Begin typing your search above and press return to search.
ഇന്ത്യയിലെ സ്വര്‍ണ വില നിശ്ചയിക്കുന്നതാര്? ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ സ്വര്‍ണത്തിലെ നിക്ഷേപവും സൂക്ഷിച്ച് മതി

image credit : canva
സ്വര്‍ണ വിലയുടെ കയറ്റിറക്കങ്ങള്‍ നിത്യവും വാര്‍ത്തകളില്‍ ഇടം നേടുകയാണല്ലോ. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന സമ്പാദ്യവും നിക്ഷേപവുമാണ്. ലോക സമ്പദ് വ്യവസ്ഥയിലും സ്വര്‍ണത്തിന് വലിയ സ്ഥാനമുണ്ട്. രാഷ്ട്രീയ, സാമ്പത്തിക അസ്ഥിര സാഹചര്യങ്ങളില്‍ സുരക്ഷിത ആസ്തിയെന്ന നിലയിലാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാര്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. സ്വര്‍ണ നാണയം, സ്വര്‍ണക്കട്ടി, ആഭരണങ്ങള്‍, സ്വര്‍ണ ഓഹരികള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ തുടങ്ങിയവ. ഓരോ നിക്ഷേപമാര്‍ഗത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. സ്വര്‍ണത്തിന്റെ കമ്മോഡിറ്റി സൂചന (XAU) എന്നതാണ്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് ഡോളറിലുള്ള സ്‌പോട്ട് വിലയാണത്. ബ്രിട്ടീഷ് സിസ്റ്റത്തില്‍ ഒരു ഇംപീരിയല്‍ ഔണ്‍സ് എന്നാല്‍ 28.3495 ഗ്രാമാണ്. ഒരു ട്രോയ് ഔണ്‍സ് എന്നാല്‍ 31.1034768 ഗ്രാമാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സാണ് അളവിനുള്ള സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റ്.
സ്വര്‍ണത്തിലെ പദങ്ങള്‍
കാരറ്റ് (Karat [Carat]): സ്വര്‍ണത്തിന്റെ ശുദ്ധത അളക്കുന്ന സൂചകമാണിത്. പൂജ്യം മുതല്‍ 24 വരെ യുള്ള സ്‌കെയിലായാണ് കാരറ്റ് അളക്കുക. 24 കാരറ്റാണ് ഏറ്റവും ശുദ്ധമായ സ്വര്‍ണം, 24 കാരറ്റ് സ്വര്‍ണം പെട്ടെന്ന് പൊട്ടിപ്പോകുന്നതിനാല്‍ ആഭരണ നിര്‍മാണത്തിന് പൊതുവേ ഉപയോഗിക്കില്ല. ആഭരണങ്ങള്‍ പൊതുവേ 22 കാരറ്റോ അല്ലെങ്കില്‍ 21 കാരറ്റോ ആയിരിക്കും. 22 കാരറ്റിനെയും 21 കാരറ്റിനെയും തിരിച്ചറിയുന്നത് അതില്‍ ഹാള്‍മാര്‍ക്ക് ചെയ്തിരിക്കുന്ന 916, 875 എന്നീ മുദ്രണങ്ങളില്‍ നിന്നാണ്. സ്വര്‍ണാഭരണത്തിന് ഈടും ഉറപ്പും ലഭിക്കാന്‍ ചെമ്പ് ചേര്‍ത്താണ് പണിയുന്നത്.
യെല്ലോ ഗോള്‍ഡ് (Yellow Gold): ആഭരണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം.
റോസ് ഗോള്‍ഡ് (Rose Gold): ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും സംയുക്തം. ഇതില്‍ 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പും അടങ്ങിയിരിക്കുന്നു. ഇതിനെ 18 കാരറ്റ് എന്ന് വിളിക്കും.
വൈറ്റ് ഗോള്‍ഡ് (White Gold): ശുദ്ധമായ സ്വര്‍ണത്തില്‍ പലേഡിയമോ നിക്കലോ ചേര്‍ത്തുണ്ടാക്കുന്നത്.
നഗറ്റ് (Nugget): പ്രകൃതിയില്‍ സ്വര്‍ണം കാണുന്നത് ഇങ്ങനെയാണ്.
ഗോള്‍ഡ് ബാര്‍ (Gold Bar): ഖനനം ചെയ്‌തെടു ക്കുന്ന സ്വര്‍ണം സംസ്‌കരിച്ച് കട്ടി രൂപത്തിലാ ക്കുന്നത്.
അസെ (Assay): സ്വര്‍ണത്തിന്റെ ശുദ്ധത നിര്‍ണ യിക്കാനുള്ള ബയോകെമിക്കല്‍ പരിശോധന.
ഹാള്‍ മാര്‍ക്കിംഗ്: സ്വര്‍ണാഭരണങ്ങളുടെ ശുദ്ധത സര്‍ട്ടിഫിക്കേഷന്‍.
ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റ് (Electronic Gold Receipt -EGR): എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഡെപ്പോസിറ്ററി ഗോള്‍ഡാണിത്. ഇതിനായി ട്രേഡിംഗ് എക്സ്ചേഞ്ചുകള്‍ അതിന്റെ ഖജനാവില്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കണം. അതിന്റെ മൂല്യമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം (Sovereign Gold Bond Scheme - SGB):സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്‌കീം. ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് പകരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റീസ് വാങ്ങാം. IBJA പ്രസിദ്ധീകരിക്കുന്ന വില നിലവാരമനുസരിച്ചാണ് എസ്ജിബിയില്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും പറ്റുക. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലിശയും ലഭിക്കും.
ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന്‍ (IBJA): 1919ല്‍ രൂപീകരിച്ച സംഘടന. മുംബൈ സവേരി ബസാറിലാണ് ഹെഡ് ക്വാര്‍ട്ടേഴ്സ്. രാവിലെയും ഉച്ചതിരിഞ്ഞും ഇവര്‍ പ്രസിദ്ധീകരിക്കുന്ന വിലയാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന വില.
ടി.എം തോമസ് - മുതിർന്ന ധനകാര്യ വിദഗ്ധനും ഗ്രന്ഥകാരനുമാണ് ലേഖകന്‍
Next Story
Videos