ഇമ്മിഗ്രേഷന്‍ മരവിപ്പിച്ച ട്രംപിന്റെ നടപടിയില്‍ ആശങ്കയുമായി ഇന്ത്യ

കോവിഡ് വ്യാപനം പ്രതിരോധിക്കാനും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സാധ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനും ആറു മാസത്തേക്ക് ഇമ്മിഗ്രേഷന്‍ വിസ സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച നടപടിയുടെ പ്രത്യാഘാതം ഇന്ത്യ വിലയിരുത്തുന്നു. അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഇന്ത്യക്കാരെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ ഗ്രീന്‍ കാര്‍ഡ് 2 മാസത്തേക്ക് അനുവദിക്കില്ല. പുതിയ നടപടി എത്ര ഇന്ത്യക്കാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് ഉടന്‍ പറയാനാകില്ലെന്നും യു.എസില്‍ സ്ഥിര താമസത്തിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവരും ഇതിനായി തയ്യാറെടുന്നവരുമായ ഐ ടി മേഖലയിലെ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ആശങ്കയിലായിട്ടുണ്ടെന്നും ഉന്നതോദ്യാഗസ്ഥര്‍ അറിയിച്ചു.നിലവില്‍ 60 ദിവസമെന്നു പറയുന്ന ഉത്തരവ് ഭാവിയില്‍ കൂടുതല്‍ കര്‍ശനമാകുമെന്ന ഭീതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് വിഷയം സമഗ്രമായി പഠിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.

കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് നിയമപരമായി അമേരിക്കയില്‍ തൊഴില്‍ തേടുന്നവരെ ബാധിക്കുമെങ്കിലും ഇത് ഇതിനകം രാജ്യത്ത് താമസിക്കുന്നവരെ ബാധിക്കില്ലെന്ന് ട്രംപ് ഒപ്പു വച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നീട്ടാന്‍ സാധ്യതയുണ്ടെന്ന സൂചന ട്രംപ് നല്‍കിയതിനു പുറമേ നൂറുകണക്കിനു താല്ക്കാലിക വര്‍ക്ക് വിസ നല്‍കുന്നതിന് പുതിയ ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പൗരത്വമുള്ളവരുടെ ഭാര്യമാരോ ഭര്‍ത്താക്കന്മാരോ കുട്ടികളോ വരുന്നതിനും തടസ്സമില്ല. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ പ്രൊഫഷണല്‍സ് എന്നിവര്‍ക്കും ഈ ഉത്തരവ് ബാധകമല്ലെന്നും ട്രംപ് പറഞ്ഞു.അതേസമയം, പ്രസിഡന്റ് ഒപ്പുവച്ച ഉത്തരവിനെതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കവേ ഇത്തരമൊരു ഉത്തരവിന് തന്നെ സാംഗത്യമില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുമുണ്ട്.

ഏകദേശം 4.4 ദശലക്ഷം പേര്‍ കൂടി തൊഴില്‍ രഹിതര്‍ക്കുള്ള ആശ്വാസ വേതനത്തിന് അപേക്ഷിച്ചതോടെ അമേരിക്കയിലെ തൊഴില്‍രഹിതരുടെ എണ്ണം 26 ദശലക്ഷം കവിഞ്ഞു. ഇതോടെ കോവിഡ് പ്രതിസന്ധി മൂലമുണ്ടായ തൊഴില്‍നഷ്ടം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തിയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 20 % വരെ ആയിട്ടുണ്ടാവാമെന്നാണ് സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നത്.തുടക്കത്തില്‍ ധനസഹായത്തിനായി അപേക്ഷിച്ചത് റെസ്റ്റോറന്റ് ജീവനക്കാരാണ്. അവര്‍ക്ക് പിന്നാലെ മേഖലകളില്‍ ചെയ്യുന്നവരും തുടര്‍ന്ന് ഉത്പന്ന വ്യവസായങ്ങളില്‍ പണിയെടുക്കുന്നവരും അപേക്ഷയുമായി എത്തി.

കോവിഡ് ബാധമൂലം തകര്‍ന്ന ചെറുകിട ബിസിനസ്സുകള്‍ പനരുദ്ധരിക്കുന്നതിനും ആശുപത്രികളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ 484 ബില്യന്‍ ഡോളര്‍ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. ഇടക്കാല ആശ്വാസമെന്ന നിലയിലാണ് ബില്‍ കോണ്‍ഗ്രസ് വോട്ടിനിട്ട് പാസാക്കിയത്. സഭയില്‍ അംഗങ്ങള്‍ മാസ്‌ക് ധരിച്ചും കൈയുറകള്‍ ഇട്ടുമാണ് ഹാജരായത്. ബില്ലില്‍ സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പുവെച്ചു.ഇതു കൂടാതെ വരുന്ന ആഴ്ചകളില്‍ 2 ട്രില്യന്‍ യുഎസ് ഡോളറിന്റെ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുന്നതിനു പാസാക്കിയ ബില്‍ അന്തിമ അംഗീകാരത്തിനായി ഉടന്‍ പ്രസിഡന്റിന്റെ മുന്നിലെത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it