സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ അമ്പതിനായിരം എത്തിയേക്കും: നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം സംസ്ഥാനത്തും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്തെ പ്രതിദിന കേസുകളുടെ എണ്ണം അമ്പതിനായിരം വരെ എത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക നിഗമനം. സംസ്ഥാനത്ത് പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തോതിലാണുള്ളത്. ഇവിടങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇത്തരം പരിശോധനകള്‍ കൂടി ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഉയര്‍ന്ന തോതിലെത്തും. ഇന്നലെ പത്തൊമ്പതിനായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതിയെന്നും യോഗത്തില്‍ തീരുമാനമായി. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാനനുവദിക്കാനും തീരുമാനമായി.
പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പോലീസിനെയും വിന്യാസിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നയം.
കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉള്‍പ്പെടെ അഞ്ചരലക്ഷം വാക്‌സീന്‍ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.
ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. അതേസമയം നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സീന്‍ മാത്രമാണ് സ്‌റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it