ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 12

1. ആദായനികുതി കുടിശ്ശിക: പ്രോസിക്യൂഷന്‍ മാനദണ്ഡങ്ങളില്‍ സിബിഡിടിയുടെ ഇളവ്

ടിഡിഎസ് നിക്ഷേപിക്കുന്നതില്‍ കാലതാമസം വരുത്തുക, നികുതി റിട്ടേണിലെ വരുമാനം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, ഐ-ടി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക എന്നിവയുടെ പേരില്‍ ആദായനികുതി കുടിശ്ശിക വരുത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഇളവ് ചെയ്തു. ടിഡിഎസ് അടയ്ക്കാത്ത കേസുകളില്‍ തുക 25 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കിലും കാലതാമസം 60 ദിവസത്തില്‍ കുറവാണെങ്കിലും സാധാരണ സാഹചര്യങ്ങളില്‍ പ്രോസിക്യൂഷനുണ്ടാകില്ല.

2. മോട്ടോര്‍ വാഹന നിയമത്തില്‍ ഉയര്‍ന്ന പിഴ; നിയമത്തോട് ഭയവും ബഹുമാനവും ഉണ്ടാക്കാനാണെന്ന് നിതിന്‍ ഗഡ്കരി

പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ഉയര്‍ന്ന പിഴ നിശ്ചയിച്ചത് നിയമത്തോട് ഭയവും ബഹുമാനവും ഉണ്ടാക്കാനാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള പദ്ധതിയല്ല ഇതെന്നും മറിച്ച് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

3. മലയാളികള്‍ ഹോട്ടലുകളില്‍ ഓണമുണ്ടത് 100 കോടി രൂപയ്ക്ക്

പത്തു ലക്ഷത്തോളം ആളുകള്‍ ഇത്തവണ തിരുവോണത്തിന് സദ്യയുണ്ടത് ഹോട്ടലുകളില്‍ നിന്നെന്ന് കണക്ക്. ഓണത്തിന് ഒരാഴ്ച മുമ്പ് ഹോട്ടലുകളില്‍ നിന്ന് ഓണസദ്യയ്ക്കായി മലയാളി ചെലവിട്ടത് 50 കോടി രൂപയാണ്. കാറ്ററിംഗ് സ്ഥാപനങ്ങളുടെ കണക്കുകള്‍ കൂടി നോക്കിയാല്‍ ഇത് 100 കോടി രൂപയാണ്.

4. ചൈനീസ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള പുതിയ തീരുമാനം ട്രംപ് അവധിക്കു വച്ചു

ഒക്ടോബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 15 വരെ 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതിയുടെ തീരുവ വര്‍ധിപ്പിക്കാന്‍ നേരത്തെ എടുത്ത തീരുമാനം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ചരക്കുകളുടെ താരിഫ് 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനാണു തീരുമാനിച്ചിട്ടുള്ളത്.

5. ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു

ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു. ഇതുവഴി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകള്‍ക്ക് ധനകാര്യ സേവനം ലഭ്യമാകും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it