ജിഡിപി വളര്‍ച്ചാ നിരക്ക് 5 ശതമാനം വരില്ലെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ്

കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട ഉത്തേജക നടപടികളുടെ സദ്ഫലങ്ങള്‍ സമ്പദ് വ്യവസ്ഥയിലേക്ക് കടന്നുചെല്ലാന്‍ കാലതാമസമെടുക്കുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 5 ശതമാനത്തില്‍ താഴെയാകുമെന്നാണ് പ്രവചനം.

രാജ്യത്തെ നിര്‍മ്മാണ മേഖലയും കാര്‍ഷിക മേഖലയുമെല്ലാം ഇപ്പോള്‍ മോശം കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഈ അന്താരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഏജന്‍സി ചൂണ്ടിക്കാട്ടി.ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4.8 ശതമാനമായി കുറഞ്ഞത് കഴിഞ്ഞ വര്‍ഷത്തെ 7.5 ശതമാനത്തില്‍ നിന്നാണ്.

ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണം.പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളിലെ ഉയര്‍ന്ന നിരക്കിലുള്ള വായ്പാ തിരിച്ചടവു വീഴ്ച പുതിയ വായ്പയ്ക്ക് തടസ്സമുണ്ടാക്കുന്നത് സാമ്പത്തിക മേഖലയിലെ ദുര്‍ബലതകയ്ക്ക് ആക്കം കൂട്ടുന്നു.

വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷനില്‍ (ജിഎഫ്‌സിഎഫ്) അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടിവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ഐഎച്ച്എസ് മാര്‍ക്കിറ്റ് ചൂണ്ടിക്കാട്ടുന്നത്.ബാങ്ക് ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തുന്ന പ്രക്രിയ മന്ദഗതിയിലാണ്.

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യന്‍ വാഹനമേഖല പ്രതിസന്ധിയിലായി. സെപ്റ്റംബറില്‍ ഉത്പാദനം 24.8 ശതമാനം കുറഞ്ഞു. ഉല്‍പാദന, വിതരണ വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. നിര്‍മാണമേഖലയുടെ വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ 3.3 ശതമാനമായി കുറഞ്ഞു. ജൂണ്‍ പാദത്തില്‍ ഇത് 5.7 ശതമാനമായിരുന്നു.ഇതിനിടെ സ്വകാര്യ ഉപഭോഗ വളര്‍ച്ച മുന്‍ പാദത്തെ അപേക്ഷിച്ച് നേരിയ തോതില്‍ വര്‍ധിച്ചത് പ്രതീക്ഷ പകരുന്നുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ 5.1 ശതമാനമായാണ് താഴ്ത്തിയത്. നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു.റിസര്‍വ് ബാങ്ക് 2019-20 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കഴിഞ്ഞയാഴ്ച കുറച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it