ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 9

1. വൈദ്യുതി നിരക്ക് ഉയർത്തി, ജൂലൈ 8 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 11.4 ശതമാനമാണ് വർധന. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന. ഫിക്‌സഡ് ചാര്‍ജ്ജും സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. നിരക്കു വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല.

2. കാനഡയിൽ സ്ഥിരതാമസക്കാരാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 51% വർധന

കാനഡയിൽ പെർമനന്റ് റസിഡൻസി നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 51% വർധന. 2018-ൽ 39,500 ഇന്ത്യക്കാരാണ് പെർമനന്റ് റസിഡൻസി നേടിയത്. തൊട്ടുമുൻപത്തെ വർഷം ഇത് 26,300 ആയിരുന്നു.

3. ഓയോ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു

അടുത്ത 2-3 വർഷങ്ങൾക്കുള്ളിൽ ഐപിഒ നടത്താൻ പദ്ധതിയിട്ട് ഓയോ. 18 ബില്യൺ ഡോളർ വാല്യൂവേഷനാണ് കമ്പനി ഇതിനായി ലക്ഷ്യമിടുന്നത്. നിലവിൽ പേടിഎമ്മിന് ശേഷം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആണ് ഓയോ. ഇതിനിടെ 1.5 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങലിന് കമ്പനി ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്.

4. ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നീതി ആയോഗ് പദ്ധതി

രാജ്യത്തെ 7800 കീമീ തീരമേഖലയിൽ ഡീസലൈനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നീതി ആയോഗ് പദ്ധതി. കടലിലെ വെള്ളം ശുദ്ധീകരിച്ച് ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ചെന്നൈ നഗരത്തിലെ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്ലാൻ കൊണ്ടുവരുന്നത്.

5. ടൂ-വീലറുകളുടെ വില കൂട്ടി ഹീറോ മോട്ടോകോർപ്

രാജ്യത്തെ ഏറ്റവും വലിയ ടൂ-വീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് 1% വില കൂട്ടി. മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള വില വർധന ജൂലൈ 8 മുതൽ നിലവിൽ വന്നു. അതേസമയം, വില വർദ്ധനവിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it