ഡോ. പി എ ലളിത സോഷ്യല്‍ എന്റര്‍പ്രണര്‍ അവാര്‍ഡ്, നാമനിര്‍ദേശം മാര്‍ച്ച് 31വരെ

രോഗീപരിചരണത്തിലും ആശുപത്രി നടത്തിപ്പിലും മാത്രം ജീവിതം ചുരുക്കാതെ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച്, ഒരിക്കല്‍ സംസാരിച്ചവരിലേക്ക് പോലും സ്‌നേഹവും കരുത്തും പകര്‍ന്നേകിയ ഡോ. പി എ ലളിതയുടെ ഓര്‍മ്മയ്ക്കായുള്ള 'സോഷ്യല്‍ എന്റര്‍പ്രണര്‍ അവാര്‍ഡിന്' ലോകമെമ്പാടുമുള്ള മലയാളികളായ സാമൂഹ്യപ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വനിതാ സംരംഭകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, മെഡിക്കല്‍ കോളെജിലെ അധ്യാപക ജോലിയെന്ന 'റിസ്‌ക് കുറഞ്ഞ' റോള്‍ വേണ്ടെന്ന് വെച്ച് കോഴിക്കോട് സ്വന്തമായി ആശുപത്രി നടത്തി സ്വയം വഴിവെട്ടി സഞ്ചരിച്ച ഡോ. പി എ ലളിത 2020 ഏപ്രിലിലാണ് അന്തരിച്ചത്. ആറു തവണ കാന്‍സറിനെ ഇച്ഛാശക്തി കൊണ്ട് എതിരിട്ട് ജയിച്ച ഡോ. പി എ ലളിതയുടെ പോരാട്ടം ഒട്ടനവധി പേര്‍ക്ക് പ്രചോദനമേകിയിരുന്നു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ച ഡോ. പി എ ലളിത 1978ലാണ് കോഴിക്കോട് എത്തുന്നത്. അന്നുമുതല്‍ കോഴിക്കോടിനെ കര്‍മഭൂമിയാക്കിയ ഡോ. പി എ ലളിത, ആതുരസേവന രംഗത്തുമാത്രമല്ല സാമൂഹ്യ - സാംസ്‌കാരിക വേദികളിലും നിറ സാന്നിധ്യമായിരുന്നു. ഡോ. ലളിത, മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിക്കുന്നതിനുമുമ്പേ തന്നെ ആശുപത്രികളുടെ നടത്തിപ്പില്‍ സംരംഭകത്വ മികവുകൊണ്ട് സജീവ ഇടപെടല്‍ നടത്തിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വനിതാ വിംഗിന്റെ സ്ഥാപക ചെയര്‍പേഴ്‌സണായിരുന്ന ഡോ. പി എ ലളിത മികവുറ്റ സംഘാടകയുമായിരുന്നു. ഇന്ത്യവിഷന്‍ ചാനലിന്റെ ഡയറക്റ്റര്‍ പദവിയും ഡോ. ലളിത വഹിച്ചിരുന്നു. അഞ്ച് പുസ്തകങ്ങളുടെ രചയിതാവായ ഡോ. ലളിത, ആനുകാലികളിലും ജേര്‍ണലുകളിലും നിരന്തരം ലേഖനങ്ങളും എഴുതിയിരുന്നു. മികച്ച പ്രഭാഷകയും കൂടിയായിരുന്നു.

സാമൂഹ്യപ്രവര്‍ത്തന മേഖലയിലും വേറിട്ട മുദ്രകള്‍ പതിപ്പിച്ച ഡോ. ലളിത, സ്ത്രീ ശാക്തീകരണത്തിന് എന്നും ഊന്നല്‍ നല്‍കിയിരുന്നു.

മറ്റുള്ളവര്‍ക്കായി ജീവിക്കുകയും അവരുടെ സന്തോഷങ്ങളില്‍ ആഹ്‌ളാദം കണ്ടെത്തുകയും ചെയ്തിരുന്ന ലളിത ഡോക്ടറുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന ഈ പുരസ്‌കാരത്തിലേക്ക് ലോകത്തെങ്ങുമുള്ള മലയാളികളും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ വനിതാ സംരംഭകര്‍ക്ക് അപേക്ഷിക്കാമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ വരദൂര്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഹോസ്പിറ്റല്‍സ് മാനേജ്‌മെന്റും ഡോക്ടര്‍ ലളിതയുടെ കുടുംബവുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് ഒരു സംരംഭം നടത്തിക്കൊണ്ടുപോകുന്നവരില്‍ സാമൂഹികപ്രതിബദ്ധതയ്ക്കു പുറമേ സ്വയം പര്യാപ്തത, സംരംഭത്തിനു പിറകിലെ ആശയത്തിന്റെ പുതുമ, സംഘാടനമികവ്, പ്രവര്‍ത്തനമേഖലയിലെ ആത്മാര്‍ത്ഥത, പ്രതിസന്ധികള്‍ മറികടക്കാനുള്ള ധൈര്യം എന്നിവകൂടി പരിഗണിക്കും.

അവാര്‍ഡിനായി സ്വയം അപേക്ഷിക്കുകയോ ഇത്തരത്തില്‍പ്പെട്ട വനിതകളുടെ പേര് നിര്‍ദ്ദേശിക്കുകയോ ചെയ്യാം. വിദഗ്ധ സമിതി കര്‍ശന പരിശോധനകള്‍ക്കുശേഷമായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക.
https://malabarhospitals.com/award
എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങളായ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, സി.എം.എ മുന്‍ അധ്യക്ഷന്‍ കെ.എ അജയന്‍, മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി.ഡോ.മിലി മണി, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.കോളിന്‍ ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ടി.ശ്രീധരനുണ്ണി,സി.ഇ.ഒ സുഹാസ് പോള എന്നിവരും പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 48670


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it