യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഭൂമിയിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് ഗോദ!

ഈ വര്‍ഷം അമേരിക്കയില്‍ നടന്നത് ചരിത്രതത്തിലെ ഏറ്റവും ചെലവേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ദി സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സ് എന്ന റിസര്‍ച്ച് ഗ്രൂപ്പിന്റെ അനുമാനപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവായത് 14 ബില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ ചെലവിട്ട തുകയുടെ ഇരട്ടിയോളം വരുമിത്. ഈ തുകയുടെ അത്ര പോലും വലുപ്പമില്ലാത്ത ജിഡിപിയുള്ള അറുപതോളം രാജ്യങ്ങള്‍ ഇപ്പോള്‍ ലോകത്തുണ്ട്!

ജോ ബൈഡനും ഡൊണാള്‍ഡും ട്രംപ് കനത്ത പോരാട്ടത്തിന് പടക്കോപ്പുകള്‍ ഒരുക്കിയതോടെയാണ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ പൂരമായത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഘടകം പണം തന്നെയാണ്. പല പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും പാതി വഴിയില്‍ പിന്മാറുന്നതും പണത്തിന്റെ ഉറവിടം വരളുമ്പോഴാണ്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പണം ഒഴുക്കാന്‍ വളരെ ശക്തമായ സാമ്പത്തിക ഉറവിടങ്ങളുണ്ട്. ചരിത്രത്തില്‍ ആദ്യമായി, ഈ വര്‍ഷം ജോ ബൈഡന്‍ ഒരു ബില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായി. ട്രംപിനെ ബൈഡന്‍ നിലംപരിശാക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇത്രയും പണം ഒഴുകി വരാന്‍ കാരണമായത്.

ഡൊണാള്‍ഡ് ട്രംപ് 596 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സാധാരണക്കാര്‍ അടക്കം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കി സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുവെന്ന് റിസര്‍ച്ച് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ശതകോടീശ്വരന്മാരും ഇക്കാര്യത്തില്‍ പിശുക്കുകാട്ടിയില്ല. സ്ത്രീകളും വന്‍തോതില്‍ പണം സംഭാവന ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കമല ഹാരിസിന്റെ സാന്നിധ്യവും ഇതിന് കാരണമാകാം.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ചെറുകിട ദാതാക്കളില്‍ നിന്ന് ഇത്തവണ ഏറെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചത് ഡെമോക്രാറ്റുകള്‍ക്കാണ്.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൊത്തം ഫണ്ട് ദാതാക്കളില്‍ 22 ശതമാനം ചെറുകിടദാതാക്കളാണ്.

കോവിഡ് മൂലം സ്ഥാനാര്‍ത്ഥികള്‍ പരമാവധി ഫണ്ട് സമാഹരിക്കാന്‍ എല്ലാവിഭാഗം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. വെര്‍ച്വല്‍ ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമുകളും വ്യാപകമായി ഉപയോഗിച്ചു. ഇത് ഏല്ലാവിഭാഗം ആള്‍ക്കാരുടെയും പങ്കാളിത്തവും സംഭാവനയും സമാഹരിക്കാന്‍ സഹായിച്ചു.

അമേരിക്കയിലെ രാഷ്ട്രീയ കക്ഷികള്‍ ഇത്തവണ ഫേസ്ബുക്ക്, ഗൂഗ്ള്‍ വഴിയുള്ള പ്രചാരണ പരിപാടികള്‍ക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി ഓപ്പണ്‍ സീക്രട്ട്‌സ് ഓണ്‍ലൈന്‍ ആഡ്‌സ് ഡാറ്റാബേസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it