ഇന്നത്തെ 10 ബിസിനസ് വാർത്തകൾ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്-ഡിസം.04

പുതിയ ജിഎസ്ടി റിട്ടേൺ ഫോം ഏപ്രിൽ ഒന്നു മുതൽ, നാഷണല്‍ ഹെറാള്‍ഡ് കേസിൽ നികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്

gst
-Ad-

1. നാഷണല്‍ ഹെറാള്‍ഡ് കേസ്: നികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയ്ക്കും പാർട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിൽ നികുതി റിട്ടേണ്‍ പുനപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി അനുമതി. നടപടിയെടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങളാല്‍ കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ വാദം കേള്‍ക്കുന്നതിന് കേസ് ജനുവരി എട്ടിലേക്ക് മാറ്റി.

2. കരിപ്പൂരില്‍ നാളെമുതൽ വലിയ വിമാനമിറങ്ങും

-Ad-

നവീകരിച്ച കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്. റണ്‍വേ നവീകരണം കാരണമാണ് വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത്. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

3. ഇറാന്റെ എണ്ണകയറ്റുമതി തടയാന്‍ അമേരിക്കയ്ക്കാവില്ല: റൂഹാനി

ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളുടെ നീക്കം തടയാന്‍ ശ്രമിച്ചാല്‍ അതുവഴിയുള്ള മുഴുവന്‍ എണ്ണക്കപ്പലുകളുടെ നീക്കവും തടയുമെന്ന് റൂഹാനി കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ഇറാനിലെ സന്ദര്‍ശനത്തിനിടെ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

4. പുതിയ ജിഎസ്ടി റിട്ടേൺ ഫോം ഏപ്രിൽ ഒന്നു മുതൽ 

പുതിയതും ലളിതവൽക്കരിച്ചതുമായ ജിഎസ്ടി റിട്ടേൺ ഫോം 2019 ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. അതുവരെ ബിസിനസുകൾ ജിഎസ്ടിആർ -1, ജിഎസ്ടിആർ-3ബി ഫോമുകൾ തന്നെ ഉപയോഗിക്കേണ്ടി വരും.

5. ഇന്ത്യൻ കമ്പനികൾ വിദേശ സ്റ്റോക്ക് മാർക്കറ്റുകളിൽ 

വിദേശ സ്റ്റോക്ക് മാർക്കറ്റുകളിൽ ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് ലിസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഉന്നതതല സമിതി സെബിയോട് നിർദേശിച്ചു. അതുപോലെതന്നെ വിദേശ കമ്പനികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിലും നേരിട്ട് ലിസ്റ്റ് ചെയ്യാൻ സാധിക്കണം. നിലവിൽ ഡെപ്പോസിറ്ററി റെസിപ്റ്റുകൾ വഴിയാണ് ഇത് സാധ്യമാകുന്നത്.

6. സാംസംഗിന്റെ 5ജി ഫോൺ 2019ൽ     

സാംസംഗിന്റെ ആദ്യ 5ജി സ്മാർട്ട് ഫോൺ 2019 ന്റെ ആദ്യ പകുതിയിൽ പുറത്തിറക്കും. യുഎസിലാണ് ഇത് അവതരിപ്പിക്കുക. യുഎസ് ടെലകോം കമ്പനിയായ വെരിസോണുമായി സാംസംഗ്‌ ധാരണയിലെത്തിയിട്ടുണ്ട്.

7. ഓഹരികൾ ഡീമാറ്റ് ചെയ്യാനുള്ള അവസാനതീയതി ഏപ്രിൽ ഒന്നിലേക്ക് നീട്ടി

കടലാസ് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഓഹരികൾ ഡീമാറ്റ് (ഇലക്ട്രോണിക് രൂപത്തിലേക്കാക്കുക) ചെയ്യുന്നതിനുള്ള അവസാനതീയതി 2019 ഏപ്രിൽ 1 ലേക്ക് നീട്ടി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ മുൻ ഉത്തരവ് പ്രകാരം 2018 ഡിസംബർ 5ന് ശേഷം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനികളുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതിന് അവ ഡിമെറ്റീരിയലൈസ് ചെയ്തിരിക്കണം എന്നായിരുന്നു വ്യവസ്ഥ.

8. ‘ഐഎൽ & എഫ്എസ് മുൻ ഡയറക്ടർമാർ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തണം’ 

സാമ്പത്തിക പ്രതിസന്ധിയിലായ ഐഎൽ & എഫ്എസിന്റെ ഒൻപത്  മുൻ  ഡയറക്ടർമാരോട് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നാഷണൽ കമ്പനീസ് ലോ ട്രിബ്യുണൽ. കമ്പനിയുടെ അഡിഷണൽ ഡയറക്ടർമാരുടെ പ്രോപ്പർട്ടികൾ കണ്ടുകെട്ടാൻ അനുമതി ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയിട്ടുണ്ട്.

9. ആർബിഐ യോഗം; തീരുമാനം നാളെ

ആർബിഐ വായ്‌പ അവലോകന സമിതിയുടെ യോഗം തുടരുന്നു. തീരുമാനം നാളെ പ്രഖ്യാപിക്കും. ആർബിഐയും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒത്തു തീർപ്പായത്തിനു ശേഷമുള്ള ആദ്യ മീറ്റിംഗ് ആണ് ഇത്. നാണ്യപ്പെരുപ്പ തോത് ഒരു വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയത് ആർബിഐയുടെ  തീരുമാനത്തെ സ്വാധീനിക്കാം.

10. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഇടനിലക്കാരനെ വിട്ടു നല്‍കാന്‍ യുഎഇ ഉത്തരവ്‌

അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നൽകാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിന് ഇടയിലാണ് ഉത്തരവ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here