നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 6 

1. റിസർവ് ബാങ്ക് ഇന്ന് വായ്പാ നയം പ്രഖ്യാപിക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയപ്രഖ്യാപനം ഇന്ന്. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണിത്. ജിഡിപി വളർച്ചാ നിരക്ക് കുറയുന്ന സാഹചര്യത്തിൽ ആർബിഐ കാൽ ശതമാനം നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

2. ഡിഎച്ച്എഫ്എല്ലിൽ പ്രതിസന്ധി മുറുകുന്നു

ഹൗസിംഗ് ഫിനാൻസ് കമ്പനിയായ ഡിഎച്ച്എഫ്എല്ലിൽ സാമ്പത്തിക പ്രതിസന്ധി മുറുകുന്നു. റേറ്റിംഗ് ഏജൻസിയായ ക്രിസിലും ഐസിആർഎയും കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് 'ഡിഫോൾട്ട്' എന്ന തലത്തിലേക്ക് താഴ്ത്തി. മ്യൂച്ച്വൽ ഫണ്ടുകൾ ഡിഎച്ച്എഫ്എല്ലിന്റെ മൂല്യം വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. 750 കോടി രൂപ വെള്ളിയാഴ്ച കമ്പനിയ്ക്ക് തിരിച്ചടക്കാനുണ്ട്. എന്നാൽ തിരിച്ചടവിൽ കമ്പനി വീഴ്ച്ച വരുത്തുമെന്നാണ് ക്രിസിൽ ചൂണ്ടിക്കാട്ടുന്നത്.

3. സ്വർണ വില ഉയരുന്നു

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയരുന്നു. ചൈന-യുഎസ് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് വില മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ കാരണമായത്. ഇന്ത്യയിലും സ്വർണ വില കൂടിയിരിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന്റെ വില ഉയർത്തി.

4. വില, വ്യവസായ സൂചികകൾ അടുത്ത വർഷം നവീകരിക്കും

രാജ്യത്തെ നാണയപ്പെരുപ്പവും വ്യവസായ വളർച്ചയും കണക്കാക്കാനുള്ള സൂചികകൾ (CPI, IIP) 2020-ൽ തന്നെ അപ്ഗ്രേഡ് ചെയ്യും. 2022-ൽ അപ്ഗ്രേഡ് ചെയ്യുമെന്നായിരുന്നു ആദ്യ തീരുമാനം. എല്ലാ മാസവും 12 മത്തെ ദിവസമാണ് സർക്കാർ രണ്ടു കണക്കുകളും പുറത്തിറക്കാറ്. 2017-18 സാമ്പത്തിക വർഷത്തെ ബേസ് ഇയർ ആയി കണക്കാക്കിയായിരിക്കും IIP സൂചിക പുറത്തിറക്കുക. 2019 ആയിരിക്കും CPI ബേസ് ഇയർ.

5. വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ജൂൺ 16 മുതൽ ഉയരും

കാറുകളും ടൂ-വീലറുകളും ഉൾപ്പെടെയുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കണമെന്ന ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഐആർഡിഎ) നിർദേശം ജൂൺ 16 മുതൽ നിലവിൽ വരും. ഇതോടെ ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്, ട്രാക്ടർ എന്നിവയുടേത് ഉൾപ്പെടെ ഇൻഷുറൻസ് പ്രീമിയം വർധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it