കോവിഡ് -19 കണ്ടെത്താന്‍ ചെലവു കുറഞ്ഞ രീതി വികസിപ്പിച്ചതായി ഡല്‍ഹി ഐ.ഐ.ടി

രക്ത സാമ്പിളില്‍ നിന്ന് കോവിഡ് -19 കണ്ടെത്തുന്നതിന് ചെലവു കുറഞ്ഞ പുതിയ രീതി കണ്ടെത്തിയതായി ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകര്‍. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)യില്‍ ഇതിന്റെ അന്തിമഘട്ട വിലയിരുത്തല്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഐഐടിയിലെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'പ്രോബ്-ഫ്രീ ഡിറ്റക്ഷന്‍ അസ്സെ' തദ്ദേശീയ കിറ്റുകളുടെ വികസനത്തിനു വഴി തെളിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ വിവേകാനന്ദന്‍ പെരുമാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.എന്‍ഐവി പരിശോധന സ്ഥിരീകരിച്ചുകിട്ടാന്‍ കാത്തിരിക്കുകയാണു തങ്ങള്‍.ഇത് കൃത്യതയില്‍ വിട്ടുവീഴ്ച ചെയ്യാതെ പരിശോധന ചെലവ് കുറയ്ക്കും.സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് -19 ടെസ്റ്റിനും കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരമാവധി ചാര്‍ജ് 4,500 രൂപയാണ്. ഇതില്‍ 1500 രൂപയാണ് സ്‌ക്രീനിംഗിനുള്ള ചാര്‍ജ്.

കേരളത്തില്‍ ഏഴ് ലാബുകളിലാണ് ഐസിഎംആര്‍ പരിശോധനാ അനുമതി നല്‍കിയിട്ടുള്ളത്. ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ,തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്,രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവിടങ്ങളിലും.

ഇതിനിടെ കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ദൗത്യം ഇന്ത്യയിലും തുടരുന്നുണ്ട്. ഇതിനായി രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനികളും മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരുമിക്കുന്നതായാണ് റിപ്പോര്‍ട്ട്.അമേരിക്ക, ചൈന, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ കൊറോണക്കെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയും മുന്നോട്ട് വന്നിരിക്കുന്നത്.

സിപ്ല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി(ഐഐസിടി), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവര്‍ പരസ്പരം കൈകോര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കാനുള്ള ചുമതല. സിപ്ലയാണ് മരുന്ന് വികസിപ്പിക്കുക. ഫവിപിരവിര്‍, റെമിസിവിര്‍, ബോലോക്സിവിര്‍, എന്നീ മിശ്രിതങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഐഐസിടിയോട് സിപ്ല ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സിപ്ല മരുന്ന് നിര്‍മ്മാണ പ്രക്രിയയിലേക്ക് കടക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it