ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍

ഫോര്‍ബ്‌സ് ഏഷ്യ മാഗസിന്‍ പുറത്തിറക്കിയ ഏഷ്യയിലെ ഏറ്റവും ശക്തരും കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും നേതൃമികവിലൂടെ സംരംഭം വളര്‍ത്തയവരുമായ വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വനിതകള്‍ സ്ഥാനം പിടിച്ചു. മലയാളിയും ബൈജൂസ് ആപ്പിന്റെ സ്ഥാപകനുമായ ബൈജു രവീന്ദ്രന്റെ ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥ്, എച്ച് സി എല്ലിന്റെ ചെയര്‍പേഴ്‌സണ്‍ റോഷിണി നാടാര്‍, മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്റ്റര്‍ അമീറ ഷാ, വിനതി ഓര്‍ഗാനിക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിനതി സറഫ് മുട്രേജ എന്നിവരാണ് 25 പേരടങ്ങുന്ന പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യം.
പ്രമുഖ ടെക്‌നോക്രാറ്റ് ശിവ നാടാര്‍ 1976 ല്‍ തുടക്കമിട്ട എച്ച്‌സിഎല്ലിന്റെ സാരഥ്യം വഹിക്കുകയാണിപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ റോഷിണി നാടാര്‍. യുകെയിലെ പ്രമുഖ സ്ഥാപനത്തില്‍ നിന്ന് ന്യൂസ് പ്രൊഡ്യൂസര്‍ ജോലി രാജി വെച്ച് 27 ാം വയസ്സിലാണ് റോഷിണി എച്ച്‌സിഎല്ലില്‍ എത്തുന്നത്. ഈ വര്‍ഷം ജൂലൈയില്‍ 8.9 ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള എച്ച്‌സിഎല്ലിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരു ലിസ്റ്റഡ് ഐറ്റി കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയെന്ന നേട്ടവും 38 കാരിയായ റോഷിണി കൈവരിച്ചു.

ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ സഹസ്ഥാപകയായി ഒരു ദശാബ്ദം മുമ്പാണ് ദിവ്യ ഗോകുല്‍നാഥ് (34) സംരംഭകയായത്. വ്യാപകമായതോടെ ബൈജൂസ് ആപ്പിന്റെ സ്വീകാര്യത പതിന്മടങ്ങ് വര്‍ധിക്കുകയും വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ സൗജന്യം സേവനം നല്‍കിയ ബൈജൂസ് ആപ്പ് ഉപഭോക്താക്കളുടെ എണ്ണം ഏഴു കോടിയായി വര്‍ധിപ്പിച്ചിരുന്നു.

88.15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മെട്രോപൊളിസ് ഹെല്‍ത്ത് കെയറിന്റെ മാനേജിംഗ് ഡയറക്റ്ററാണ് 41 കാരിയായ അമീറ ഷാ. ലബോറട്ടറി നടത്തുകയായിരുന്ന പിതാവിന്റെ സംരംഭത്തില്‍ കസ്റ്റമര്‍ സര്‍വീസ് മേഖല കൈകാര്യം ചെയ്ത് തുടങ്ങിയ അമീറ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇന്ത്യയിലെ 210 നഗരങ്ങളിലായി 125 ക്ലിനിക്കല്‍ ലാബുകള്‍ ഇപ്പോള്‍ മെട്രോപൊളിസ് ഹെല്‍ത്ത്‌കെയറിനുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. കോവിഡ് 19 ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് മെട്രോപൊളിസ്.

പിതാവിന്റെ ഉടമസ്ഥതയിലുള്ള വിനതി ഓര്‍ഗാനിക് ലിമിറ്റഡിന്റെ (വിഒഎല്‍) എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് വിനതി സറഫ് മുട്രേജ സംരംഭകയാകുന്നത്. കഴിഞ്ഞ പതിനാലു വര്‍ഷം കൊണ്ട് കമ്പനിയുടെ വിപണി മൂല്യം 500 മടങ്ങും വില്‍പ്പന 16 മടങ്ങും വര്‍ധിച്ചുവെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2006 ല്‍ 66 കോടി രൂപയായിരുന്നു അറ്റാദായമെങ്കില്‍ 2020 ആയപ്പോള്‍ അത് ആയിരം കോടിയിലെത്തുകയും ചെയ്തു. വിനതി സംരംഭത്തിലെത്തുമ്പോള്‍ ആഭ്യന്തര വിപണിയില്‍ മാത്രമായിരുന്നു വിഒഎല്‍ ശ്രദ്ധയൂന്നിയിരുന്നത്. ഇന്ന് വില്‍പ്പനയുടെ 75 ശതമാനവും കയറ്റുമതിയിലൂടെയാണ്. രണ്ടു വര്‍ഷം മുമ്പാണ് വിനതി സറഫ് മുട്രേജ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തെത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it