തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ തന്ത്രവുമായി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ മലേഷ്യക്കു പിന്നാലെ പാകിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിക്കെതിരെയും ഇറക്കുമതി നിയന്ത്രണ സമ്മര്‍ദ്ദവുമായി ഇന്ത്യ. തുര്‍ക്കിയില്‍ നിന്നെത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധത്തില്‍ കരിനിഴല്‍ വീഴാന്‍ കാരണമാകുമെന്ന നിരീക്ഷണവും ഇതിനിടെ ശക്തം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും പിന്നാലെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ എന്നിവര്‍ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലും വലിയ വര്‍ധനവുണ്ടായിരുന്നു.

ജി -20 രാജ്യങ്ങള്‍ എന്ന നിലയില്‍ തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ പുതിയ ശക്തി കൈവന്നതായി അങ്കാറയില്‍ നടന്ന 'ഇന്‍വെസ്റ്റ് ഇന്‍ ഇന്ത്യ' പരിപാടിയില്‍ സംസാരിക്കവേ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.ഉഭയകക്ഷി വ്യാപാരം 22 % വര്‍ധിച്ച് 2018 ല്‍ 8.6 ബില്യണ്‍ ഡോളറിലെത്തി. 2020 ഓടെ 10 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണു ലക്ഷ്യമിടുന്നതെന്നും ഭട്ടാചാര്യ നടത്തിയ പ്രഖ്യാപനത്തിന#റെ ഗതി എന്താകുമെന്ന ചോദ്യം ഉയരുന്നുണ്ട്.

പാമോയില്‍ ഇറക്കുമതിക്ക് നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയതു കൂടാതെ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഭക്ഷ്യ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയായിരുന്നു പാമോയിലിന്റെ ഏറ്റവും പ്രധാന വിതരണക്കാര്‍.

ഇന്ത്യയിലെ പാമോയില്‍ വിതരണക്കാരോട് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.ഇന്തോനേഷ്യക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം, അലൂമിനിയം കട്ടികള്‍, ദ്രവരൂപത്തിലുള്ള പ്രകൃതി വാതകം, കംപ്യൂട്ടര്‍ പാര്‍ട്സ്, മൈക്രോപ്രൊസസര്‍ എന്നിവയ്ക്ക് കൂടി നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it