എണ്ണ സമ്പത്തിന്റെ ബലത്തില്‍ കുതിപ്പു നടത്താന്‍ ഗയാന

ദുര്‍ബല വളര്‍ച്ചയും അശാന്തിയും മൂലം വിഷമിക്കുന്ന തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഗയാന കുതിച്ചുകയറുന്നത് അതിവേഗ സാമ്പത്തിക വളര്‍ച്ചയിലേക്ക്.780000 മാത്രം ജനസംഖ്യയുള്ള രാജ്യം എണ്ണ സ്രോതസിന്റെ ബലത്തില്‍ അടുത്ത വര്‍ഷം 86 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു.

ഈ വര്‍ഷം 4.4 ശതമാനം മാത്രം സാമ്പത്തിക വളര്‍ച്ച നേടിയ അടിത്തട്ടില്‍ നിന്നാണ്് രാജ്യം കുതിക്കുന്നതെന്ന് ധനമന്ത്രി വിന്‍സ്റ്റണ്‍ ജോര്‍ദാന്‍ പറഞ്ഞു. വരാനിരിക്കുന്ന വലിയ സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ ഗയാന രൂപരേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു. പെട്ടെന്നു കയ്യിലെത്തുന്ന വലിയ സമ്പത്ത് കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തരമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാരിനുള്ളത്. രാജ്യത്തിലെ തീരദേശ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഹൈവേകള്‍ നിര്‍മിക്കുകയാണ് അതിലൊന്ന്.

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എക്സണ്‍ മൊബീല്‍ കോര്‍പ് 2015ല്‍ ഗയാനയില്‍ വന്‍തോതില്‍ ഇന്ധന നിക്ഷേപം കണ്ടെത്തിയതോടെയാണ് ഗയാനയുടെ തലവര മാറിയത്. വലിയ ഇന്ധനിക്ഷേപമുള്ള രാജ്യമാണ് അയല്‍ രാജ്യമായ വെനിസ്വേലയെങ്കിലും ഗയാനയില്‍ അതുവരെ ഏതെങ്കിലും വിധത്തിലുള്ള ഇന്ധന ഉല്‍പാദനവും നടന്നിരുന്നില്ല.

നിലവില്‍ 400 കോടി ഡോളറിന്റെ ആഭ്യന്തര ഉത്പാദന ശേഷി 2024ഓടെ 1500 കോടിയായി വന്‍ വളര്‍ച്ചനേടുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഇതിന്റെ 40 ശതമാനവും എണ്ണ വിപണിയില്‍നിന്നായി മാറും. അമേരിക്കന്‍ കമ്പനികളായ എക്സണ്‍, ഹെസ്സ് കോര്‍പറേഷന്‍ എന്നിവയെ കൂടാതെ ചൈനീസ് കമ്പനിയായ സിഎന്‍ഒഒസി ലിമിറ്റഡും ഗയാനയുടെ ഇന്ധന മേഖലയില്‍ നിക്ഷേപമിറക്കിക്കഴിഞ്ഞു. എക്സണ്‍ ഡിസംബര്‍ മാസം മുതല്‍ ഉല്‍പാദനം ആരംഭിക്കും.

2025 ഓടെ പ്രതിദിനം 7.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെ ഉല്‍പാദനമാണ് ഗയാനയില്‍ ഉണ്ടാകുകയെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ലാഭവിഹിതമായി പ്രതിവര്‍ഷം 30 കോടി ഡോളറിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2022ല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇത് ഇരട്ടിയാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it