ഇന്‍ഷുറന്‍സില്‍ പൂര്‍ണ വിദേശ നിക്ഷേപം, ഒരു ഏജന്റിന് പല കമ്പനികളുടെ പോളിസി വില്‍ക്കാം

ഇന്‍ഷുറന്‍സ് മേഖലയില്‍ പൂര്‍ണതോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍. നിലവില്‍ അനുവദിച്ചിട്ടുള്ള 74 ശതമാനം എഫ്.ഡി.ഐ 100 ശതമാനമായി ഉയര്‍ത്തുന്നതിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും. ഇന്‍ഷുറന്‍സ് വിപണിയില്‍ കൂടുതല്‍ ആഗോള കമ്പനികളെ കൊണ്ടുവന്ന് മത്‌സരം ശക്തിപ്പെടുത്തുന്ന ഈ നിര്‍ദേശത്തെക്കുറിച്ച് ധനമന്ത്രാലയം ഡിസംബര്‍ 10നകം അഭിപ്രായം തേടി. ഇന്‍ഷുറന്‍സ് നിയമഭേദഗതികളെക്കുറിച്ചാണ് അഭിപ്രായം തേടിയിരിക്കുന്നത്.
ഇന്‍ഷുറന്‍സ് നിയമം, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നിയമം, ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടി നിയമം എന്നിവ ഭേദഗതി ചെയ്യാനാണ് ഒരുക്കം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ ഒരേപോലെ വാഗ്ദാനം ചെയ്യാന്‍ അവസരം നല്‍കും. കുറഞ്ഞ മുതല്‍ മുടക്കില്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ അവസരമൊരുക്കും. ഈ പരിഷ്‌കരണത്തെ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അടക്കം വിവിധ വ്യവസായ കൂട്ടായ്മകള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ പുതിയ നീക്കം സഹായിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഒരു ഏജന്റിനു തന്നെ പല കമ്പനികളുടെ പോളിസികള്‍ വില്‍ക്കാന്‍ അവസരം ലഭിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 24

ഇന്ത്യയില്‍ ഇപ്പോള്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളാണ് ഉള്ളത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 26. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ആറു കമ്പനികളാണ് ഉള്ളത്. 100 ശതമാനം വിദേശ നിക്ഷേപം വരുന്നത് വിദേശത്ത് ഈ മേഖലയിലുള്ള വൈദഗ്ധ്യം ഇന്ത്യയില്‍ എത്തിക്കാനും ഇന്‍ഷുറന്‍സ് മേഖലയുടെ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it