ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം ചൈനയ്ക്ക് തിരിച്ചടിയാകുന്നു

തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചൈനയ്ക്കുള്ള സ്വാധീനശക്തിയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന അസ്ട്രാസെനേകയുടെ ലക്ഷക്കണക്കിന് സൗജന്യ വാക്‌സിന്‍ ഡോസുകള്‍ വരും ആഴ്ചകളില്‍ മാലി ദ്വീപുകള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ എത്തും.

ലോകമെമ്പാടും കോവിഡ്19ന് എതിരായ പോരാട്ടം ഒരു വര്‍ഷം ആകുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ എത്തുന്നത് ഈ രാജ്യങ്ങളില്‍നിന്നും അഭിനന്ദനമേറ്റു വാങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് പുനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്.

മാലി ദ്വീപുകള്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ വാക്‌സിനുകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. മ്യാന്‍മാറിലേക്കും സീഷെല്‍സിലേക്കുമുള്ള വാക്‌സിനുകള്‍ ഉടന്‍ എത്തും.

ലോകമെമ്പാടും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തുന്നതിന് ഇന്ത്യ പതിറ്റാണ്ടുകളായി വാക്‌സിന്‍, മരുന്ന് നയതന്ത്രം ഉപയോഗിക്കുന്നുണ്ട്. ലോകത്തേറ്റവും കൂടുതല്‍ ജനറിക് മരുന്നുകളുടെ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ശക്തിയാണ് ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നത്.

സൗജന്യമായി വാക്‌സിന്‍ നല്‍കി ഇന്ത്യ നല്ല മനസ്സ് കാണിച്ചിരിക്കുകയാണെന്ന് നേപ്പാള്‍ ആരോഗ്യ, ജനസംഖ്യ മന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു.

നേപ്പാളില്‍ ചൈന രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം വര്‍ദ്ധിക്കുകയും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വഷളാകുകയും ചെയ്തിരിക്കുന്ന അന്തരീക്ഷത്തിലാണ് രാജ്യത്തേക്ക് ഇന്ത്യയുടെ വകയായി സൗജന്യ കോവിഡ് വാക്‌സിന്‍ എത്തുന്നത്.

അതേസമയം, തങ്ങളുടെ സൈനോഫാം വാക്‌സിനുകള്‍ക്കുള്ള നേപ്പാളിന്റെ അനുമതിക്കായി ചൈന കാത്ത് നില്‍ക്കുകയാണ്. മഹാമാരിയെ തടയുന്നതിന് നേപ്പാളിന് സഹായം നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അനുമതി നല്‍കുന്നതിനായി കൂടുതല്‍ രേഖകളും വിവരങ്ങളും കൈമാറാന്‍ നേപ്പാള്‍ ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് നേപ്പാളിലെ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ വക്താവായ സന്തോഷ് കെ സി പറഞ്ഞു.

ചൈനീസ് കമ്പനിയായ സൈനോവാക് ബയോടെക്കില്‍ നിന്നും വാക്‌സിന്റെ 1,10,000 ഡോസുകള്‍ ബംഗ്ലാദേശിന് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ചെലവില്‍ ഒരു പങ്ക് ബംഗ്ലാദേശ് വഹിക്കണമെന്ന നിബന്ധനയ്ക്കുമേല്‍ കുടുങ്ങി ഈ നീക്കം തടസ്സപ്പെട്ടു.
ബംഗ്ലാദേശ് ആകട്ടെ ഇന്ത്യയുടെ അടിയന്തര സഹായം തേടി. ഇന്ത്യ അസ്ട്രാസെനേകയുടെ രണ്ട് മില്ല്യണ്‍ ഡോസുകള്‍ സൗജന്യമായി നല്‍കി.

നിലവിലുള്ള റഫ്രിജറേഷന്‍ സൗകര്യങ്ങളില്‍ ഈ വാക്‌സിന്‍ സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുമെന്നത് അസ്‌ട്രോസെനേകയെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ പ്രിയപ്പെട്ടതാക്കുന്നു. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരില്ല. ഈ സൗകര്യം ബംഗ്ലാദേശിനെ പോലുള്ള രാജ്യങ്ങള്‍ക്കുണ്ടെന്ന് ബംഗ്ലാദേശിലെ ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ഈ മാസം അവസാനത്തോടെ അഞ്ച് ലക്ഷം ഡോസുകള്‍ നല്‍കാമെന്ന് ചൈന വാഗ്ദാനം ചെയ്തതിന് പാകിസ്താന്‍ നന്ദി പറഞ്ഞിട്ടുണ്ട്.

ശ്രീലങ്ക, നേപ്പാള്‍, മാലി ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന വര്‍ഷങ്ങളായി ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങളും റോഡുകളും വൈദ്യുത ഉല്‍പാദന സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിനായി നിക്ഷേപം നടത്തി വരികയാണ്. എന്നാല്‍, ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന ഈ രാജ്യങ്ങള്‍ക്ക് സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിന് കോവിഡ് വാക്‌സിന്‍ അത്യാവശ്യമാണ്. ഈ സാഹചര്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.

12 മില്ല്യണ്‍ മുതല്‍ 20 മില്ല്യണ്‍ വാക്‌സിനുകളാണ് അടുത്ത മൂന്ന് നാല് ആഴ്ചകളിലായി അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്നത്.

വാക്‌സിന്‍ വിതരണം കൂടാതെ ഈ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും വാക്‌സിന്‍ വിതരണം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിനും ഇന്ത്യ സഹായിക്കുന്നു.

അയല്‍പക്കമാദ്യം എന്ന നയത്തിന്റെ ഭാഗമായുള്ള ആസൂത്രിതമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ശാസ്ത്രത്തിലും ഫാര്‍മയിലും ഇന്ത്യയ്ക്കുള്ള ശക്തിയാണ് ഇപ്പോള്‍ പ്രകടമാകുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it