ഡിസംബര്‍ 1 മുതല്‍ ഫാസ്റ്റ് ടാഗ് ഇല്ലെങ്കില്‍ ടോള്‍ ഇരട്ടി തന്നെ

ഡിസംബര്‍ 1 മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധിതമാകുന്നതോടെ ഫാസ്റ്റ് ടാഗുകളില്ലാത്ത വാഹനങ്ങള്‍ ഇരട്ടി തുക നല്‍കേണ്ടിവരുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതായി സൂചന. കേരളത്തിലെ ഒട്ടുമിക്ക വാഹനങ്ങളും ഫാസ്റ്റ് ടാഗ് സ്വന്തമാക്കിയതായാണ് ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് പറയുന്നത്.

നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പദ്ധതിയുടെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ ഐഎച്ച്എംസിഎല്‍ നടപ്പിലാക്കിയ ടോള്‍ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. 2014 മുതല്‍ ഇന്ത്യയില്‍ ഇലക്ട്രാണിക് ടോള്‍ ടാക്സ് പിരിവ് പദ്ധതി വന്നത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പല വിദേശ രാജ്യങ്ങളും ഈ സംവിധാനം നിലവിലുണ്ട്.

മുന്‍നിശ്ചിതമായ വണ്‍ ടൈം പ്രോഗ്രാമബിള്‍ കോഡ് പ്രോഗ്രാം പ്രകാരമാണ് ഒരു പാസീവ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) ആയ ഫാസ്ടാഗിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗില്‍ വ്യക്തിവിവരങ്ങള്‍ ഒന്നും തന്നെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല. മറിച്ച് ഒരു യുണീക് കോഡ് മാത്രമാണ് ഇതില്‍ ഉണ്ടാവുക. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കാര്‍ഡ് ബാലന്‍സില്‍ ബ്ലോക്ക് ആയി കിടക്കും. തുടര്‍ന്ന് പ്രത്യേകമായി റീചാര്‍ജ് ചെയ്യാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ബാലന്‍സ് തുക നിശ്ചിത പരിധിയില്‍ കുറയുമ്പോള്‍ ഓട്ടോമാറ്റിക് ആയി റീചാര്‍ജ് ചെയ്യാനോ സൗകര്യമുണ്ട്. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുവാനും അനുവാദമില്ല.

ഫാസ്ടാഗ് സിസ്റ്റത്തിലെ പ്രധാന ഭാഗം ആര്‍എഫ്ഐഡി സ്റ്റിക്കര്‍ ടാഗ് തന്നെ. ടോള്‍ പ്ലാസകളിലെ റീഡറുകളും മറ്റ് സെന്‍സറുകളും കാമറകളും അവയുമായി ബന്ധപ്പെടുത്തിയ സെര്‍വറുകളും നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സെര്‍വറുകളും പെയ്മെന്റ് ഗേറ്റ് വേകളും അടങ്ങിയതാണ് മൊത്തം സംവിധാനം.

ഓരോ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ടോള്‍ വ്യത്യസ്തമാണ്. കാറിന്റെ പേരില്‍ വാങ്ങിയ ടാഗ് ലോറിയില്‍ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാന്‍ ടോള്‍ പ്ലാസകളില്‍ ടാഗ് റീഡറുകള്‍ക്ക് പുറമേ വാഹനങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ (എവിസി) സംവിധാനമുണ്ട്. ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ചാണിതിന്റെ പ്രവര്‍ത്തനം.
ഭാരമുള്ള വാഹനങ്ങളുടെ ടോളില്‍ വ്യത്യാസമുള്ളതിനാല്‍ വണ്ടികളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയുന്ന വെയ്റ്റ് ഇന്‍ മോഷന്‍(ഡബ്ല്യുഐഎം) സെന്‍സര്‍ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ട്.

വാഹനം ടോള്‍ ലൈനില്‍ കയറുമ്പോള്‍ തന്നെ ടാഗിലെ യുണീക് കോഡ് വായിക്കപ്പെടുന്നു. അതോടൊപ്പം എവിസിയും ഡബ്ല്യുഐഎമ്മും ഉപയോഗപ്പെടുത്തി ഡേറ്റാ സംഹിതയുമായി ചേര്‍ത്ത് വച്ച് ടോള്‍ ടാക്സ് ബാലന്‍സില്‍ നിന്ന് ഈടാക്കും. ഇതേ സമയം കാമറ വാഹനത്തിന്റെ ഫോട്ടോകള്‍ എടുത്ത് സമയം രേഖപ്പെടുത്തി കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കുന്നു. പിന്നീട് എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ മറ്റോ ഉണ്ടാകുമ്പോള്‍ അവ പരിശോധിക്കാന്‍ ഇത് സഹായകമാകുന്നു.

ഓഫീസുകളില്‍ അറ്റന്‍ഡന്‍സിനും മെട്രോ ട്രെയിന്‍ യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) കാര്‍ഡുകളുടെ അവതാരം തന്നെയാണ് ഫാസ്ടാഗ.് റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് കോഡുകളും മറു കോഡുകളും ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയ്ക്ക് പറയുന്ന പേരാണ് ആര്‍എഫ്ഐഡി. രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുവിമാനങ്ങള്‍ക്കിടയില്‍ നിന്നും സ്വന്തം വിമാനങ്ങളെ വേര്‍തിരിച്ചറിയാന്‍ ബ്രിട്ടീഷ് എയര്‍ഫോഴ്സ് ആവിഷ്‌കരിച്ച 'ഐഡന്റിഫിക്കേഷന്‍ ഓഫ് ഫ്രണ്ട് ഓര്‍ ഫോയ്' എന്ന സാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണിത്.റീഡര്‍ക്കും ടാഗിനും ഇടയിലുള്ള ദൂരം ഇതില്‍ ഒരു വിഷയമാണ്. എത്രത്തോളം ദൂരം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം കൃത്യമായും വേഗത്തിലും ഫലപ്രദമായും ടാഗുകള്‍ റീഡ് ചെയ്യാന്‍ കഴിയും.

വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളിലൊക്കെ നിലനിന്നിരുന്ന സാങ്കേതിക വിദ്യയാണിത്. അത് കൊണ്ട് തന്നെ തട്ടിപ്പുകളും വെട്ടിപ്പുകളുമൊക്കെ ഒഴിവാക്കാനുള്ള അടിസ്ഥാന മുന്‍കരുതലുകള്‍ ഫാസ്ടാഗിന്റെ കാര്യത്തില്‍ എടുത്തിട്ടുണ്ട്.തട്ടിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ടാഗ് ക്ലോണിംഗ്' ആണ്. ഒരു വണ്ടിയുടെ ഗ്ലാസില്‍ ഒട്ടിച്ചുവച്ച ടാഗ് പകര്‍ത്തി ഡൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയില്‍ ഉപയോഗിക്കുന്ന ഈ തട്ടിപ്പ് വിദേശ രാജ്യങ്ങളില്‍ പരക്കെ ഉണ്ടായിരുന്നു.

അത് ഒഴിവാക്കാനായി വാഹന ഉടമയുടെയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകള്‍ ഉറപ്പാക്കി കെവൈസിയിലൂടെയാണ് ഫാസ്ടാഗ് വിതരണം ചെയ്യുന്നത്. ഇത്തരം ഫാസ് ടാഗുകളുടെ ഉപയോഗം തടയാന്‍ ഒരേ കാര്‍ഡ് നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള ടോള്‍ ബൂത്തുകളില്‍ ഒരേ സമയം ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ടാഗ് ബ്ലോക്ക് ചെയ്യപ്പെടും. തുടര്‍ന്ന് പരാതികള്‍ ഉണ്ടാകുമ്പോള്‍ കാമറ ദൃശ്യങ്ങള്‍ പ്രശ്നപരിഹാരത്തിനായി ഉപയോഗപ്പെടുത്തുന്നു.

ബാങ്കുകള്‍ വഴിയും ഫാസ്റ്റാഗ് വാങ്ങാന്‍ കഴിയും. ആക്‌സിസ് ബാങ്ക് ഐസിഐസിഐ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,എച്ച്ഡിഎഫ്‌സി ബാങ്ക് ,കരൂര്‍ വൈശ്യ ബാങ്ക് ,പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ്,കൊട്ടക് മഹീന്ദ്ര ബാങ്ക്,സിന്‍ഡിക്കേറ്റ് ബാങ്ക്,ഫെഡറല്‍ ബാങ്ക്,സൗത്ത് ഇന്ത്യന്‍ ബാങ്ക്,പഞ്ചാബ് നാഷണല്‍ ബാങ്ക്,സിറ്റി യൂണിയന്‍ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് , യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയ സര്‍ട്ടിഫൈഡ് ബാങ്കുകള്‍ക്ക് ഓരോ ടാഗിനും പരമാവധി 100 രൂപ ഈടാക്കാനാണ്് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കിയിട്ടുള്ളത്. എങ്കിലും ചില ബാങ്കുകളില്‍ തുക വ്യത്യാസപ്പെടാം. ആമസോണില്‍ നിന്നും ഫാസ്റ്റ് ടാഗ് ലഭിക്കും.

ബാങ്കുകളിലൂടെയും ഓണ്‍ലൈനായും സ്വന്തമാക്കുന്ന ഫാസ്ടാഗ് കൃത്യമായി ഒട്ടിച്ചില്ലെങ്കില്‍ ടോള്‍ പ്ലാസയില്‍ 'റീഡിങ്' ലഭിക്കില്ല. പൊളിച്ച് ഒട്ടിക്കുന്നതോടെ അസാധുവാകുകയും ചെയ്യും. ടോള്‍ പ്ലാസയില്‍ വാഹനം നേരിട്ടുകൊണ്ടുപോയി ടാഗ് ഒട്ടിച്ചുവാങ്ങുന്നതാണ് സുരക്ഷിതം.ടാഗ് ഒട്ടിക്കുന്നത് മുന്‍വശത്തെ ചില്ലിന്റെ ഉള്‍ഭാഗത്താണ്. എങ്ങനെ ഒട്ടിക്കണമെന്നു വ്യക്തതയില്ലാത്തവര്‍ ടോള്‍ പ്ലാസ ജീവനക്കാരുടെ സഹായം തേടുന്നത് നല്ലത്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവ കയ്യില്‍ കരുതണം. പകര്‍പ്പ് ആയാലും മതി.വണ്ടി കൊണ്ടുപോകാത്തവര്‍ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണുന്നവിധം ഫോണില്‍ ഫോട്ടോയെടുത്തു കയ്യില്‍ കരുതണം.
രേഖകള്‍ കൗണ്ടറില്‍ നല്‍കിയാല്‍ ശരാശരി 15 മിനിറ്റിനുള്ളില്‍ ഫാസ്ടാഗ് ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it