വീണ്ടും തുറക്കുന്നതിനു മുമ്പ് ഫാക്ടറികള്‍ കര്‍ശന സുരക്ഷ ഉറപ്പാക്കണമെന്നു നിര്‍ദ്ദേശം

സംസ്ഥാനത്തെ വ്യവസായ യൂണിറ്റുകള്‍ അവരുടെ സംഭരണ സംവിധാനങ്ങളില്‍ വിഷവാതകം അടിഞ്ഞുകൂടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ പ്രത്യേക ജോഗ്രത വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് വിശാഖപട്ടണം വാതക ദുരന്തമുണ്ടായത് കൂടി പരിഗണിച്ചാണ്.

എല്ലാ ഭൂഗര്‍ഭ, ഓവര്‍ഹെഡ് സ്റ്റോറേജ് ടാങ്കുകളിലും അടിഞ്ഞുകൂടിയ വിഷവാതകങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് അയച്ച 16 പോയിന്റ് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.വാതകങ്ങള്‍ മൂലം അപകട സാധ്യത വരാവുന്ന 40 ഓളം പ്രമുഖ വ്യാവസായിക യൂണിറ്റുകള്‍ സംസ്ഥാനത്തുണ്ടെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

പല തരത്തില്‍ അപകട സാധ്യതയുണ്ടാകാനിടയുള്ള 150 ഓളം പ്രധാന യൂണിറ്റുകള്‍ ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ലോക്ക്ഡൗണ്‍ കാലയളവിനുശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന ചെറിയ യൂണിറ്റുകളായ ഐസ് പ്ലാന്റുകള്‍, ലാറ്റക്‌സ് അധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ എന്നിവയും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.സുരക്ഷയും മലിനീകരണ നിയന്ത്രണവും സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചതിനുശേഷം മാത്രമേ വ്യവസായ ശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാവൂ എന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും (പിസിബി) ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഫാക്ടറികളുടെ പ്രോസസ് പൈപ്പ്‌ലൈനുകള്‍ സുരക്ഷിതമായി ഫ്‌ളഷ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈനില്‍ അടിഞ്ഞുകൂടിയ നീരാവി നിര്‍വീര്യമാക്കി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുമ്പ് എല്ലാ പൈപ്പ്‌ലൈനുകളും വൃത്തിയാക്കണം. പ്രാഥമിക ക്ലീനിംഗ്, സ്റ്റാര്‍ട്ട്-അപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ശരിയായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉറപ്പാക്കണം.ഗ്യാസ്, എമര്‍ജന്‍സി സിസ്റ്റങ്ങള്‍ എന്നിവയ്ക്കുള്ള സെന്‍സറുകള്‍ പ്രവര്‍ത്തന സജ്ജമാക്കണം. ജീവനക്കാരെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് എല്ലാ കെട്ടിടങ്ങളും വായുസഞ്ചാരമുള്ളതാക്കണം. ഇക്കാര്യം ഒരു നിയുക്ത സുരക്ഷാ ഉദ്യോഗസ്ഥന്‍ പരിശോധിക്കണം.

അതേസമയം, വിശാഖപട്ടണം സംഭവം കേരളത്തിന്റെ കണ്ണ് തുറപ്പിക്കുന്നതായിരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കൊച്ചി മേഖലയിലെ ആലുവ, എടയാര്‍, എലൂര്‍, കളമശേരി പ്രദേശങ്ങളില്‍ ധാരാളം രാസ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ചില യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാണിപ്പോഴെങ്കിലും അപകടകരമായ മാലിന്യങ്ങള്‍ ദ്രാവക, വാതക രൂപങ്ങളില്‍ അവിടെയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠന്‍ പറഞ്ഞു.നേരത്തെ ഇത്തരം അപകടങ്ങള്‍ നടന്നിട്ടുള്ള എലൂര്‍-എടയാര്‍ പ്രദേശത്തെ വ്യാവസായിക യൂണിറ്റുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it