കോവിഡ് വ്യാപന നിരക്ക് ഇന്ത്യയില്‍ താഴുന്നില്ല: എയിംസ് ഡയറക്ടര്‍

കര്‍ശന ലോക്ക്ഡൗണില്‍ 40 ദിവസത്തിലധികം ചെലവഴിച്ചിട്ടും പുതിയ കൊറോണ വൈറസ് കേസുകള്‍ കുറയുന്ന പ്രവണത ഇന്ത്യയില്‍ പ്രകടമാകാത്തതിന്റെ ആശങ്ക പങ്കിട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ രോഗ വ്യാപനത്തിന്റെ തീവ്രത ഏറ്റവും ഉച്ചസ്ഥായിയിലാകാനാണു സാധ്യതയെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരേണ്ടിവരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഗബാധ സ്ഥിരീകരിക്കുന്നതില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് ഇപ്പോഴും കാണുന്നത്. പ്രതിദിനം മുന്‍പത്തേതിലും ഏറെ ആളുകളെ ഇപ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നത് ഇതിന് കാരണമാകുന്നുണ്ട്. ടെസ്റ്റിനു വിധേയരാകുന്നവരില്‍ 4 - 4.5 ശതമാനം പേര്‍ക്കാണ് പോസിറ്റീവ് ഫലമുണ്ടാകുന്നത്.

ഹോട്ട്‌സ്പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാദ്ധ്യത മഹാനഗര മേഖലയിലാണെന്നും എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കണം. റെഡ്സോണുകളിലും ഹോട്ട്‌സ്പോട്ടുകളിലും കര്‍ശനമായ നിയന്ത്രണവും നിരീക്ഷണവും പഴുതില്ലാത്ത പ്രവര്‍ത്തനവും വേണം. ആളുകള്‍ കൂടിച്ചേരുന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇറ്റലി, ചൈന തുടങ്ങിയ മറ്റ് മിക്ക രാജ്യങ്ങളിലും ഇത്തരം കര്‍ശനമായ സാമൂഹിക അകലം പാലിച്ച് ഒരു മാസത്തിനുശേഷം അതിന്റെ ഗുണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നെങ്കിലും ഇന്ത്യയില്‍ ഇക്കാര്യത്തില്‍ സ്ഥിതി അത്രയും ആശ്വാസകരമല്ല.

രാജ്യത്ത് കോവിഡ് കേസുകള്‍ രേഖീയ വേഗതയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞു. ആരോഗ്യം, സമ്പദ്വ്യവസ്ഥ തുടങ്ങി എല്ലാ ഘടകങ്ങളും മനസ്സില്‍ വച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ആലോചിച്ച് കുറച്ചുകാലം ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടെന്നാണ് തന്റെ നിരീക്ഷണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it