നിരക്കുകളുയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍

റെയില്‍വേ യാത്രാ നിരക്കും ചരക്ക് ഗതാഗത നിരക്കും വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യാത്രക്കാരുടെയും, ചരക്ക് ഗതാഗതത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനമെന്നും കൂടുതല്‍ പുതിയ ട്രെയിനുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റിസര്‍വേഷന്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമായി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

റെയില്‍വെ യാത്രാ ടിക്കറ്റുകളിലടക്കം നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കഴിഞ്ഞ ദിവസം ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോ മീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കമെന്നായിരുന്നു വാര്‍ത്ത.

റെയില്‍വെയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് മുന്നോടിയായി സ്വകാര്യ ട്രെയിനുകള്‍ക്ക് യോഗ്യമായ പാതകളും റെയില്‍വെ കണ്ടെത്തിയിട്ടുണ്ട്. 100 പാതകളില്‍ 150 സ്വകാര്യ ട്രെയിനുകളാകും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സര്‍വീസുകള്‍ നടത്തുക.

സ്വകാര്യവത്ക്കരണത്തിലൂടെ കമ്പനികള്‍ക്ക് പൂര്‍ണമായ നിയന്ത്രണമാകും റെയില്‍വെ നല്‍കുക. യാത്രാക്കൂലി, ജോലിക്കാരുടെ വേതനം എന്നിവ നിശ്ചയിക്കാനുള്ള അധികാരം റെയില്‍വെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it