ലക്ഷ്യം അകലെത്തന്നെ; കാലാവസ്ഥാ ഉച്ചകോടി മാഡ്രിഡില്‍ സമാപിച്ചു

രണ്ടാഴ്ചത്തെ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവിലും പാരീസ് കരാറിന്റെ അനുബന്ധമായുള്ള ക്രിയാത്മക തീരുമാനങ്ങളില്ലാതെ മാഡ്രിഡിലെ കാലാവസ്ഥാ ഉച്ചകോടിക്കു വിരാമമായി. സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ അടുത്ത വര്‍ഷം ചേരുന്ന ഉച്ചകോടി വരെ ഇക്കാര്യത്തില്‍ തുടര്‍ നടപടിക്കു സാധ്യതയുണ്ടാകില്ലെന്നതാണ് ഇപ്പോഴത്തെ നില.

2015 ലെ പാരീസ് ഉടമ്പടിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്യുകയെന്നതായിരുന്നു ഉച്ചകോടിയുടെ അജണ്ട. പക്ഷേ , 'പാരീസ് കരാറിന്റെ 1.5 ഡിഗ്രി ലക്ഷ്യത്തിന് അനുസൃതമായുള്ള നടപടികള്‍ക്കു രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല,' യൂറോപ്യന്‍ പാര്‍ലമെന്റിലെ ഡച്ച് അംഗമായ ബാസ് ഐക്കൗട്ട് പറഞ്ഞു.

വളരെ കര്‍ശനമായ നിയമങ്ങള്‍ തികച്ചും അനിവാര്യമാണ്. പഴയ ജൈവവാതക മാനദണ്ഡങ്ങള്‍ റദ്ദാക്കേണ്ടതുണ്ട്. മാഡ്രിഡില്‍ അത് സംഭവിച്ചില്ല. ഉച്ചകോടി ഒരു ഫലവുമുളവാക്കാതെ അവസാനിച്ചു- ഐക്കൗട്ട് പരിതപിച്ചു.കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി പുതിയ നടപടികള്‍ നിര്‍ബന്ധിതമായി കൈക്കൊള്ളേണ്ട ഉച്ചകോടിയാണ് അതൊന്നുമില്ലാതെ അവസാനിച്ചത്.ചിലിയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. ചിലിയിലെ ജനകീയ പ്രക്ഷോഭം മൂലം ഉച്ചകോടി മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നു.

ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുകയെന്നതാണ് 2015-ല്‍ വന്ന പാരീസ് ഉടമ്പടിയുടെ പ്രധാനലക്ഷ്യം. പാരീസ് കരാര്‍ വൈകിപ്പിക്കുന്നത് ഓസ്‌ട്രേലിയ, യു.എസ്., കാനഡ, ബ്രസീല്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണെന്ന് ചെറുദ്വീപുരാജ്യങ്ങളുടെ സഖ്യമായ എ.ഒ.എസ്.ഐ.എസ് ആരോപിച്ചിരുന്നു.എങ്കിലും ആഗോളതാപനത്തിന്റെ കെടുതികള്‍ നേരിടേണ്ടിവരുന്ന ചെറുദ്വീപ് രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നതില്‍ പൊതു ധാരണയുണ്ടായി.

അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെങ്കിലും ആഗോളതാപനം കുറയ്ക്കാന്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടു. 2050-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് പൂജ്യമാക്കണമെന്ന ദീര്‍ഘകാല ലക്ഷ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നു. പക്ഷേ, ആഗോള കാര്‍ബണ്‍ മാര്‍ക്കറ്റ് നിയമങ്ങള്‍, ഭൗമതാപനില ഉയരുന്നതുകൊണ്ടുള്ള നഷ്ടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ ഭിന്നതയ്ക്കു പരിഹാരമായില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it