില്‍ എത്തിയിരുന്നു. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയില്‍ രോഗം ബാധിച്ച് മരിച്ച 65 കാരന്‍ നല്‍കിയ വാടക വീട്ടിലായിരുന്നു താമസിച്ചത്. നിസാമുദ്ദീനില്‍ നിന്നും എത്തിയവരുമായി ഉണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്നാകാം ധാരാവി സ്വദേശിക്ക് രോഗം ബാധിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ധാരാവിയില്‍ നിന്ന് ഇവര്‍ മാര്‍ച്ച് 24 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കുകയും ചെയ്തു. സംഘത്തില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ധാരാവിയില്‍ താമസിച്ചവരെ കുറിച്ച് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടതായും ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ എന്തിനാണ് ധാരാവിയില്‍ എത്തിയത് എന്നതടക്കമുള്ള വിവരവും പോലീസ് തേടുന്നുണ്ട്.

ചേരിയിലെ ഒരു വിഭാഗം ധീരമായ ഒരു മുന്നണിക്കു രൂപം നല്‍കി അധികൃതരോടൊപ്പമുണ്ട്. 'ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.പക്ഷേ ഞങ്ങളെല്ലാവരും ബിഎംസിയുമായി ഏറ്റവും സഹകരിക്കുന്നു. പലചരക്ക് സാധനങ്ങള്‍, പാല്‍, മരുന്ന് എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ രാവിലെ 7-10 വരെ മാത്രമേ ഷോപ്പിംഗ് നടത്താന്‍ ഞങ്ങള്‍ ആളുകളെ അനുവദിക്കൂ.സാധാരണ നിലയിലെ 10 മിനിറ്റ് ഷോപ്പിംഗിന് ഇപ്പോള്‍ ഒന്നര മണിക്കൂര്‍ എടുക്കും. അത്ര നീണ്ട ക്യൂ ഉണ്ട്. ഓരോരുത്തരും മൂന്നടി അകലം പാലിക്കുന്നുവെന്നുറപ്പാക്കി ഒരാളെ വീതം കടയിലേക്ക് വിടുകയും ചെയ്യുന്നു, 'ഒരു പ്രവര്‍ത്തക പറഞ്ഞു.രാവിലെ 10 ന് ശേഷം, പ്രദേശത്ത് പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ആണ്.തീരെ കൊച്ചു മുറികളില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്നു വലിയ കുടുംബങ്ങള്‍, തുറന്ന ഓടകളോടെയുള്ള ആരോഗ്യത്തിന് ഹാനികരമായ ആയിരക്കണക്കിന് ഇടുങ്ങിയ പാതകള്‍ക്കിടയില്‍. കൊതുകു ശല്യം വേറെ.

കോവിഡ് ബാധയുടെ തിരിച്ചടികളെച്ചൊല്ലി ജനങ്ങള്‍ വലിയ ഭയത്തിലാണെന്ന് ധാരാവിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമായ അകോണ്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ വിനോദ് ഷെട്ടി പറഞ്ഞു.സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.'പ്രതിദിന വേതനക്കാര്‍ വളരെയധികം ദുഃ ഖിതരാണ് .എല്ലാത്തരം വ്യവസായങ്ങളും അടച്ചുപൂട്ടിയതിനാല്‍ അവരുടെ ജീവിതം വഴി മുട്ടിനില്‍ക്കുന്നു. ലോക്ഡൗണ്‍ കഴിഞ്ഞാലത്തെ അവസ്ഥയും അവ്യക്തം'.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകാലത്ത് മുംബൈ നഗര കേന്ദ്രത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ധരാവി. കാലക്രമേണ, മഹാനഗരത്തിലേക്ക് കുടിയേറിയ പാവപ്പെട്ട ഗ്രാമീണരുടെ താവളമായി. വൈവിധ്യമാര്‍ന്നതാണിവിടത്തെ ജനസംഖ്യ. പഴയ ചേരി സംസ്‌കാരം കുറെയൊക്കെ മാറിയതോടെ സാക്ഷരതാ നിരക്ക് 70 ശതമാനമായി.സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്റ് ടെക്നോളജി നടത്തിയ പഠനത്തില്‍ അയ്യായിരത്തോളം വ്യവസായ യൂണിറ്റുകള്‍ ഈ പ്രദേശത്തുണ്ടെങ്കിലും അനൗപചാരിക സമ്പദ്വ്യവസ്ഥ തന്ന ധാരാവിയില്‍ നിലനില്‍ക്കുന്നു.വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, തുകല്‍ വസ്തുക്കള്‍, ഉരുക്ക് ഫാബ്രിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് തൊഴില്‍ ശാലകളില്‍ ഭൂരിപക്ഷവും.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പുറമെ പോലീസും കോര്‍പറേഷന്‍ അധികൃതരും 24 മണിക്കൂറും സ്ഥലത്ത് സേവനം തുടരുന്നുണ്ട്. ധാരാവിയില്‍ സമൂഹ വ്യാപനം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവും. ഇത് മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് സ്വീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നിരന്തരം പരിശോധന നടത്തുമ്പോള്‍ ഓരോ ഗലികളും കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവല്‍കരണവുമാണ് കോര്‍പറേഷന്‍ അധികൃതര്‍ നടത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it