ഈ അഞ്ച് ഇന്ത്യന്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷന്‍ യൂറോപ്പില്‍ നിരോധിച്ചേക്കും

അഞ്ച് ഇന്ത്യന്‍ ഏജന്‍സികളെ ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഭക്ഷ്യ ഉത്പന്നങ്ങളില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സിയു ഇന്‍സ്‌പെക്ഷന്‍ ഇന്ത്യ, ഇക്കോസെര്‍ട്ട് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി, ലാക്കണ്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍സ്, വണ്‍സേര്‍ട്ട് ഇന്റര്‍നാഷണല്‍ എന്നിവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ കരട് വിജ്ഞാപനത്തില്‍ പറയുന്നത്. വീജ്ഞപനം നിലവില്‍ വന്നാല്‍ ഈ പട്ടികയിലുള്ള ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനുള്ള ഉത്പന്നങ്ങള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാന്‍ ആകില്ല.
എഥിലീന്‍ ഓക്‌സൈഡ് കലര്‍ന്ന ആയിരക്കണക്കിന് ടണ്‍ എള്ള് ഇന്ത്യയില്‍ നിന്ന് കയറ്റി 2020 ഒക്ടോബര്‍ മുതല്‍ കയറ്റി അയച്ചതായി കമ്മിഷന്റെ കരട് വിജ്ഞാപനത്തില്‍ പറയുന്നു. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ എള്ള് കയറ്റുമതിയില്‍ ഈ സാമ്പത്തിക വര്‍ഷം 38 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. നേരത്തെ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ഓഡറുകള്‍ റദ്ദാക്കപ്പെട്ടിരുന്നു. അതേ സമയം യുഎസ് ആസ്ഥാനമായ അക്ക്രഡിറ്റേഷന്‍ ഏജന്‍സി ഓര്‍ഗാനിക് ടെക്‌സ്‌റ്റൈല്‍സ് വിഭാഗത്തില്‍ വണ്‍സേര്‍ട്ടിനുള്ള അംഗീകാരം പിന്‍വലിച്ചു.
നിലവില്‍ കയറ്റുമതി ചെയ്യുന്ന ജൈവ വസ്തുക്കളുടെ സര്‍ട്ടിഫിക്കേഷന് 28 ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഏതാനും ഏജന്‍സികളെ വിലക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് 1.04 ബില്യണ്‍ ഡോളറിന്റെ ജൈവ ഉത്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it