തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് 7.78 ശതമാനം

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനമായി ഉയര്‍ന്നു.സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ ആഘാതം മൂലം തൊഴിലില്ലായ്മയില്‍ കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. ജനുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.16 ശതമാനമായിരുന്നു.

2019 ലെ അവസാന മൂന്ന് മാസത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. കൊറോണ വൈറസ് ബാധയുടെകൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലിനിടയിലാണ് തൊഴിലില്ലായ്മ വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കും വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 7.37 ശതമാനമായാണ് ഫെബ്രുവരിയില്‍ ഉയര്‍ന്നത്. ജനുവരിയില്‍ 5.97 ശതമാനമായിരുന്നു.എന്നാല്‍ നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.71 ശതമാനമായി വര്‍ധിച്ചത്.

അടിസ്ഥാന മേഖലകളിലെ ആത്മവിശ്വാസ വര്‍ദ്ധന, കോര്‍പ്പറേറ്റ് നികുതി നിരക്കിലെ ഇളവ് , സര്‍ക്കാര്‍ ചെലവുകളുടെ ഉയര്‍ത്തല്‍ എന്നിവയുടെ ഫലമായി വളര്‍ച്ച ക്രമേണ മെച്ചപ്പെടുമെന്ന് വിശകലന വിദഗ്ധര്‍ നേരത്തെ പ്രതീക്ഷിച്ചെങ്കിലും തൊഴിലില്ലായ്മ നിരക്ക് താഴുന്നത് നല്ല സൂചനകളല്ല തരുന്നത്. ജനുവരിയില്‍ പണപ്പെരുപ്പം അഞ്ചര വര്‍ഷത്തിലെ കൂടിയ നിരക്കായ 7.59 ശതമാനമായി ഉയര്‍ന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് ഇനിയും വെട്ടിക്കുറയ്ക്കില്ലെന്ന നിഗമനവും ഈ കണക്കുകളില്‍ അനുകൂല മാറ്റമുണ്ടാക്കാനുതകുന്നതല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it