ഇന്നത്തെ 10 ബിസിനസ് വാർത്തകൾ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്-നവം.28

1. എസ്ബിഐ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ വർധിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ വർധിപ്പിച്ചു. തെരഞ്ഞെടുത്ത ചില മെച്യൂരിറ്റി കാലാവധിയുള്ള എഫ്‌ഡികൾക്കാണ് പുതിയ നിരക്ക് ബാധകമാവുക. ഒന്നു മുതൽ രണ്ട് വർഷം വരെ മെച്യൂരിറ്റി കാലാവധിയുള്ള എഫ്‌ഡികൾക്ക് പുതുക്കിയ നിരക്ക് 6.8%. മുതിർന്ന പൗരന്മാർക്ക് 7.30%. രണ്ടു മുതൽ മൂന്ന് വർഷം വരെ മെച്യൂരിറ്റി കാലാവധിയുള്ള എഫ്‌ഡികൾക്ക് 6.80%. മുതിർന്ന പൗരന്മാർക്ക് 7.30%.

2. ഗോയൽ പുറത്തുപോകുമെന്ന വാർത്ത: ജെറ്റ് എയർവേയ്‌സിന്റെ ഓഹരിവില കുതിച്ചു

ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ കമ്പനിയിലെ തന്റെ ഓഹരി വിൽക്കുമെന്ന വാർത്തയെത്തുടർന്ന് എയർലൈനിന്റെ ഓഹരിവില കുതിച്ചുയർന്നു. കമ്പനി ഏറ്റെടുക്കൽ ചർച്ച നടത്തുന്ന ടാറ്റ ഗ്രൂപ്പ്, എത്തിഹാദ് എയർവേയ്സ്, എയർ ഫ്രാൻസ്-കെഎൽഎം-ഡെൽറ്റ എയർ എന്നിവയുടെ കൺസോർഷ്യം എന്നിവരോട് ഇക്കാര്യം ഗോയൽ അറിയിച്ചിട്ടുണ്ട്.

3. 'സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ല'

പാക്കിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾ നിർത്താതെ ഇന്ത്യ സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു. സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാക്കിസ്ഥാൻ ക്ഷണിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.

4. പി.എസ്.എൽ.വി. സി-43ന്റെ വിക്ഷേപണം വ്യാഴാഴ്ച

ഐ.എസ്.ആർ.ഒയുടെ ‘ഹൈസിസ്’ എന്ന ഭൗമനിരീക്ഷണ ഉപഗ്രഹവും 30 വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി. സി-43 വ്യാഴാഴ്ച ബഹിരാകാശത്തേക്ക് കുതിക്കും. വ്യാഴാഴ്ച രാവിലെ 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും. കൗണ്ട്ഡൗൺ ആരംഭിച്ചു.

5. യെസ് ബാങ്ക് പുതിയ ചെയർമാനെ ഡിസംബർ 13ന് നിർദേശിക്കും

ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആളുകളുടെ പേരുകൾ യെസ് ബാങ്ക് ബോർഡ് ഡിസംബർ 13ന് ആർബിഐയ്ക്ക് സമർപ്പിക്കും. സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കുന്ന കാര്യവും ആലോചിക്കുമെന്നാണ് അറിയുന്നത്. ചെയർമാൻ ഉൾപ്പെടെ മൂന്ന് സ്വതന്ത്ര ഡയറക്ടർമാരാണ് അടുത്തിടെ രാജി വെച്ചത്.

6. 800 കോടി രൂപയോളം ഇന്ത്യയിൽ നിക്ഷേപിക്കാൻ ബോഷ്

ജർമൻ കമ്പനിയായ ബോഷ് ഇന്ത്യയിൽ 100 കോടി രൂപ (ഏകദേശം 800 കോടി രൂപ) നിക്ഷേപം നടത്തും. അടുത്ത മൂന്ന്-നാല് വർഷങ്ങൾ കൊണ്ടാണ് നിക്ഷേപം.. ഗൃഹോപകരണ വിപണി കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.

7. മിനിമം റീചാർജ് പ്ലാൻ: എയർടെല്ലിനോടും വൊഡാഫോണിനോടും ട്രായ് വിശദീകരണം തേടി

ഉപഭോക്താക്കളുടെ പരാതിയിൽ ടെലികോം സേവന ദാതാക്കളായ എയർടെല്ലിനോടും വൊഡാഫോണിനോടും ട്രായ് വിശദീകരണം തേടി. പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്ക് സേവനം തുടർന്ന് നൽകണമെങ്കിൽ നിശ്ചിത തുകയ്ക്ക് നിർബന്ധമായും റീചാർജ് ചെയ്തിരിക്കണം എന്ന കമ്പനികളുടെ സന്ദേശമാണ് പരാതിക്കടിസ്ഥാനം.

8. റിയൽമി U1 വിപണിയിൽ, 11,999 രൂപ മുതൽ

റിയൽമിയുടെ പുതിയ ഫോണായ റിയൽമി U1 ഇന്ത്യൻ വിപണിയിലെത്തി. 3GB/32GB യുടെ ബേസ് മോഡലിന് 11,999 രൂപയാണ് വില. 4GB/64GB ഉള്ള പതിപ്പിന് 14,499 രൂപയും. നിരവധി ഓഫറുകൾ ലഭ്യമാണ്.

9. ജിഡിപി ബാക്ക് സീരീസ് ഡേറ്റ: നീതി ആയോഗ് അധികൃതർ ഇന്ന് മാധ്യമങ്ങളെ കാണും

നീതി ആയോഗിന്റെയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും. വിവാദമായ ജിഡിപി ബാക്ക് സീരീസ് ഡേറ്റയുടെ ഔദ്യോഗിക പതിപ്പ് പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2015ൽ ജിഡിപി കണക്കുകൂട്ടുന്ന അടിസ്ഥാന വർഷം 2004-05 ൽ നിന്നും 2011-12 ലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ജിഡിപി സംഖ്യകൾ പുതുക്കിയപ്പോൾ യുപിഎ ഭരണകാലത്ത് 10 ശതമാനത്തിലേറെ വളർച്ച നേടിയതായി രേഖപ്പെടുത്തിയിരുന്നു. ഇത് അനൗദ്യോഗിക കണക്കാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

10. വേൾഡ് ഗോൾഡ് കൗൺസിലിന് പുതിയ സിഇഒ

സ്വർണ വ്യാപാര മേഖലയുടെ വിപണി വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ സിഇഒ ആയി ഡേവിഡ് ടെയ്റ്റിനെ നിയമിച്ചു. ക്രെഡിറ്റ് സ്യൂസ്, യുഎസ്ബി ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it