'വാക്സിന്‍ അടുത്ത വര്‍ഷം': ഡബ്ല്യു.എച്ച്.ഒ ; അത്രയും വൈകില്ലെന്ന് ചൈന

കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവയുടെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ വാക്സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ് വാക്സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്ന് ചൈനയിലെ ഗവേഷകര്‍ അറിയച്ചതിനു പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ യുടെ പ്രതികരണം പുറത്തുവന്നത്.

ലോകത്തെ മിക്ക വാക്സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ആഗോള നന്മയായി നിര്‍ദ്ദിഷ്ട വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നു. പക്ഷേ, നിലവില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് അതുപോലെ തന്നെ പ്രധാനമാണ്. ലോകമെമ്പാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലായിരിക്കുകയാണെന്ന് മൈക്ക് റയാന്‍ ചൂണ്ടിക്കാട്ടി.

സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാല്‍ 100 ദശലക്ഷം ഡോസ് കോവിഡ് -19 വാക്‌സിന്‍ വാങ്ങാന്‍ യു എസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ട്. രോഗത്തിന്റെ സാമൂഹിക വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് റയാന്‍ മുന്നറിയിപ്പ് നല്‍കി. 'കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം നാം ചെയ്യേണ്ടതുണ്ട്. പക്ഷേ, രോഗം തടയുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ കാര്യം. കാരണം സമൂഹത്തില്‍ രോഗം നിയന്ത്രിതമായാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയും.' -അദ്ദേഹം പറഞ്ഞു.

ഇതിനിടെ, പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ് വാക്സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്നാണ്് ചൈനയുടെ നിരീക്ഷണം. അബുദാബിയില്‍ നടക്കുന്ന വാക്സിന്റെ അവസാനഘട്ടം പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്നും ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് (സി.എന്‍.ബി.ജി) അറിയിച്ചു. അബുദാബി ആസ്ഥാനമായുള്ള ജി42 ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ചൈന കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. അവസാന ഘട്ടത്തില്‍ 15,000 ആളുകളിലാണ് വാക്സിന്‍ പരീക്ഷിക്കുക. 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനോടകം താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് അബുദാബി ഭരണകൂടവും അറിയിച്ചു.

2021ലും വാക്സിന്‍ തയ്യാറായേക്കില്ലെന്നായിരുന്നു ജൂണില്‍ സിനോഫാം അറിയിച്ചത്. ചൈനയില്‍ പുതിയ രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണത്തിനായി ആളുകളെ കിട്ടാത്ത സാഹചര്യത്തിലായിരുന്നു സിനോഫാം ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അബുദാബി ആരോഗ്യവകുപ്പുമായി സഹകരിച്ച് ഗവേഷണം ആരംഭിച്ചതോടെയാണ് വാക്സിന്‍ വികസിപ്പിക്കുന്നതിന് ഗതിവേഗം കൂടിയത്. ഫേസ് മൂന്ന് ക്ലിനിക്കല്‍ പരീഷണങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് സിനോഫാം ചെയര്‍മാന്‍ ലിയു ജിങ്ഷെന്‍ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡിനെ പ്രതിരോധിക്കാനുള്ള നിര്‍ദ്ദിഷ്ട വാക്സിന്റെ ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങള്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദിന് വാക്സിന്‍ നല്‍കിയാണ് മൂന്നാംഘട്ടം പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. അബുദാബിയിലും അല്‍ ഐനിലും താമസിക്കുന്ന 18നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്. 42 ദിവസമാണ് പരീക്ഷണ കാലയളവ്. അബുദാബി ഹെല്‍ത്ത് സര്‍വീസസിലെ (സേഹ) ആരോഗ്യ പരിശീലകരാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

വാക്സിന്‍ മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അബുദാബി ഭരണകൂടവും വ്യക്തമാക്കി. പരീക്ഷണത്തിന് സന്നദ്ധരായവരുടെ എണ്ണം 10,000 പിന്നിട്ടതായാണ് അബുദാബി ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ചട്ടങ്ങള്‍ക്ക് വിധേയമാണെന്നും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അല്‍ ഒവൈസ് വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it