പരിസ്ഥിതി ദ്രോഹത്തിന് വമ്പന്‍ ബാങ്കുകളുടെ ഒത്താശയെന്ന് ഗ്രീന്‍പീസ്

ലോക സാമ്പത്തിക ഫോറത്തെ പ്രതിരോധത്തിലാക്കി ഗ്രീന്‍പീസ് റിപ്പോര്‍ട്ട്

-Ad-

ഫോസില്‍ ഇന്ധന വ്യവസായത്തിന് ഊറ്റമായ പിന്തുണ നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അധര വ്യായാമം തുടരുകയാണെന്ന ആരാപണത്തിന്റെ അലകള്‍ ലോക സാമ്പത്തിക ഫോറത്തെ പ്രതിരോധത്തിലാക്കുന്നു. വ്യക്തമായ കണക്കുകളോടെയാണ് പരിസ്ഥിതി ഗ്രൂപ്പായ ഗ്രീന്‍പീസ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

പാരിസ് കരാര്‍ 2015 ല്‍ ജൈവവാതക ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചതു മുതല്‍ ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന 24 ബാങ്കുകള്‍ ഹൈഡ്രോകാര്‍ബണ്‍ മേഖലയ്ക്ക് 1.4 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

ഫോസില്‍ ഇന്ധന സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക സഹകരണത്തില്‍ വായ്പകള്‍, വായ്പകളുടെ അണ്ടര്‍ റൈറ്റിംഗ്, ഇക്വിറ്റി ഇഷ്യു, നേരിട്ടുള്ള നിക്ഷേപം എന്നിവ ഉള്‍പ്പെടുന്നു. കല്‍ക്കരി പോലുള്ള മലിനീകരണ വ്യവസായങ്ങളുടെ പ്രധാന പിന്തുണക്കാരാണ് ഓരോ വര്‍ഷവും ദാവോസിലേക്ക് ഒഴുകുന്ന ചില പ്രമുഖ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് കമ്പനികളെന്നും  റിപ്പോര്‍ട്ട് പറയുന്നു.

-Ad-

സാമ്പത്തിക മേഖലയെ നിരീക്ഷിക്കുന്ന ബാങ്ക്ട്രാക്ക് എന്ന സംഘടനയില്‍ നിന്നാണ്  ഗ്രീന്‍പീസ് ഡാറ്റ സമാഹരിച്ചത്. വാള്‍സ്ട്രീറ്റ് നിക്ഷേപ ബാങ്കായ ജെ പി മോര്‍ഗന്‍ 2015 മുതല്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് 195 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജെ പി മോര്‍ഗന്‍ വിസമ്മതിച്ചു.

ഗ്രീന്‍പീസ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെന്നിഫര്‍ മോര്‍ഗന്‍ പറഞ്ഞു:’ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുക’ എന്നതാണ് ലോക സാമ്പത്തിക ഫോറത്തിന്റെ ദൗത്യ പ്രസ്താവനയുടെ കാതല്‍. പക്ഷേ പ്രചാരണ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ബാങ്കുകള്‍ ഈ ലക്ഷ്യത്തെ തകിടം മറിക്കുകയാണ്.

ലോക സാമ്പത്തിക ഫോറത്തിന്റെ അമ്പതാമത് ആഗോള ഉച്ചകോടി സജീവമാക്കാന്‍ ദാവോസിലെത്തിയിട്ടുള്ള ബാങ്കുകളും ഇന്‍ഷുറര്‍മാരും പെന്‍ഷന്‍ ഫണ്ടുകളും കാലാവസ്ഥാ അടിയന്തരാവസ്ഥ വന്നുപെട്ടതില്‍ കുറ്റക്കാരാണ്. പാരിസ്ഥിതികവും സാമ്പത്തികവുമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ഫോസില്‍ ഇന്ധന വ്യവസായത്തെ മുന്നോട്ട് നയിച്ചുകൊണ്ട് അവര്‍ മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു- മോര്‍ഗന്‍ ആരോപിച്ചു. ‘ദാവോസില്‍ കാണുന്ന ഈ പണക്കാര്‍ കപട നാട്യക്കാരാണ്. കാരണം ഭൂമിയെ രക്ഷിക്കണമെന്ന അവരുടെ വാക്കിനു വിലയില്ല. യഥാര്‍ത്ഥത്തില്‍ ഹ്രസ്വകാല ലാഭത്തിനായി ഭൂമിയെ കൊല്ലുകയാണവര്‍.’

ഫോസില്‍ ഇന്ധന സ്ഥാപനങ്ങള്‍ക്ക് പത്ത് മുന്‍നിര ബാങ്കുകള്‍ ഒരു ലക്ഷം കോടി ഡോളര്‍ ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജെ പി മോര്‍ഗന്‍ ചേസ്, സിറ്റി, ബാങ്ക് ഓഫ് അമേരിക്ക, ആര്‍ബിസി റോയല്‍ ബാങ്ക്, ബാര്‍ക്ലേസ്, എംയുഎഫ്ജി, ടിഡി ബാങ്ക്, സ്‌കോട്ടിയബാങ്ക്, മിസുഹോ, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയാണ് അവ.

ഗ്രീന്‍പീസ് മുന്നോട്ടുവച്ച ആരോപണങ്ങളെ മുന്‍നിര്‍ത്തി ഒരു ബാര്‍ക്ലെയ്‌സ് വക്താവ് പറഞ്ഞു: ‘കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ ദൃഢ നിശ്ചയത്തിലാണ്. അതേസമയം ആഗോള ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. 2018 ല്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ട് 27.3 ബില്യണ്‍ ഡോളര്‍  ധനസഹായം ഞങ്ങള്‍ നല്‍കി.’

വെള്ളിയാഴ്ചവരെ നടക്കുന്ന ഉച്ചകോടിയില്‍ പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് കളമൊരുങ്ങിയിട്ടുള്ളത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, കാലാവസ്ഥാപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

ഇന്ത്യയില്‍നിന്ന് ഗൗതം അദാനി, രാഹുല്‍ ബജാജ്, സഞ്ജീവ് ബജാജ്, കുമാര്‍ മംഗലം ബിര്‍ള, എന്‍. ചന്ദ്രശേഖരന്‍, ഉദയ് കൊടാക്, രജനീഷ് കുമാര്‍, ആനന്ദ് മഹീന്ദ്ര, സുനില്‍ മിത്തല്‍, രാജന്‍ മിത്തല്‍, നന്ദന്‍ നിലേക്കനി, സലീല്‍ പരേഖ് തുടങ്ങി വിവിധ കമ്പനികളുടെ സി.ഇ.ഒ.മാരുടെ നൂറംഗസംഘവും ഏതാനും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോളിവുഡ് താരം ദീപിക പദുകോണും ധ്യാനത്തെക്കുറിച്ച് ആത്മീയാചാര്യന്‍ സദ്ഗുരുവും ദാവോസില്‍ സംസാരിക്കും.

ഉച്ചകോടിക്കിടെ ഇമ്രാന്‍ഖാനും ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും ദേശീയസുരക്ഷയുള്‍പ്പെടെയുള്ള ഉഭയകക്ഷിവിഷയങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2019 ജൂലൈയില്‍ ഇമ്രാന്റെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാംതവണയാകും ഇമ്രാനും ട്രംപും ചര്‍ച്ചനടത്തുന്നത്. ഇറാന്‍-യു.എസ്. സംഘര്‍ഷം പശ്ചിമേഷ്യയില്‍ സുരക്ഷാഭീഷണിയുയര്‍ത്തിയിട്ടുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കശ്മീര്‍ വിഷയത്തില്‍ യു.എസിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും ഇമ്രാന്‍ നടത്തിയേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here