വൈറസ് ബാധ:വിവരം മൂടിവച്ച ചൈനയുടേത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധര്‍

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ശേഷവും വിവരങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച ചൈന കൃത്യസമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കില്‍ രാജ്യത്തെ കേസുകളുടെ എണ്ണം 95% കുറയ്ക്കാന്‍ കഴിയുമായിരുന്നെന്ന വിദഗ്ധ പഠന റിപ്പോര്‍ട്ട് പുറത്ത്. ഭൂമിശാസ്ത്രപരമായ വ്യാപനം പരിമിതപ്പെടുത്താനും കഴിയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പല ശാസ്ത്രജ്ഞരും നേരത്തെ നല്‍കിയ മുന്നറിയിപ്പ് ചൈന മാനിച്ചില്ല. 2003 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വന്യജീവി വ്യാപാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കുറച്ച് കാലത്തേക്ക് മാത്രമാണ് വ്യാപാരം നിരോധിച്ചത്. ശാസ്ത്രജ്ഞരുടെ വാക്കുകള്‍ കേള്‍ക്കാത്തതിനും വൈറസ് പുറത്തുവന്നുകഴിഞ്ഞ ശേഷവും വിവരങ്ങള്‍ മറച്ചുവെച്ചതിനും ചൈനീസ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായി.

ബീജിംഗിലെ ഒരു നിയമ പ്രൊഫസര്‍ സു ഷാങ്റൂണ്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. 'കൊറോണ വൈറസ് ചൈനീസ് ഭരണത്തിന്റെ ചീഞ്ഞളിഞ്ഞ അകക്കാമ്പാണ് വെളിപ്പെടുത്തിയത്'-ഇപ്രകാരം കുറിച്ച സൂ ഷാങ്റൂണിന്റെ ബ്ലോഗ് നീക്കംചെയ്യപ്പെട്ടതിനു പിന്നാലെ അദ്ദേഹം അപ്രത്യക്ഷനായി.

സര്‍ക്കാരിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തി സംസാരിച്ചതിന് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്യുന്നുമുണ്ട്.ചൈനയെപ്പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങളില്‍ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും മറച്ചുവയ്ക്കപ്പെട്ടേക്കുമെന്ന ആശങ്ക ആരോഗ്യ, സാമൂഹിക ശാസത്രജ്ഞര്‍ക്കുണ്ട്.

വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചുള്ളതാണ് ആക്‌സിയോസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൈനയുടെ ഭാഗത്തു നിന്നുണ്ടായ മൂന്നാഴ്ചയോളം നീണ്ട ഗുരുതരമായ കാലതാമസം അനാവരണം ചെയ്യുന്നു. രോഗം മറച്ചു പിടിക്കാന്‍ ചൈനീസ് അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ആ രാജ്യത്തെ ജനങ്ങളും ലോകവും നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്ന് തീയതി ക്രമത്തില്‍ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 10: കൊറോണ വൈറസ് ബാധിച്ച ആദ്യത്തെ രോഗി വെയ് ഗുക്സിയന് രോഗലക്ഷണങ്ങള്‍ പ്രകടമായി.

ഡിസംബര്‍ 16: ഇരു ശ്വാസകോശങ്ങളിലും അണുബാധയുണ്ടായ ഗുക്സിയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വവ്വാല്‍, മൂഷികവര്‍ഗ ജീവികളും പ്രാണികളും, പാമ്പുകള്‍ എന്നിങ്ങനെ വന്യജീവികളെ വില്‍ക്കുന്ന ചന്തയിലാണ് ഗുക്സിയന്‍ ജോലി ചെയ്യുന്നതെന്നും അവിടെയാണ് അണുബാധയുടെ തുടക്കമെന്നും വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ സ്റ്റാഫ് മനസ്സിലാക്കുന്നു.

ഡിസംബര്‍ 30: വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഡയറക്ടര്‍ അയ് ഫെന്‍ പുതിയ വൈറസിനെക്കുറിച്ച് വീ ചാറ്റില്‍ ഒരു പോസ്റ്റിട്ടു. അങ്ങനെ ചെയ്തതിന് അധികൃതര്‍ അവരെ ശാസിക്കുകയും ഇത്തരം വിവരങ്ങളൊന്നും പുറത്തു വിടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജനുവരി 1: രോഗത്തെക്കുറിച്ചുള്ള വിവരം വീ ചാറ്റില്‍ പോസ്റ്റ് ചെയ്ത എട്ട് ഡോക്ടര്‍മാരെ വുഹാന്‍ പബ്ലിക് സേഫ്റ്റി ബ്യുറോ ചോദ്യം ചെയ്യുകയും പുതിയ വൈറസ് സാര്‍സ് വൈറസുകള്‍ക്ക് സമാനമാണെന്ന് കണ്ടെത്തിയ ലാബുകളോട് സാമ്പിളുകളുടെ പരിശോധന അവസാനിപ്പിക്കാനും നിലവിലുള്ള സാമ്പിളുകള്‍ നശിപ്പിച്ചു കളയുന്നതിനും ആവശ്യപ്പെടുകയും ചെയ്തു.

ജനുവരി 7: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രശ്നത്തില്‍ ഇടപെടുന്നു.

ജനുവരി 13: തായ്ലന്‍ഡില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ചൈനക്ക് പുറത്ത് ആദ്യമായാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ജനുവരി 15: രോഗബാധിതനായ ആദ്യ യുഎസ് പൗരന്‍ കൊറോണ വൈറസുമായി യുഎസിലെത്തുന്നു.

ജനുവരി 20: ദക്ഷിണ കൊറിയയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജനുവരി 24-30: ചൈനയിലെ ചാന്ദ്രവര്‍ഷ പുതുവത്സര ദിനം ജനുവരി 25 നായിരുന്നു. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ബന്ധുക്കള്‍ക്കൊപ്പം അതാഘോഷിക്കുന്നതിനായി ചൈനയിലെത്തി.

ജനുവരി 27: ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ലക്ഷക്കണക്കിന് ചൈനക്കാര്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും മടങ്ങി.

ജനുവരി 27: രോഗബാധിതരായ 36 ദശലക്ഷം പേരെ ചൈനീസ് സര്‍ക്കാര്‍ ഒറ്റപ്പെടുത്തുകയും അവര്‍ക്കായി വുഹാനില്‍ പുതിയ ആശുപത്രികള്‍ പണിയുകയും ചെയ്തു.അതിനകം തന്നെ കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത 'നോവല്‍ കൊറോണ വൈറസ് ' ബാധ ഭൂമിയുടെ വിദൂര തീരങ്ങളില്‍ പോലും എത്തിയിരുന്നു.

പിന്നീട് ചൈന വളരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു എന്നത് ശരി. ഇത്ര വലിയ ഒരു ആരോഗ്യ പ്രതിസന്ധി എങ്ങനെ തരണം ചെയ്യണമെന്നതിന്റെ മാതൃകയായി ഇതിനെ ചൈന ചിത്രീകരിക്കുന്നുമുണ്ട്. പക്ഷെ, നേരത്തെ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംഭവിച്ച വീഴ്ചകളാലാണ് വൈറസ് ലോകം മുഴുവനും വ്യാപിക്കാന്‍ ഇടയായതെന്ന സത്യം ബാക്കിയാകുന്നു.

ജനുവരി 15ന് കോവിഡ് 19 ബാധിതനായ ആദ്യ യുഎസ് പൗരന്‍ നാട്ടിലെത്തിയപ്പോഴാകട്ടെ 'ഫ്ളൂ കൊണ്ട് ഓരോ വര്‍ഷവും അമേരിക്കയില്‍ മരിക്കുന്നവരുടെ എണ്ണം പതിനായിരങ്ങളാ'ണെന്ന വാദത്തോടെ കൊറോണ വൈറസ് ബാധയെ ലഘൂകരിച്ച് കണ്ട ട്രംപ് ഭരണകൂടത്തിന് പറ്റിയതും ഗുരുതരമായ വീഴ്ചയെന്ന വിമര്‍ശനമുയരുന്നുണ്ട്.പക്ഷേ, വൈകിയെങ്കിലും വീഴ്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണിപ്പോള്‍ ട്രംപ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it